തിരുവനന്തപുരം : അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടാത്തവര്‍ കേരളത്തിലേക്ക് കടന്നതായി സൂചന. കേരളത്തിലെ ഫാമുകള്‍ കേന്ദ്രീകരിച്ച് പോലീസ് ഇന്റലിജെന്‍സ് അന്വേഷണം ആരംഭിച്ചു. അന്തിമ പട്ടികയില്‍ കടക്കാത്തവര്‍ സംസ്ഥാനത്തേയ്‌ക്ക് കടന്നതായി കേന്ദ്ര ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തെരച്ചില്‍.
സംസ്ഥാനത്തെ കോഴി, പന്നി ഫാമുകള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പരിശോധന. ഇത്തരം ഫാമുകളില്‍ കൂടുതലായി അസം സ്വദേശികളാണെന്നാണതിനാലാണ് ഇവ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. ഇവിടെ അടിയന്തിര വിവര ശേഖരണവും ആരംഭിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെത്തിയ അസം സ്വദേശികള്‍ക്കൊപ്പം ബംഗ്ലാദേശില്‍ നിന്നുള്ള ചില ഭീകരവാദ സ്വഭാവമുള്ളവരും ഉള്‍പ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അസം ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമപട്ടിക പുറത്തുവിട്ടപ്പോല്‍ 19,06,657 പേര്‍ അതില്‍ നിന്നും പുറത്തായിട്ടുണ്ട്. ഒഴിവാക്കപ്പെട്ടവര്‍ക്ക് പരാതി നല്‍കുന്നതിന് 1000 ട്രിബ്യൂണലുകളും കേന്ദ്ര സര്‍ക്കാര്‍ സജ്ജമാക്കി കഴിഞ്ഞു. ഇത് വഴിയും പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ അവര്‍ക്ക് കോടതിയെ സമീപിക്കാം. ഈ നിയമ നടപടികളും തീരുന്നതുവരെ ആര്‍ക്കെതിരേയും നടപടി സ്വീകരിക്കില്ലെന്നാണു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
















