വിട, ഓമനയായ സുജിത്; രാജ്യം ഒന്നടങ്കം അവനുവേണ്ടി പ്രാര്‍ഥിച്ചിട്ടും ഫലമുണ്ടായില്ലല്ലോ. ജീവിതത്തിനും മരണത്തിനുമിടയിലെ ഭൂഗര്‍ഭ അറയില്‍ ശ്വാസംമുട്ടി ആ രണ്ടര വയസ്സുകാരന് ഇക്കാണായ ലോകത്തുനിന്ന് യാത്രയായി. തിരുച്ചിറപ്പള്ളിയിലെ കണ്ണീര് രാജ്യമൊന്നാകെ ഏറ്റെടുത്ത് അവന്റെ മാതാപിതാക്കള്‍ക്ക് സാന്ത്വനം പകരുകയാണ്. ജീവന് പകരംവെക്കാന്‍ ഒന്നുമാവില്ലെങ്കിലും നെഞ്ചുപൊട്ടിക്കരയുന്ന അവര്‍ക്കായി പ്രാര്‍ഥനയുടെ സ്വാസ്ഥ്യം പകരാം. കുഴല്‍കിണറില്‍ വീണുള്ള അപകടങ്ങള്‍ കേരളത്തില്‍ കുറവാണെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇടക്കിടെ കേള്‍ക്കുന്നുണ്ട്. വലിയ കൃഷിയിടങ്ങളും ഫാം ഹൗസും ഒക്കെയുള്ളിടങ്ങളില് കുഴല്‍കിണറുകള്‍ വ്യാപകമാണ്. വെള്ളം കിട്ടാതെ വരുമ്പോള്‍ ഇവ മൂടാതെ അലക്ഷ്യമായി ഇടുന്ന പ്രവണതയാണ് അപകടത്തിന് മുഖ്യ കാരണം. ജാഗ്രതാപൂര്ണമല്ലാത്ത സമീപനത്തിന് വിലകൊടുക്കേണ്ടി വരുന്നത് കുരുന്നുജീവനാണ്.
കണ്ണിനുമുമ്പില് അപകടം വായ പിളര്ന്നുനില്ക്കുമ്പോഴും പുലര്‍ത്തുന്ന അലസമായ നിസ്സംഗതയാണ് പലദുരന്തങ്ങള്‍ക്കും കാരണം. ഇത്തരം അപകടസ്ഥലങ്ങളില്‍ കുട്ടികള്‍ കളിക്കുന്നത് തടയാന്‍ കഴിയണം. അപകടകരമായി നില്ക്കുന്ന കുഴല്‍കിണറുകള്‍ മൂടിവെക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. പലപ്പോഴും ഭൂവുടമകള്‍ തങ്ങളുടെ സ്ഥലത്ത് ഇത്തരം കിണറുകള്‍ കുഴിക്കുകയും ഉപയോഗശൂന്യമായവ അങ്ങനെതന്നെ ഇടുകയുമാണ് പതിവ്. പണിക്കെത്തുന്നവരുടെ കുട്ടികള്‍ അപകടത്തില്‍ പെടുകയും ചെയ്യുന്നു. ജാഗ്രതക്കുറവുകൊണ്ട് ഉണ്ടാകുന്ന ഇത്തരം ദുരന്തങ്ങള്‍ക്കുനേരെ അധികൃതര്‍ കണ്ണടയ്ക്കുന്ന സമീപനം മാറ്റിയേ പറ്റൂ. കുഴല്‍കിണറുകള്‍ക്ക് യുക്തമായ മാനദണ്ഡങ്ങള്‍ ഉണ്ടാവണം. ഉപയോഗശൂന്യമായവ മൂടി സുരക്ഷിതമാക്കിയെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ പുതിയത് കുഴിക്കാന്‍ അനുമതി നല്‍കാവൂ. അപകടത്തിനുശേഷം വേണ്ടിവരുന്ന രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ളവയ്ക്കായി ഭീമമായ ചെലവും മനുഷ്യാധ്വാനവും വിനിയോഗിക്കപ്പെടുന്നതിന്റെ നൂറിലൊരംശം ജാഗ്രതയും മേല്‍നോട്ടവുമുണ്ടെങ്കില്‍ ദുരന്തമൊഴിവാക്കാം.
കുഴല്‍കിണര്‍ ദുരന്തങ്ങള്‍ ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്തിട്ടും കര്‍ശന നടപടികളില്ലാത്തത് വല്ലാത്ത അസ്വസ്ഥതയാണുണ്ടാക്കുന്നത്. കുഞ്ഞുമക്കള്‍ മരണത്തിന്റെ ആഴങ്ങളിലേക്ക് പോവുന്നത് ആര്‍ക്കാണ് സഹിക്കാനാവുക? ചിത്രശലഭങ്ങളെപോലെ പാറി നടക്കേണ്ടവര്‍ മറ്റുള്ളവരുടെ നോട്ടക്കുറവുകൊണ്ട് പ്രാണന് വെടിയുമ്പോള്‍ സമൂഹവും ഭരണകൂടവുമല്ലേ കുറ്റവാളികള്‍? ഈ സ്ഥിതി മാറേണ്ടതല്ലേ? നാടിന്റെ ഭാവിഭാഗധേയം നിശ്ചയിക്കേണ്ടവരല്ലേ അകാലത്തില്‍ ഇങ്ങിനിവരാത്തവണ്ണം നമ്മില്‍നിന്ന് പറന്നകലുന്നത്.
തിരുച്ചിറപ്പള്ളിയിലെ സുജിത് ഇത്തരം സംഭവത്തിലെ അവസാന രക്തസാക്ഷിയാവണം. ഇനിയൊരു കുരുന്നിന് ഇത്തരം ദുര്‍ഗതിയുണ്ടാവരുത്. അതിന് ശക്തമായ നടപടികളുമായി ഭരണകൂടം തന്നെ മുന്നോട്ടുവരണം. പശ്ചാത്താപത്തിന്റെ വേദന ഉള്ളില്‍ നിറച്ചുകൊണ്ട് വേണം നടപടികളുമായി മുന്നോട്ടുപോകാന്‍. ഓരോ സംസ്ഥാനവും ഇക്കാര്യത്തില്‍ കാര്യക്ഷമമായ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ഇക്കാര്യത്തില്‍ നിസ്സംഗ മനോഭാവം സ്വീകരിക്കരുത്. അങ്ങനെയായാല്‍ വളര്‍ന്നുവരുന്ന തലമുറയോടുള്ള കൊടും പാതകമാവും. അങ്ങനെ ഉണ്ടാകാതിരിക്കട്ടെ. സുജിത്തിന്റെ രക്ഷിതാക്കളുടെ മനോവേദന ഏറ്റെടുക്കുകയും സാന്ത്വനിപ്പിക്കുകയും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും വേണം. അതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ കാലവിളംബമില്ലാതെ ചെയ്യുന്നതിനാവണം മുന്‍ഗണന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: