മുംബൈ: അടുത്ത അഞ്ചുവര്‍ഷവും മഹാരാഷ്‌ട്ര ബിജെപി ഭരിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. ശിവസേനയുടെ വിലപേശല്‍ തള്ളിയാണ് അദേഹം ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പദം രണ്ടര വര്‍ഷം വീതം പങ്കുവെക്കുമെന്ന് ഒരിക്കലും ശിവസേനയ്‌ക്ക് ഉറപ്പ് നല്‍കിയിട്ടില്ലെന്നും ഫട്‌നാവിസ് വ്യക്തമാക്കി.
അടുത്തയാഴ്ച സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും. നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ബുധനാഴ്ച നിയമസഭാ പാര്‍ട്ടി യോഗം ചേരുമെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ നേതൃത്വത്തില്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ’50:50 സമവാക്യം’ നിഷേധിച്ചെങ്കിലും ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കാമെന്നും ഫട്‌നാവിസ് വ്യക്തമാക്കുന്നു. എന്നാല്‍, ഉപമുഖ്യമന്ത്രി പദത്തിലും സര്‍ക്കാരിലും തുല്യ അധികാരം രേഖാമൂലം ഉറപ്പു തന്നാല്‍ മാത്രമേ സഖ്യം ഉള്ളൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ശിവസേന.
എന്നാല്‍, പുതുതായി തിരഞ്ഞെടുക്കപ്പെട്ട 45 ശിവസേനാ എംഎല്‍എമാര്‍ ബിജെപിക്കൊപ്പം സര്‍ക്കാര്‍ രൂപീകരിക്കാന്‍ താല്‍പര്യമുള്ളവരാണെന്നു ബിജെപി എംപി സഞ്ജയ് കാക്കഡെ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 105 സീറ്റും സേന 56 സീറ്റുമാണു നേടിയത്. കഴിഞ്ഞ സര്‍ക്കാരിലും സമാനമായ സാഹചര്യമാണ് ശിവസേന നേരിട്ടത്. ശിവസേനയുടെ അന്തിമ നിലപാട് പാര്‍ട്ടി പ്രസിഡന്റ് ഉദ്ധവ് താക്കറെ വ്യക്തമാക്കുമെന്ന് മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. ഫട്‌നാവിസ് നിലപാട് വ്യക്തമാക്കിയതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
















