ന്യൂദല്‍ഹി: ഗുരു നാനാക്കിന്റെ 550ാം ജന്മദിനത്തോടനുബന്ധിച്ച് ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തില്‍ ‘ഏക് ഓംകാര്‍’ ചിഹ്നം വരച്ച് ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ. ശ്രീ ഗുരു നാനാക് ദേവന്റെ 550ാമത്തെ ജന്മദിനത്തില്‍ ചരിത്രപരമായ ആഘോഷങ്ങളുടെ ഭാഗമായി എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ വാലില്‍ വരച്ച ഏക് ഓങ്കറിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്.
ഏക് ഓംകാര്‍ അഥവ ദൈവം ഒന്നാണ് എന്ന് അര്‍ത്ഥമുള്ള സിഖ് മതത്തിന്റെ ഈ ചിഹ്നം ലോകമെമ്പാടുമുള്ള ഗുരുദ്വാരകളില്‍ കാണപ്പെടുന്നു. എയര്‍ ഇന്ത്യയുടെ ടോപ്പ് എന്‍ഡ് മോഡലുകളില്‍ ഒന്നാണ് ബോയിംഗ് 787 ഡ്രീംലൈനര്‍. ദീര്‍ഘദൂര റൂട്ടുകളിലാണ് ഇവ ഉപയോഗിക്കുന്നത്. അമൃത്സറില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ട് വിമാനം വേണമെന്ന ആവശ്യം നടപ്പിലാക്കാന്‍ നല്ല അവസരമാണിതെന്നും എയര്‍ ഇന്ത്യ സിഎംഡി അശ്വനി ലോഹാനി പറഞ്ഞു.

ലോകമെമ്പാടും സര്‍വീസ് നടത്തുന്ന വിമാനത്തിന്റെ പുതിയ ബോഡി വിദേശീയരെ ആകര്‍ശിക്കുമെന്നും അതിലൂടെ വിനോദയാത്രയെ പ്രോത്സാഹിപ്പിക്കാനും ഭാരതത്തിന്റെ സംസ്‌കാരം പ്രചരിപ്പിക്കാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബര്‍ 31 ന് അമൃത്സറില്‍ നിന്ന് യുകെയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുമെന്നും അശ്വനി ലോഹാനി.
















