ന്യൂദല്‍ഹി: ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവില്‍ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവച്ചു. നവംബര്‍ 18ന് ബോബ്‌ഡെ സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നതിനെ തുടർന്നാണ് പുതിയ നിയമനം. നവംബര്‍ 17ന് രഞ്ജന്‍ ഗോഗോയ് വിരമിക്കും. 13 മാസത്തോളം ഗെഗോയ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിരുന്നു. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ അരവിന്ദ് ബോബ്‌ഡെയുടെ പേര് ശുപാര്‍ശ ചെയ്തത് ഗോഗോയിയാണ്.
ജസ്റ്റിസ് ബോബ്‌ഡെ:
നാഗ്പൂരില്‍ ജനിച്ച 63 കാരനായ ബോബ്‌ഡെ പ്രശസ്ത അഭിഭാഷകരുടെ കുടുംബത്തിലെ അംഗമാണ്. അദ്ദേഹത്തിന്റെ പിതാവ് അരവിന്ദ് ബോബ്‌ഡെ മഹാരാഷ്‌ട്രയിലെ മുന്‍ അഡ്വക്കേറ്റ് ജനറലായിരുന്നു. സഹോദരന്‍ സുപ്രീം കോടതിയില്‍ അഭിഭാഷകനായിരുന്നു.
1968 ല്‍ മുഹമ്മദ് ഹിദായത്തുല്ലയ്‌ക്ക് ശേഷം നാഗ്പൂരിലെ ബാര്‍ അസോസിയേഷനില്‍ നിന്ന് ഈ സ്ഥാനത്തെക്കെത്തുന്ന രണ്ടാമനാണ് ജസ്റ്റിസ് ബോബ്‌ഡെ. 2000ല്‍ അഡീഷണല്‍ ജഡ്ജിയായി ബോംബെ ഹൈക്കോടതിയില്‍ ചേര്‍ന്ന ജസ്റ്റിസ് ബോബ്‌ഡെയെ 2012 ഒക്ടോബറില്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ 39-ാമത് ചീഫ് ജസ്റ്റിസായി. 2013 ഏപ്രിലില്‍ ജസ്റ്റിസ് കബീര്‍ അദ്ദേഹത്തെ സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു.
സുപ്രധാനമായ വിധിന്യായങ്ങള്‍ നല്‍കിയ സുപ്രീം കോടതി ബെഞ്ചുകളുടെ ഭാഗമാണ് ജസ്റ്റിസ് ബോബ്‌ഡെ. ചീഫ് ജസ്റ്റിസ് ഗെഗോ യിക്കെതിരായ ലൈംഗിക പീഡന ആരോപണമുള്‍പ്പെടെ സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ കേസുകള്‍ കൈകാര്യം ചെയ്ത പാനലിന്റെ ഭാഗവുമായിരുന്നു അദ്ദേഹം.
വിധി കാത്തിരിക്കുന്ന രാമജന്മഭൂമി കേസ് വാദം കേട്ടഅഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമാണ് അദ്ദേഹം. മാര്‍ച്ചില്‍ ജസ്റ്റിസ് ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പടക്കങ്ങള്‍ നിരോധിക്കുകയും അവ മൂലമുണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 2017 ഓഗസ്റ്റില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം സ്വകാര്യതയെ മൗലികാവകാശമായി അംഗീകരിച്ച ഒമ്പത് അംഗ ബെഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം.
ജസ്റ്റിസുമാരായ ബോബ്‌ഡെ, ജസ്തി ചേലമേശ്വര്‍, ചോക്കലിംഗം നാഗപ്പന്‍ എന്നിവരുള്‍പ്പെടെ മൂന്നംഗ സുപ്രീം കോടതി ബെഞ്ച് 2015 ല്‍ ”ആധാര്‍ കാര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ ഒരു വ്യക്തിക്കും ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും കഷ്ടപ്പെടുത്തരുതെന്നും” വിധിച്ചു.
















