കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ നീതിയുക്തമായ അന്വേഷണം നടക്കുന്നില്ലെന്ന് ഹൈക്കോടതി. കുറ്റപത്രത്തിൽ പോരായ്‌മകളുണ്ട്. ജിഐ പൈപ്പ് കൊണ്ട് അടിക്കുമ്പോൾ എങ്ങനെയാണ് മുറിവുണ്ടാകുന്നതെന്നും കോടതി ചോദിച്ചു. കേസിൽ വിശദമായ വാദം കേൾക്കുമെന്ന് വ്യക്തമാക്കിയ കോടതി കേസ് ഡയറി ഹാജരാക്കാൻ പോലീസിനോട് നിർദേശിക്കുകയും ചെയ്തു.
കേസ് സിബിഐക്ക് വിടാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു ഡിവിഷൻ ബെഞ്ച്. സിംഗിൽ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം ഡിവിഷൻ ബെഞ്ച് തള്ളി. കേസ് എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നത്. കേസ് അന്വേഷണം വൈകുന്തോറും തെളിവുകൾ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഡിവിഷൻ ബെഞ്ചിൽ ഇന്ന് സർക്കാരിന് വേണ്ടി ഹാജരായത് മുൻ സോളിസിറ്റർ രഞ്ജിത്ത് കുമാറാണ്. 25 ലക്ഷം രൂപയാണ് പ്രതിഫലമായി സർക്കാർ ഇദ്ദേഹത്തിന് നൽകുക. കേസില്‍ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യമില്ലെന്നും കുറ്റപത്രം സമർപ്പിച്ചതാണെന്നുമാണ് സർക്കാരിന്റെ വാദം. എന്ത് വിലകൊടുത്തും സിബിഐ അന്വേഷണത്തെ എതിർക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.
കേസ് സിപിഎം ആസൂത്രണം ചെയ്തതാകാമെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസിൽ ഉന്നതതല ഗൂഢാലോചന കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാൽ എന്നിവരുടെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചത്.
















