തിരുവനന്തപുരം: മലയിന്‍കീഴ് മാധവകവി സ്മാരക സര്‍ക്കാര്‍ കോളേജില്‍ എസ്എഫ്‌ഐക്കാരുടെ അഴിഞ്ഞാട്ടം. ശനിയാഴ്ച രാത്രിയുണ്ടായ അക്രമത്തില്‍ കോളേജിനു മുന്നിലെ സിസി ടിവിയും ഇംഗ്ലീഷ് വിഭാഗം അധ്യാപകരുടെ മുറിയിലെ ജന്നല്‍ഗ്ലാസും വിദ്യാര്‍ഥികള്‍ എറിഞ്ഞുതകര്‍ത്തു. ഞായറാഴ്ച കോളേജിന് അവധിയായതിനാല്‍ തിങ്കളാഴ്ച രാവിലെ കോളേജ് തുറന്നപ്പോഴാണ് അക്രമം പുറത്തറിഞ്ഞത്.
കഴിഞ്ഞദിവസം കോളേജില്‍ ഹാജര്‍ കുറവായ ഇംഗ്ലീഷ് വിഭാഗത്തിലെ കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനെ ചൊല്ലി കോളേജ് യൂണിയന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായി. തുടര്‍ന്ന് യൂണിയന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ അഞ്ചുപേരെ കോളേജില്‍നിന്നും പുറത്താക്കിയിരുന്നു. പ്രിന്‍സിപ്പാളിന്റെ ഈ നടപടി ചോദ്യംചെയ്ത് വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. എന്നാല്‍ യൂണിവേഴ്സിറ്റി പരീക്ഷ നടക്കുന്ന കോളേജില്‍ തിങ്കളാഴ്ച യൂണിയന്‍ ചെയര്‍മാന്‍ മാപ്പ് എഴുതി നല്‍കി. ഇയാളുടെ സസ്പെന്‍ഷന്‍ ഒഴിവാക്കി പരീക്ഷ എഴുതാന്‍ അനുവദിച്ചു.
നടപടിക്കു വിധേയരായ മറ്റു രണ്ടു കുട്ടികളും മാപ്പ് എഴുതി നല്‍കി. ഇവരുടെയും സസ്പെന്‍ഷന്‍ പ്രിന്‍സിപ്പാള്‍ പിന്‍വലിച്ചു. ഇനി രണ്ടുപേരാണ് നടപടിക്കു വിധേയരായി പുറത്തുള്ളത്. ഇവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു വിഭാഗം കുട്ടികളും ക്ലാസ് ബഹിഷ്‌ക്കരിച്ചു പുറത്തുനില്‍ക്കുന്നുണ്ട്. കോളേജിലെ പരീക്ഷ കനത്ത പോലീസ് സുരക്ഷയിലാണ് നടന്നത്. വിദ്യാര്‍ഥികള്‍ അക്രമാസക്തരായി കോളേജ് പരിസരത്ത് തമ്പടിച്ചിരുന്നു. ഇവരെ തടയാന്‍ പോലീസും സ്ഥലത്ത് റോന്തുചുറ്റുന്നുണ്ട്.
കോളേജിലെ ജന്നല്‍ ഗ്ലാസും സിസി ടിവിയും തകര്‍ത്ത സംഭവത്തില്‍ മലയിന്‍കീഴ് പോലീസ് കേസ്സെടുത്തു. ശനിയാഴ്ച രാത്രി ഏഴരയോടെ ഹെല്‍മറ്റ് ധരിച്ച അക്രമികള്‍ ക്യാമറ തകര്‍ക്കുന്നതിന്റെ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. അക്രമം അഴിച്ചുവിടുകയെന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ക്യാമ്പസിനുള്ളില്‍ കറങ്ങി നടക്കുന്നതായി കോളേജ് അധികൃതര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
















