കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മരിച്ചിട്ടില്ലെന്ന് അറിയാന്‍ കൂടെനിറുത്തി മൊബൈലില്‍ സെല്‍ഫി എടുത്ത് അയയ്‌ക്കാനുള്ള നിര്‍ദ്ദേശത്തില്‍ വിവാദം കൊഴുക്കുന്നു. അംഗന്‍വാടി വര്‍ക്കര്‍മാരെ ഉപയോഗിച്ച് സെല്‍ഫി എടുക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കാസര്‍കോട് ജില്ലയിലെ 11 ഗ്രാമപഞ്ചായത്തുകളിലെ അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കാണ് എന്‍ഡോസള്‍ഫാന്‍ സെല്‍ മുഖാന്തിരം നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. ദുരിതബാധിതരെ അവരുടെ വീടുകളില്‍ സന്ദര്‍ശിച്ചോ അംഗന്‍വാടികളിലേക്ക് വിളിച്ചുവരുത്തിയോ സെല്‍ഫി എടുക്കണമെന്ന അറിയിപ്പിനെ തുടര്‍ന്ന് സ്മാര്‍ട്ട് ഫോണില്‍ വര്‍ക്കര്‍മാര്‍ പലയിടങ്ങളിലും ചെന്ന് സെല്‍ഫി എടുക്കാന്‍ തുടങ്ങി. ഇതോടെ സംഭവം വിവാദമാവുകയാണ്.
അനര്‍ഹര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ടോ എന്ന് കണ്ടെത്താനാണ് സെല്‍ഫി എടുക്കാന്‍ പറഞ്ഞതെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. മരിച്ചു കഴിഞ്ഞതിന് ശേഷവും ദുരിതബാധിതരുടെ കുടുംബം ഉള്‍പ്പെടെ നിരവധി പേര്‍ ആനുകൂല്യം കൈപ്പറ്റുന്നുണ്ടെന്നാണ് അധികൃതരുടെ സംശയം.
ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ അവരുടെ വീടുകളില്‍ പോയി കണ്ടു ക്ഷേമം അന്വേഷിക്കണമെന്നും കൂട്ടത്തില്‍ ഓരോ സെല്‍ഫി എടുത്ത് അയയ്‌ക്കണമെന്നും നിര്‍ദ്ദേശിച്ചുവെന്നുമാണ് എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യുട്ടി കളക്ടര്‍ ഇതേ കുറിച്ച് അന്വേഷിച്ചവരോട് പറഞ്ഞത്.
















