അദ്ധ്യായം മൂന്ന് പാദം നാല്
നാലാം പാദത്തില്‍ 17 അധികരണങ്ങളിലായി 52 സൂത്രങ്ങളുണ്ട്. കേവലമായ ആത്മജ്ഞാനത്താല്‍ മാത്രമേ പുരുഷാര്‍ത്ഥ സിദ്ധിയുണ്ടാകുകയുള്ളൂ എന്ന് സമര്‍ത്ഥിക്കുന്നു. മൂന്നാം പാദത്തില്‍ പരമാത്മ പദപ്രാപ്തിക്ക് കാരണങ്ങളായ വിദ്യകളുടെ വിവരണം കണ്ടു. അവ പലതാണോ സമുച്ചയിക്കാമോ എന്നതും ചര്‍ച്ച ചെയ്തു. നാലാം പാദത്തില്‍ ബ്രഹ്മജ്ഞാനം പരമപുരുഷാര്‍ത്ഥത്തെ നേടാനുള്ള സ്വതന്ത്ര സാധനമാണോ എന്നും അതിന് അന്യസാധനങ്ങളുടെ അപേക്ഷയെക്കുറിച്ചും എതെല്ലാം സാധനങ്ങളെന്നതിനെപ്പറ്റിയും ചര്‍ച്ച ചെയ്യുന്നു.
സൂത്രം പുരുഷാര്ത്ഥോളതഃ ശബ്ദാദിതി ബാദരായണഃ
പരമപുരുഷാര്‍ത്ഥമായ മോക്ഷം ഈ ബ്രഹ്മജ്ഞാനം കൊണ്ടു തന്നെ ലഭിക്കും. എന്തെന്നാല്‍ വേദത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് ബാദരായണ ഋഷി വ്യക്തമാക്കുന്നുണ്ട്.
ആത്മജ്ഞാനം കൊണ്ടു മാത്രമേ പരമപുരുഷാര്‍ത്ഥമായ മോക്ഷം നേടാനാകൂ എന്ന സിദ്ധാന്ത പക്ഷത്തെ അവതരിപ്പിക്കുന്നു. ശ്രുതി വാക്യങ്ങള്‍ തന്നെയാണ് ഇതിന് പ്രമാണം.
ഛാന്ദോഗ്യത്തില്‍ ‘തരതി ശോകമാത്മവിത്’ ആത്മാവിനെ അറിയുന്നവര്‍ ജനന മരണ രൂപമായ ദുഃഖത്തെ അതിക്രമിക്കുന്നു എന്ന് കാണാം. മുണ്ഡകത്തില്‍’ സ യോ ഹ വൈ തത് പരമം ബ്രഹ്മ വേദ ബ്രഹ്മൈവ ഭവതി’ അതെല്ലാം ബ്രഹ്മമാണ് എന്നറിയുന്നയാള്‍ ബ്രഹ്മം തന്നെയായിത്തീരുന്നു എന്ന് പറയുന്നു.
തൈത്തിരീയത്തില്‍ ‘ ബ്രഹ്മവിദാപ്നോതി പരം’ ബ്രഹ്മത്തെ അറിയുന്നയാള്‍ പരമപദത്തെ പ്രാപിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ബൃഹദാരണ്യകത്തില്‍ ‘ആത്മാ വാ അരേ ദ്രഷ്ട വ്യഃ’ ആത്മാവിനെയാണ് സാക്ഷാത്കരിക്കേണ്ടത് എന്ന് ഉറപ്പിച്ച് പറയുന്നു.ഇത്തരത്തില്‍ അനേകം ശ്രുതി വാക്യങ്ങളിലൂടെ ആത്മജ്ഞാനം പുരുഷാര്‍ത്ഥ സിദ്ധിയ്ക്ക് സാധനമെന്ന് സമര്‍ത്ഥിക്കുന്നു. കൂടുതല്‍ സമര്‍ത്ഥിക്കുന്നതിനായി ആദ്യം പ്രതിപക്ഷവാദത്തെ പറയുന്നു.
സൂത്രം ശേഷത്വാത് പുരുഷാര്ത്ഥവാദോ യഥാന്യേഷ്വിതി ജൈമിനിഃ
മറ്റു വിധിയിലെന്ന പോലെ കര്മ്മശേഷമായതിനാല് ജ്ഞാനത്താല്‍ പുരുഷാര്‍ത്ഥമായ മോക്ഷം ലഭിക്കുമെന്ന് പറഞ്ഞത് അര്ത്ഥവാദമെന്ന് ജൈമിനി എന്ന ആചാര്യന് പറയുന്നു.
നേരത്തെ പറഞ്ഞ സിദ്ധാന്തത്തിനുള്ള എതിര്‍വാദങ്ങളാണ് ഇവിടെ ഉന്നയിക്കുന്നത്.
ഇവരുടെ വാദ പ്രകാരം ആത്മവിദ്യയും കര്‍മ്മം കൊണ്ട് നേടേണ്ടതാണ്. കര്‍ത്താവിനെ അപേക്ഷിക്കുന്നതായതിനാല് ജ്ഞാനവും കര്‍മ്മം കൊണ്ട് നേടണം.അതിനാല്‍ അതിനെ കര്മ്മശേഷമെന്ന് പറയുന്നു. കര്മ്മശേഷമായതിനാല് കേവലം ജ്ഞാനം കൊണ്ട് മാത്രം മോക്ഷം കിട്ടുമെന്ന് പറഞ്ഞ് ജ്ഞാനത്തെ പ്രശംസിക്കുന്നത് മറ്റ് കര്‍മ്മങ്ങളുടെ ഫലശ്രുതി പോലെ അര്‍ത്ഥവാദം മാത്രമാണ്. ഒന്നിനെ പ്രശംസിക്കാന്‍ വേണ്ടി അസംഭവ്യങ്ങളായ ഫലങ്ങളെ പറയുന്നതിനെയാണ് അര്‍ത്ഥവാദം എന്ന് പറയുന്നത്. അതിനാല്‍ കര്‍മ്മം കൊണ്ടും കര്‍മ്മം കലര്‍ന്ന ജ്ഞാനം കൊണ്ടും പുരുഷാര്‍ത്ഥ സിദ്ധിയുണ്ടാകുമെന്നാണ് മീമാംസ ആചാര്യനായ ജൈമിനിയുടെ അഭിപ്രായം. അതുകൊണ്ട് ജ്ഞാനത്തിന് കര്മ്മബന്ധമുണ്ടെന്ന് പൂര്‍വപക്ഷം വാദിക്കുന്നു.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: