ന്യൂദല്‍ഹി: സംസ്ഥാന വനിതാ കമ്മീഷന്‍ കേരളത്തിന് അപമാനമായി മാറിയെന്ന് ബിഎംഎസ് ദേശീയ അധ്യക്ഷന്‍ അഡ്വ.സി.കെ. സജിനാരായണന്‍. വാളയാര്‍ കേസില്‍ എന്തിന് ഇടപെടണമെന്നാണ് അധ്യക്ഷ എം.സി.ജോസഫൈന്‍ ചോദിക്കുന്നത്. ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് താനെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് കമ്മീഷന്‍. സിപിഎം നേതാക്കള്‍ ആരോപണ വിധേയരായ മുന്‍ സംഭവങ്ങളിലും നിരുത്തരവാദപരമായ നിലപാടാണ് ജോസഫൈന്‍ സ്വീകരിച്ചത്. കൊടിയുടെ നിറം നോക്കി പ്രവര്‍ത്തിക്കുന്ന തരത്തിലേക്ക് വനിതാ കമ്മീഷന്‍ അധപതിച്ചു. ദല്‍ഹി കേരളാ ഹൗസിന് മുന്നില്‍ മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്‌മയായ കൈരളി സൗഹൃദവേദി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെയും പെണ്‍കുട്ടികളുടെ കുടുംബത്തെയും അപമാനിക്കുന്ന നിലപാടാണ് അധ്യക്ഷയുടേത്. സമൂഹമൊന്നടങ്കം നീതിക്കായി നിലവിളിക്കുമ്പോള്‍ മനുഷ്യത്വരഹിതമായി പെരുമാറുന്ന ഇങ്ങനെയൊരു കമ്മീഷന്‍ ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് എന്തിനാണ് പ്രവര്‍ത്തിക്കുന്നത്. വാളയാറിലെ പെണ്‍കുട്ടികളുടെ കൊലപാതകം പുനരന്വേഷിക്കണം. സംസ്ഥാന പോലീസും സര്‍ക്കാരും കേസ് അട്ടിമറിച്ചെന്ന് വ്യക്തമായ സാഹചര്യത്തില്‍ കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗംഗ പി.എസ്., ഐശ്വര്യ ആര്‍.ആര്‍., ശബരീഷ് പി.എ, മഹേശ്വരന്‍ എം.വി. എന്നിവര്‍ സംസാരിച്ചു. ദല്‍ഹി യൂണിവേഴ്‌സിറ്റി, ജെഎന്‍യു തുടങ്ങി വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ മെഴുകുതിരി തെളിയിച്ച് പ്രതിഞ്ജയെടുത്തു.
















