നാഗ്പൂര്‍: 2018ലെ കണക്കുകള്‍ പ്രകാരം മുസ്ലിം,ക്രിസ്ത്യന്‍ മതത്തില്‍ നിന്ന് ഹിന്ദു ധർമ്മത്തിലേക്ക് തിരിച്ചെത്തിയത് 25,000 പേരെന്ന് വിശ്വഹിന്ദു പരിഷത്ത് മുതിര്‍ന്ന നേതാവും സെക്രട്ടറി ജനറലുമായ മിലിന്ദ് പരാന്‍ഡെ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നാഗ്പൂരില്‍ പത്രപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.’ഘർ വാപ്പസി’ എന്ന വിളിക്കുന്ന സംരംഭത്തിലൂടെ നിരവധി വ്യക്തികളാണ് ഓരോ വര്‍ഷവും സ്വധര്‍മ്മത്തിലേക്ക് തിരിച്ചെത്തുന്നതെന്നും പരാന്‍ഡെ പറഞ്ഞു.
2019 ലെ കണക്കുകള്‍ ശേഖരിക്കുകയാണ്. മതപരിവര്‍ത്തനം ഒരു ദേശീയ പ്രശ്നമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹത്തെ ഭിന്നിപ്പിക്കാനും അതിലൂടെ രാജ്യത്തിനെതിരെ ആക്രമണം അഴിച്ചുവിടുകയാണ് വിഘടന വാദികളുടെ ലക്ഷ്യമെന്നും പരാന്‍ഡെ പത്രസമ്മേളനത്തില്‍ പറഞ്ഞു. മതപരിവര്‍ത്തനം തടയാന്‍ പ്രത്യേക നിയമം കൊണ്ടുവരുമെന്നും അദേഹം വ്യക്തമാക്കി.
അയോധ്യ കേസില്‍ അനുകൂലമായ വിധി സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നുവെന്നും രാജ്യത്തെ ഹൈന്ദവ സമൂഹത്തെ സുരക്ഷിതമാക്കാന്‍ ദേശീയ പൗരത്വ ബില്ലില്‍ ഭേദഗതി ആവശ്യമാണെന്നും പരാന്‍ഡെ കൂട്ടിച്ചേര്‍ത്തു.
















