തിരുച്ചിറപ്പള്ളി: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരന്‍ സുജിത്തിനെ രക്ഷിയ്‌ക്കാനുള്ള തീവ്ര ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനം 65 മണിക്കൂര്‍ പിന്നിട്ടു. എന്നാല്‍, കുഴല്‍ക്കിണറിനു സമീപത്തെ പാറക്കെട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയാണ്. സമാന്തരമായി കിണര്‍ നിര്‍മിക്കുന്നതിന് കാഠിന്യമേറിയ പാറ കുഴിക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുകാണ്. ഇതേത്തുടര്‍ന്ന് കൂടുതല്‍ നൂതനമായ യന്ത്രസാമഗ്രികള്‍ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ നെയ്‌വേലിയില്‍ തുരങ്ക നിര്‍മാണത്തിനായി കൊണ്ടുവന്ന യന്ത്ര സാമഗ്രികള്‍ മണപ്പാറയില്‍ എത്തിച്ച് ഒരു മീറ്റര്‍ വ്യാസത്തിലുള്ള കുഴിയുടെ നിര്‍മാണം ആരംഭിച്ചിരുന്നു. എന്നാല്‍ പാറയുള്ളതു മൂലം പകുതിയായതോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. തുടര്‍ന്ന് വൈകിട്ടോടെ മറ്റൊരു യന്ത്രം കൂടി എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. തൊണ്ണൂറ് അടി താഴെയാണ് കുട്ടി ഉള്ളത്. സമീപത്തായി നൂറടി താഴ്ചയില്‍ കുഴിയെടുത്ത് അതിലൂടെ ചെന്ന് സുജിത്തിനെ രക്ഷപ്പെടുത്താനാണ് ഇപ്പോഴത്തെ ശ്രമം. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷനിലെ വിദഗ്ധരും കേന്ദ്ര, സംസ്ഥാന ദുരന്തനിവാരണ സേനകളും അഗ്‌നിശമന സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. 25 ന് വൈകീട്ട് ആറ് മണിയോടെയാണ് കളിച്ചു കൊണ്ടിരിക്കെ സുജിത്ത് കുഴല്‍ക്കിണറില്‍ വീണത്.
അതേസമയം, നൊമ്പരമുണര്‍ത്തി സുജിത്തിന്റെ പഴയ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പടരുകയാണ്. സുജിത് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പലരുടേയും കണ്ണുനനയിപ്പിക്കുന്നത്. ഒപ്പം, സുജിത്തിനെ രക്ഷിക്കുന്ന വാര്‍ത്ത കണ്ട് മറ്റൊരു രണ്ടുവയസുകാരന്‍ തന്റെ പിതാവിനോട് സംഭവസ്ഥലത്തേക്ക് കൊണ്ടുപോകാനും തനിക്കും രക്ഷാപ്രവര്‍ത്തനം നടത്തണമെന്നും പറയുന്ന ദൃശ്യങ്ങളും വൈറലാവുകയാണ്.
















