നെയ്യാറ്റിന്‍കര: ജോലി നല്‍കാന്‍ തയാര്‍. പക്ഷെ സിപിഎമ്മില്‍ അംഗമാകണം. സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റികളിലും സര്‍ക്കാര്‍ ആശുപത്രികളിലുമാണ് ഇത്തരക്കാരെ പിന്‍വാതില്‍ നിയമനത്തിലൂടെ തള്ളിക്കയറ്റുന്നതു പതിവായിരിക്കുന്നത്. സിപിഎം പരശുവയ്‌ക്കല്‍, പാറശ്ശാല ഏര്യാ കമ്മിറ്റിക്ക് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലാണ് പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുന്നത്.
സര്‍ക്കാര്‍ ആശുപത്രികളിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഒഴിവുകള്‍ വരുമ്പോള്‍ ദിവസങ്ങള്‍ക്ക് മുമ്പ് പരസ്യം പുറപ്പെടുവിക്കണമെന്ന നിയമങ്ങളെ കാറ്റില്‍പറത്തിയാണ് ഇവിടെ നിയമനങ്ങള്‍ നടത്തുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള സര്‍വീസ് സഹകരണ ബാങ്കുകളിലാണ് പിന്‍വാതില്‍ നിയമനങ്ങളേറെയും. വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി കൂടെനില്‍ക്കുന്ന അണികളെ അവഗണിച്ച് കൊണ്ട് പുതുതായി അംഗത്വം സ്വീകരിച്ച് വരുന്നവര്‍ക്കുവരെ ജോലി നല്‍കുന്നതിനെതിരെ അണികള്‍ പരസ്യമായ പ്രതിഷേധവുമായി എത്തിയതോടെയാണ് നിയമനങ്ങള്‍ പുറത്തായത്. വേണ്ടത്ര യോഗ്യതയില്ലാത്തവരെയാണ് നിയമിച്ചതെന്നും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സഹകരണ ബാങ്കുകളില്‍ ജോലിയില്‍ പ്രവേശിപ്പിച്ചവരുടെ യോഗ്യതകള്‍ പരിശോധിച്ചാല്‍ കള്ളത്തനം പുറത്താകുമെന്നും പാര്‍ട്ടിപ്രവര്‍ത്തകര്‍തന്നെ പറയുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് പാറശ്ശാല ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരുടെ ഒഴിവുകള്‍ വന്നിരുന്നു. എന്നാല്‍ ഒഴിവുകള്‍ പരസ്യപ്പെടുത്തുന്നതിനു മുമ്പുതന്നെ ജീവനക്കാരേ തിരഞ്ഞെടുത്തിരുന്നുവെന്ന് ആക്ഷേപമുണ്ട്. പാറശ്ശാല ഏര്യാ കമ്മറ്റിയുടെ നിയന്ത്രണത്തിലായിരുന്നു ജീവനക്കാരെ തരപ്പെടുത്തിയതെന്നു ആരോപണമുണ്ട്. വനിതാ സെക്യൂരിറ്റി , ഡ്രൈവര്‍, ഡാറ്റാ എന്‍ട്രി, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകളാണ് പാറശ്ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ജോലിയില്‍ പ്രവേശിച്ചവരുടെ രാഷ്‌ട്രീയബന്ധം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
















