ലണ്ടന്‍: ഐഎസ് തലവന്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ട ശേഷം ഭീകരസംഘടനയുടെ തലപ്പത്തേക്ക് പുതിയ നിയമനം നടന്നെന്ന് റിപ്പോര്‍ട്ട്. തൂക്കിലേറ്റപ്പെട്ട ഇറാഖ് മുന്‍ ഭരാണാധികാരി സദ്ദാം ഹുസൈന്റെ ആര്‍മി ഓഫിസറായിരുന്ന അബ്ദുള്ള ക്വര്‍ദേഷാണ് പുതിയ ഐഎസ് തലവനെന്നു ചില വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്വര്‍ദേഷിനു കര്‍ഷേഷെന്നും വിളിപ്പേരുണ്ട്. അല്‍ ബാഗ്ദാദി ജീവിച്ചിരുന്നപ്പോള്‍ തന്നെ തന്റെ പിന്‍ഗാമി ആയി ക്വര്‍ദേഷിന്റെ പേര് മുന്നോട്ടു വച്ചെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, ബാഗ്ദാദി അവസാന കാലങ്ങളില്‍ ആസൂത്രണം ചെയ്ത ആക്രമണങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത് ക്വര്‍ദേഷായിരുന്നു. ബാഗ്ദാദി ഒരിക്കലും ദൈനംദിന കാര്യങ്ങളില്‍ ഇടപെടാറില്ലായിരുന്നു. ഉത്തരവിടല്‍ മാത്രമായിരുന്നു ബാഗ്ദാദിയുടെ ചുമതല. ചാവേറാക്രമണങ്ങള്‍ അടക്കം ഐഎസിന്റെ ആക്രമണങ്ങളുടെ ചുമതല ക്വര്‍ദേഷിനായിരുന്നെന്നാണ് ഐഎസുമായി അടുത്ത വൃത്തങ്ങള്‍ ചില വിദേശമാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരം. എന്നാല്‍, ക്വര്‍ദേഷുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിനു പോലും ലഭ്യമല്ലെന്നും സൂചനയുണ്ട്. ബാദ്ഗാദിയുടെ മരണത്തിനു ശേഷം ലോകമെമ്പാടും ഒരുപക്ഷേ ഐഎസ് ചാവേറാക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്നും അതിന്റെ ചുമതല ക്വര്‍ദേഷിനാകുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, കുറച്ചു കാലങ്ങളായി ഐഎസ് ശോഷിച്ചു പോവുകയാണെന്നും കനത്ത ആക്രമണങ്ങള്‍ക്ക് ഭീകരസംഘടനയ്‌ക്കു ശക്തിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ഭീകര സംഘടയായ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്) തലവനായ ബാഗ്ദാദി ഇറാഖ് സ്വദേശിയായിരുന്നു. സദ്ദാമിന്റെ മരണത്തിനു മുന്‍പ് തന്നെ അല്‍ ബാഗ്ദാദിയുമായി ക്വര്‍ദേഷിനു ബന്ധമുണ്ടായിരുന്നെന്നാണ് സൂചന. അന്ന് ഇറാഖ് ആസ്ഥാനമായുള്ള അല്‍ ക്വയ്ദ സജീവവും ആയിരുന്നു. അന്‍പതിനോടടുത്തു പ്രായമുള്ള ബാഗ്ദാദി വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ യുഎസ് നടത്തിയ ആക്രമണത്തിലാണു കൊല്ലപ്പെട്ടത്. ഇബ്രാഹിം അവാദ് ഇബ്രാഹിം അല്‍ബാദ്രി എന്നാണ് ബഗ്ദാദിയുടെ യഥാര്‍ഥ പേര്. ഭീകരന്‍ ഒസാമ ബിന്‍ ലാദനു സമാനമായി യുഎസ് കണക്കാക്കിയിരുന്ന ഭീകരനായിരുന്നു അല്‍ ബഗ്ദാദി. കുടുംബത്തോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഇയാളുടെ മരണമെന്നും സ്ഥിരീകരിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സ്വയം പൊട്ടിത്തെറിച്ചായിരുന്നു മരണം. ഇയാള്‍ക്കൊപ്പം മൂന്നു കുട്ടികളും കൊല്ലപ്പെട്ടു. 11 കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ചിതറിച്ചെറിച്ച ബഗ്ദാദിയുടെ മൃതദേഹം ഡിഎന്‍എ പരിശോധനയ്‌ക്കു വിധേയമാക്കിയാണ് മരണം സ്ഥിരീകരിച്ചത്.
















