കോന്നി: 23 വര്‍ഷത്തെ കോന്നിയിലെ കോണ്‍ഗ്രസിന്റെ ആധിപത്യം തകര്‍ത്തത് ബിജെപിയെന്ന് കണക്കുകള്‍ കാണിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് 41 ബൂത്തുകളില്‍ ഒന്നാമതെത്തി. 54 ബൂത്തുകളിലാകട്ടെ രണ്ടാമതും. തോല്‍വി ഏറ്റുവാങ്ങിയെങ്കിലും കോന്നി ബി.ജെ.പിക്ക് നല്‍കുന്നത് വലിയ പ്രതീക്ഷയാണ്. അതിലൊന്ന് കോന്നിയിലെ ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും ചില കോട്ടകള്‍ കെ.സുരേന്ദ്രനു തകര്‍ക്കാന്‍ കഴിഞ്ഞുവെന്നതാണ്. ഇടത് മുന്നണി ഭരിക്കുന്ന മൂന്ന് പഞ്ചായത്തുകളിലും ബിജെപി രണ്ടാം സ്ഥാനത്തെത്തി.
അടൂര്‍ പ്രകാശിലൂടെ പതിറ്റാണ്ടുകളായി നിലനിര്‍ത്തിയിരുന്ന മണ്ഡലം കൈവിട്ടതിനൊപ്പം പല മേഖലകളിലും ബിജെപിക്ക് പിന്നിലായെന്നതും കോണ്‍ഗ്രസിനെ സംബന്ധിച്ചടുത്തോളം വലിയ നിരാശയാണ് സമ്മാനിക്കുന്നത്. യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെ പല ബൂത്തുകളിലും ബിജെപി ഒന്നാമതോ രണ്ടാമതോ ആണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന റോബിന് പീറ്ററിന്റെ പ്രമാടം പഞ്ചായത്തില്‍ പല മേഖലകളിലും കോണ്‍ഗ്രസിന്റെ വോട്ടുനില തകര്‍ന്നടിഞ്ഞു. പ്രമാടം പഞ്ചായത്തിലെ എട്ട് ബൂത്തില്‍ കെ. സുരേന്ദ്രനാണ് മുന്നിലെത്തിയത്.
കോന്നിയിലെ ഇടത് ശക്തി കേന്ദ്രങ്ങളായ മൂന്ന് പഞ്ചായത്തുകളിലും കോണ്‍ഗ്രസിനെ മൂന്നാമതാക്കി ബിജെപി രണ്ടാമതെത്തി. ഇത് ബി.ജെ.പിക്ക് അഭിമാന നേട്ടമാണ്. കലഞ്ഞൂര്‍, ഏനാദിമംഗലം, മലയാലപ്പുഴ എന്നീ പഞ്ചായത്തുകളാണ് സുരേന്ദ്രനെ മുന്നിലെത്തിച്ചത്. ഈ മൂന്ന് പഞ്ചായത്തുകളും ഭരിക്കുന്നത് എല്‍.ഡി.എഫാണ്. സി.പി.എം ജില്ലാ സെക്രട്ടറി ഉദയഭാനുവിന്റെ പഞ്ചായത്ത് കൂടിയാണ് ഏനാദിമംഗലം.മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന് അടക്കം ഇടതുപക്ഷത്തെ പ്രമുഖര്‍ എത്തി പൊതുസമ്മേളനം അടക്കം നടത്തിയ പഞ്ചായത്ത് കൂടിയാണ് ബി.ജെ.പിയെ തുണച്ച ഏനാദി മംഗലം.
















