ന്യൂദല്‍ഹി: ഈ ദീപാവലി ദിവസവും സൈനികരോടൊത്ത് ചെലവഴിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍ വര്‍ഷങ്ങളിലെ പ്രവര്‍ത്തനരീതി അനുസരിച്ച് ഇത്തവണയും രാജ്യത്തിന്റെ ദുര്‍ഘട പ്രദേശങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന സൈനികരുമായി പ്രധാനമന്ത്രി സംവാദിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിര്‍ത്തിക്കടുത്തുള്ള മഞ്ഞുമലകളില്‍ നിയുക്തരായ സൈനികരും ഐടിബിപി ഉദ്യോഗസ്ഥരുമായി അദ്ദേഹം ദീപാവലി ഉത്സവം ആഘോഷിച്ചിരുന്നു. 2014ല്‍ പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി സിയാച്ചനിലെ ജവാന്‍മാര്‍ക്കൊപ്പമാണ് ദീപാവലി ചെലവഴിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും അദേഹം പതിതെറ്റിച്ചിരുന്നില്ല.
1965 ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ 50 വര്‍ഷത്തോടനുബന്ധിച്ച് അദ്ദേഹം 2015ല്‍ ദീപാവലിയില്‍ പഞ്ചാബ് അതിര്‍ത്തി സന്ദര്‍ശിച്ചപ്പോള്‍ 2016ല്‍ പ്രധാനമന്ത്രി മോദി ഹിമാചല്‍ പ്രദേശിലെ ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പോലീസ് ഉദ്യോഗസ്ഥരോടൊപ്പം ഔട്ട്‌പോസ്റ്റിലാണ് ദീപാവലി ചെലവഴിച്ചത്. പ്രധാനമന്ത്രിയായതിനു ശേഷമുള്ള നാലാമത്തെ ദീപാവലി ജമ്മു കശ്മീരിലെ ഗുരേസില്‍ സൈനികരോടൊപ്പവുമായിരുന്നു. ഈ വര്‍ഷവും ഇത് തുടരുമെന്നാണ് റിപ്പോര്‍ട്ട്.
















