ന്യൂദല്‍ഹി: കലാലയങ്ങളെ രാജ്യവിരുദ്ധരുടെ താവളമാക്കി മാറ്റാന്‍ അനുവദിക്കരുതെന്ന് ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി. മലയാളി വിദ്യാര്‍ത്ഥികളുടെ സംഘടനയായ കൈരളി സൗഹൃദ വേദിയുടെ ദീപാവലി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സര്‍വ്വകലാശാലകള്‍ ഇന്ന് വലിയ ചര്‍ച്ചയാവുകയാണ്. നാടിന് അഭിമാനമായി വളരേണ്ട വിദ്യാര്‍ത്ഥികളില്‍ രാഷ്‌ട്രവിരുദ്ധതയുടെ വൈറസ് കുത്തിവെക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നു. പിറന്ന നാടിനെ എതിര്‍ക്കാനും ശത്രുരാജ്യത്തെ പിന്തുണക്കാനുമാണ് ഒരു വിഭാഗം ആഹ്വാനം ചെയ്യുന്നത്. അക്കാദമിക രംഗത്തും സൗഹൃദങ്ങളിലും വിഷം കലക്കി പുതുതലമുറയെ രാജ്യത്തിന് എതിരാക്കിത്തീര്‍ക്കാനുള്ള നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കണം.
ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോഴും സമൂഹത്തിനായി പ്രവര്‍ത്തിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണം. മാതൃഭാഷയും മാതൃഭൂമിയും അമ്മയെപ്പോലെയാണ്. ഏത് നാട്ടില്‍ ജീവിച്ചാലും മലയാളം പഠിക്കണം. വര്‍ഷങ്ങളോളം ഇവിടെ ജീവിച്ചിട്ടും ഈ രാജ്യം സ്വന്തമെന്ന് കരുതാന്‍ സാധിക്കാത്തവരുണ്ട്. ഭാരതം ജീവിക്കാന്‍ സാധിക്കാത്ത ഇടമെന്ന് കുറ്റപ്പെടുത്തി ചിലയാളുകള്‍ സിറിയയിലും അഫ്ഗാനിലും പോയി ചാവേറായി പൊട്ടിത്തെറിക്കുകയാണ്. രാജ്യസ്‌നേഹം ഏതെങ്കിലും രാജ്യത്തിന് എതിരല്ല. പിറന്ന നാടിനോട് തോന്നുന്ന സ്വാഭാവിക സ്‌നേഹമാണത്. അജയ് കുമാര്‍ ഐഎഫ്എസ്, വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ശബരീഷ് സ്വാഗതവും ഗംഗ നന്ദിയും പറഞ്ഞു.
















