ലണ്ടന്‍: കശ്മീര്‍ വിഷയത്തിന്റെ പേരില്‍ നഗരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. ദീപാവലി ദിനത്തില്‍ കശ്മീര്‍ വിഷയത്തില്‍ വിഘടന വാദികള്‍ നടത്താനിരിക്കുന്ന പ്രതിഷേധത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് സുരക്ഷാ ഭീഷണികള്‍ ഉണ്ടാകാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡുമായി ചേര്‍ന്നു നടത്തുമെന്ന് മേയര്‍ സാദിഖ് ഖാന്‍ വ്യക്തമാക്കി.
ബ്രിട്ടനിലെ പാകിസ്ഥാനികളും വിഘടനവാദ ഗ്രൂപ്പുകളും ആസൂത്രണം ചെയ്തു ഞായറാഴ്ച നടത്തുന്ന പ്രതിഷേധത്തെക്കുറിച്ച് ആശങ്ക ഉന്നയിച്ച ലണ്ടന്‍ അസംബ്ലി അംഗം നവീന്‍ ഷായോട് കത്തില്‍ മറുപടി നല്‍കുകയായിരുന്നു പാകിസ്ഥാന്‍ വംശജനായ മേയര്‍. പ്രതിഷേധ ജാഥയ്‌ക്കുനേരെ സേന കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മെട്രോപൊളിറ്റന്‍ പോലീസ് കമ്മീഷണറുമായുള്ള ചര്‍ച്ചക്കു ശേഷം മേയര്‍ വ്യക്തമാക്കി. അതിരുവിട്ട പ്രക്ഷോഭം നടത്തുന്നവരെ കാത്തിരിക്കുന്നത് ജയിലാണെന്നും മുന്നറിയിപ്പുനല്‍കി.
നിബന്ധനകളുടെ ഭാഗമായി മധ്യ ലണ്ടനിലെ ഓള്‍ഡ്വിച്ചിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തിന് പുറത്ത് ഒത്തുകൂടാന്‍ പ്രതിഷേധകര്‍ക്ക് അനുമതി നിഷേധിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ശക്തമായ നടപടികള്‍ നടപ്പാക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കത്തില്‍ പറയുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ ഇതേ ഗ്രൂപ്പുകള്‍ നടത്തിയ പ്രതിഷേധത്തിനിടെ ലണ്ടനിലെ ഇന്ത്യാ ഹൗസിന് പുറത്ത് നടന്ന അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന് വ്യാപകമായ ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത്തരം പ്രവണതകളും അക്രമങ്ങളും അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എംപിമാരോട് പറഞ്ഞിരുന്നു.
കഴിഞ്ഞാഴ്ച നടന്ന യോഗത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി ബോബ് ബ്ലാക്ക്മാന്‍ പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിച്ചതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി അഭിപ്രായം വ്യക്തമാക്കിയത്. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ പോലീസുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് മാര്‍ച്ചിനുനേരെ നിയന്ത്രങ്ങള്‍ നടപ്പാക്കികൊണ്ട് വ്യാഴാഴ്ച വൈകിട്ട് പ്രസ്താവന ഇറക്കിയിരുന്നുവെന്ന് ജോണ്‍സണ്‍ പറഞ്ഞു.















