ലഖ്നൗ: ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് നിയമ, സാമ്പത്തിക സഹായം നല്‍കുമെന്ന് ജമായത്ത് ഉലമ ഇ ഹിന്ദ്. കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കും എല്ലാ വിധത്തിലുമുള്ള നിയമസഹായം നല്‍കുമെന്നും മുസ്ലിം കൗണ്‍സില്‍ അറിയിച്ചു.
ഇസ്ലാമിനെതിരെ 2015ല്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് തിവാരിയെ കൊലചെയ്യുന്നത്. രണ്ടു വര്‍ഷത്തോളം നീണ്ട ആസൂത്രണങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ കൊല നടപ്പിലാക്കിയത്.
കേസില്‍ അറസ്റ്റിലായവരുടെ കുടുംബാംഗങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായം ആവശ്യമെങ്കില്‍ അതും നല്‍കുമെന്ന് ജമായത്ത് ഉലമ ഇ ഹിന്ദ് സെക്രട്ടറി ഹക്കിമുദ്ദീന്‍ കശ്മിരി, ജനറല്‍ സെക്രട്ടറി മൗലാന മെഹ്മൂദ് മദ്‌നി എന്നിവര്‍ അറിയിച്ചു. കേസില്‍ നിയമ സെല്ലിന്റെ സേവനം പ്രതികള്‍ക്കു നല്‍കുന്നതുള്‍പ്പെടെ കൂടുതല്‍ വാഗ്ദാനങ്ങള്‍ സംഘടന മുന്നോട്ടുവെച്ചിട്ടുണ്ട്.
ഒക്ടോബര്‍ 18 നാണ് കമലേഷ് തിവാരിയെ ലഖ്‌നൗവില്‍ വെച്ച് കൊലചെയ്തത്. കേസുമായി ബന്ധപ്പെട്ട് സൂറത്ത് നിവാസികളായ മൊയ്‌നുദ്ദീന്‍ പത്താന്‍, അഷ്ഫക്ക് ഷെയ്ഖ് എന്നിവരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പ്രതികളായ റാഷിദ് പത്താന്‍, ഫൈസാന്‍ ഷെയ്‌ക്ക്, മൗലാന മൊഹ്‌സിന്‍ ഷെയ്‌ക്ക് എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
അതിനിടെ ഹിന്ദു സമാജ് വാദ് പാര്‍ട്ടിയുടെ നേതൃസ്ഥാനമേറ്റെടുക്കാന്‍ തയ്യാറാണെന്ന് കമലേഷ് തിവാരിയുടെ ഭാര്യ കിരണ്‍ തിവാരി അറിയിച്ചു. പാര്‍ട്ടിയുടെ പുതിയ പ്രസിഡന്റായി കിരണ്‍ തിവാരി ചുമതലയേല്‍ക്കും. ഇതുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
















