ചണ്ഡിഗഡ്: ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ലോഖിത് പാര്‍ട്ടി നേതാവ് ഗോപാല്‍ കാണ്ഡെയുടെ പിന്തുണ തങ്ങളുടെ പാര്‍ട്ടി സ്വീകരിക്കില്ലെന്ന് ബിജെപി നേതാവ് അനില്‍ വിജ്. 90 അംഗ ഹരിയാന നിയമസഭയില്‍ 10 സീറ്റുകള്‍ നേടിയ ദുഷ്യന്ത് ചൗട്ടാലയുടെ പുതിയ രാഷ്‌ട്രീയ പാര്‍ട്ടിയായ ജന്‍നായക് ജനതാ പാര്‍ട്ടിയുമായി (ജെജെപി) ചേര്‍ന്നാകും ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയെന്നും അദ്ദേഹം.
ഗോപാല്‍ കാണ്ഡെയെ സര്‍ക്കാറില്‍ ഉള്‍പ്പെടുത്തുന്നതു പോട്ടെ അദ്ദേഹത്തിന്റെ പിന്തുണ പോലും പാര്‍ട്ടി സ്വീകരിക്കില്ലെന്നും ബിജെപി ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തിന് മുമ്പ് വിജ് പറഞ്ഞു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകള്‍ നേടിയ പാര്‍ട്ടി നേരത്തെ സ്വതന്ത്രരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നു. വ്യക്തിത്വമുള്ള ആളുകളുമായി മാത്രമേ സഖ്യമുണ്ടാകാവൂവെന്ന് നേതാവായ ഉമാ ഭാരതി വ്യക്തമാക്കി. ഗോപാല്‍ കാണ്ഡെ നിരപരാധിയാണോ കുറ്റവാളിയാണോ എന്നത് തെളിവുകളുടെ അടിസ്ഥാനത്തില്‍ നിയമപ്രകാരം തീരുമാനിക്കപ്പെടുമെന്നും ഭാരതി ട്വീറ്റിലുടെ പറഞ്ഞു.
2012 ല്‍ തന്റെ വിമാന കമ്പനിയില്‍ ജോലി ചെയ്തിരുന്ന എയര്‍ ഹോസ്റ്റസിന്റെ ആത്മഹത്യയ്‌ക്ക് പിന്നില്‍ കാണ്ഡെയാണെന്നാണ് ആരോപണം. ഏതാനും മാസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ അമ്മയും ആത്മഹത്യ ചെയ്തു.അതു വന്‍ വിവാദമാവുകയും ചെയ്തിരുന്നു.
















