ലഖ്‌നൗ: ദീപാവലി ദിനത്തോടനുബന്ധിച്ച് ഇന്ന് അയോധ്യയില്‍ നടക്കുന്ന ദീപോത്സവത്തില്‍ 5.51 ലക്ഷം മണ്‍ചിരാതുകള്‍ തെളിയിച്ച് ഗിന്നസ് ലോക റെക്കോര്‍ഡ് നേടാനൊരുങ്ങി യോഗി സര്‍ക്കാര്‍. സരിയു ഘട്ടില്‍ വച്ചാണ് ദീപോത്സവം സംഘടിപ്പിക്കുന്നത്.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ശ്രീരാമന്റെ ഛായചിത്രങ്ങളുടെ ഘോഷയാത്രയും നടത്തും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ പങ്കാളിത്തത്തിന് ഘോഷയാത്ര സാക്ഷ്യം വഹിക്കും. സാകേത് കോളേജില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര രാംകഥ പാര്‍ക്കില്‍ അവസാനിക്കും. ഇതിനുപുറമെ നിരവധി സാംസ്‌കാരിക പരിപാടികളും ദീപോത്സവത്തോടനുബന്ധിച്ച് നടക്കും.

ദീപാവലി ദിനത്തില്‍ 226 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തുടക്കമിടും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ഫിജി റിപ്പബ്ലിക് ഡെപ്യൂട്ടി സ്പീക്കര്‍ വീണ ഭട്‌നഗര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടവ്യക്തികളും ചടങ്ങില്‍ പങ്കെടുക്കും.

















