ശബ്ദാദിഭേദാധികരണം
ഇതില്‍ ഒരു സൂത്രമേയുള്ളൂ.
സൂത്രം- നാനാ ശബ്ദാദി ഭേദാത്.
ശബ്ദം, ഗുണം തുടങ്ങിയവയുടെ ഭേദം കൊണ്ട് ഉപാസനകള്‍ക്കും വൈവിധ്യത്തെ കല്പിക്കണം.
സമസ്ത ഉപാസനയാണ് ശ്രേഷ്ഠം എന്ന് പറഞ്ഞതിനാല്‍ അംഗോപാസനയില്‍ കാണുന്ന നാനാത്വം സ്വീകരിക്കണോ എന്ന് സംശയിക്കുന്നു. എല്ലാ ഉപാസനകളുടേയും ലക്ഷ്യം ബ്രഹ്മപ്രാപ്തിയാണ്. ഓരോ ശാഖക്കാര്‍ ഉപയോഗിക്കുന്ന ശബ്ദങ്ങളുടെ വ്യത്യാസം കൊണ്ടും ബ്രഹ്മത്തിന്റെ ഓരോ ഗുണങ്ങളെ പ്രത്യേകമായി പറയുന്നതിനാലുമാണ് വൈവിധ്യം തോന്നുന്നത്.
സത് വിദ്യ, ഭൂമവിദ്യ, ദഹര വിദ്യ, ഉപ കോസലവിദ്യ, ശാണ്ഡില്യ വിദ്യ, വൈശ്വാനര വിദ്യ, അക്ഷരവിദ്യ, ആനന്ദമയ വിദ്യ മുതലായവ പേരുകൊണ്ടും അനുഷ്ഠാനങ്ങളെ കൊണ്ടും വേറെയെങ്കിലും ലക്ഷ്യത്തെ നോക്കിയാല്‍ എല്ലാം ബ്രഹ്മപ്രാപ്തിയാകുന്ന ലക്ഷ്യത്തിന്റെ കാര്യത്തില്‍ ഒന്ന് തന്നെയാണ്.
ബ്രഹ്മവിദ്യയ്‌ക്ക് നാനാത്വം ഉണ്ടാകുന്നത് അധികാരിഭേദം കൊണ്ടും അനുഷ്ഠിക്കുന്നവരുടെ മനോഭാവം മൂലവുമാണ്.
വികല്പാധികരണം
ഇതിലും ഒരു സൂത്രം മാത്രം.
സൂത്രം- വികല്‌പോ /വിശിഷ്ടഫലത്വാത്
എല്ലാ വിദ്യകളുടേയും ഫലം ബ്രഹ്മ പ്രാപ്തിയാകുന്ന ഒന്ന് തന്നെയാകയാല്‍ ഇഷ്ടം പോലെ ഒന്ന് സ്വീകരിക്കാവുന്നതാണ്.
കൂട്ടായുള്ള ഉപാസനയ്‌ക്കാണ് ശ്രേഷ്ഠമായ ഫലം എന്ന് പറഞ്ഞതിനാല്‍ എല്ലാ ഉപാസനകളേയും ഒന്നിച്ച് ചേര്‍ത്ത് അനുഷ്ഠിക്കണോ അതോ പ്രത്യേകമായി അനുഷ്ഠിക്കണോ എന്ന സംശയത്തിനുള്ള മറുപടിയാണ് ഈ സൂത്രം. എല്ലാ ഉപാസനകളുടേയും ഫലം ഒന്ന് തന്നെയായതിനാല്‍ ഇഷ്ടമുള്ള ഉപാസന സ്വീകരിക്കാം. അതിന് നിശ്ചയിച്ചതായി ഫലം കിട്ടുകയും ചെയ്യും. എല്ലാം മോക്ഷപ്രാപ്തിയിലേക്ക് നയിക്കുന്നവയാണ്.
കാമ്യാധികരണം
ഇതിലും ഒരു സൂത്രമേയുള്ളൂ.
സൂത്രം- കാമ്യാസ്തു യഥാകാമം സമുച്ചീമേരന്‍ ന വാ പൂര്‍വ്വഹേത്വഭാവാത്
കാമ്യങ്ങളായ ഉപാസനകളാകട്ടെ ഇഷ്ടം പോലെ സമുച്ചയിച്ചനുഷ്ഠിക്കാം. അങ്ങനെയല്ലാതെയുമാകാം. മുന്‍പ് പറഞ്ഞ കാരണം ഇല്ലാത്തതിനാലാണിത്.
കാമ്യങ്ങളായ ഉപാസനകള്‍ കാമനകള്‍ക്കനു സരിച്ച് പ്രത്യേകമായി ചെയ്യണം. ആഗ്രഹിക്കുന്ന ഫലം തരുന്ന ഉപാസനകളെ പ്രത്യേകമായി അനുഷ്ഠിക്കണം.ആഗ്രഹങ്ങള്‍ക്കനുസരിച്ച് ഒന്നായും ഉപാസന ചെയ്യാം. ഓരോ കാമനയുടെ ഉപാസനയ്‌ക്കും ഓരോ ഫലമാണ്.ഒരു പ്രത്യേകഫലമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിന് പറ്റിയ ഒരു ഉപാസനയേയും കൂടുല്‍ ഫലമാണെങ്കില്‍ ഉപാസനകളെ ഒന്നിച്ചും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: