ബെംഗളൂരു : മകനോടെന്ന പോലെ നടന്‍ ടൊവിനോ തോമസുമായി സമയം ചെലവിട്ട് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ ധനലക്ഷ്മി. ടൊവിനോയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ധനലക്ഷ്മിയേയും ഭര്‍ത്താവ് ഉണ്ണികൃഷ്ണനേയും കാണാനെത്തിയതായിരുന്നു താരം.
പറഞ്ഞ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് ഫോണ്‍ വിളിച്ച് അന്വേഷിച്ചിരുന്നു. അതിനുശേഷം വൈകിട്ട് അഞ്ചുമണിയോടെ ടൊവിനോ ബെംഗളൂരു യെലഹങ്കയിലെ വീടിനു മുന്നില്‍ എത്തിയതോടെയാണ് അമ്മയ്‌ക്ക് സമാധാനം ആയത്. ടൊവിനൊയെ നേരിട്ടു കണ്ടതോടെ സന്ദീപിനെയെന്നപോലെ കെട്ടിപ്പിച്ചാണ് വീട്ടിലേക്ക് സ്വീകരിച്ചത്.
മകന്‍ തിരിച്ചു വീട്ടില്‍ എത്തിയതു പോലെയാണ് തനിക്ക് തോന്നുന്നതെന്നും അവര്‍ പറഞ്ഞു. സന്ദീപിന് ഇഷ്ടമുള്ള അപ്പവും സ്റ്റുവും തന്നെയാണ് അവര്‍ ടൊവിനോയ്‌ക്കു വേണ്ടിയും ഒരുക്കിയത്. സന്ദീപിന്റെ മാതാ പിതാക്കളുമായി ഒട്ടേറെ നേരം സംസാരിക്കുകയും, മൂവരും ചേര്‍ന്ന് ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു.
രണ്ടുമാസം പ്രായമുള്ളപ്പോള്‍ സന്ദീപ് ഉണ്ണികൃഷ്ണനെ പുതപ്പിച്ച പുതപ്പുമുതല്‍ ഓരോന്നായി ധനലക്ഷ്മി ടൊവിനോയ്‌ക്ക് പരിചയപ്പെടുത്തി. എല്ലാ പിറന്നാളിനും മകനുവേണ്ടി ഇപ്പോഴും വാങ്ങുന്ന വസ്ത്രങ്ങളില്‍നിന്ന് ഒരു ടീഷര്‍ട്ടും ടൊവിനോയ്‌ക്ക് സമ്മാനിച്ചു. അതും സ്വീകരിച്ചാണ് ടൊവിനോ മടങ്ങിയത്.
തിയേറ്ററില്‍ മികച്ച പ്രതികരണം നേടുന്ന ‘എടക്കാട് ബറ്റാലിയന്‍ 06’ കണ്ടപ്പോള്‍, ടൊവിനോ അവതരിപ്പിച്ച കഥാപാത്രവും സന്ദീപുമായി സാമ്യം ഉള്ളതായി ധനലക്ഷ്മിക്ക് തോന്നി. ഇതിനെ തുടര്‍ന്ന് ടൊവിനോയെ നേരിട്ടു കാണാന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.
താരത്തെ അഭിനന്ദിച്ച് ധനലക്ഷ്മി സാമൂഹികമാധ്യമങ്ങളില്‍ വീഡിയോയും പങ്കുവെച്ചിരുന്നു. ഒരമ്മയെന്നനിലയില്‍ അവനെയൊന്ന് കെട്ടിപ്പിടിക്കണമെന്ന് തോന്നി’യെന്നുപറയുന്ന വീഡിയോ ടൊവിനോയും പങ്കുവെച്ചു. ഇതിലും വലിയൊരംഗീകാരം കിട്ടാനില്ലെന്ന് ടൊവിനോയും കുറിപ്പിട്ടിരുന്നു. ഇതാണ് മൂവരും തമ്മിലുള്ള കൂടിക്കാഴ്‌ച്ചയിലേക്ക് വഴിവെച്ചത്.
















