ന്യൂദല്‍ഹി: ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനോരുങ്ങി ബിജെപി. തൊണ്ണൂറംഗ നിയമസഭയില്‍ 40 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി ഇന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചേക്കും. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 46 സീറ്റുകളാണ്. ജനനായക് ജനതാ പാര്‍ട്ടി ബിജെപിക്ക് പിന്തുണ നല്‍കാമെന്ന് അറിയിച്ചെങ്കിലും ചില നിബന്ധനകളും വിലപേശലും ഉണ്ടായതോടെ സ്വതന്ത്രരെ ഒപ്പം നിര്‍ത്താന്‍ ബിജെപി തീപരുമാനിക്കുകയായിരുന്നു. വിജയിച്ച ആകെയുള്ള എട്ടു എംഎല്‍എമാരും ഇന്നു ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതതോടെ രണ്ടാം തവണയും മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുകയാണ് മനോഹര്‍ ലാല്‍ ഖട്ടര്‍.
അഞ്ചു സ്വതന്ത്രരെ ബിജെപി ചര്‍ച്ചയ്‌ക്കായി കഴിഞ്ഞദിവസം തന്നെ ദല്‍ഹിയില്‍ എത്തിച്ചിരുന്നു. മറ്റുള്ളവരെ ഫോണിലൂടെയും ബന്ധപ്പെട്ടു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഇന്ന് ദല്‍ഹിയില്‍ ചേരുന്ന ബിജെപി യോഗത്തിനു ശേഷം ഗവര്‍ണറെ കാണുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ദല്‍ഹിയില്‍ ചേര്‍ന്ന ബിജെപി യോഗത്തില്‍ ഖട്ടറിനോപ്പം ബിജെപി വര്‍ക്കിങ് പ്രസിഡന്റ ജെപി നദ്ദ, ബിജെപിയുടെ ഹരിയാന ഇന്‍ചാര്‍ജ് അനില്‍ ജെയിന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ഐഎന്‍എല്‍ഡിയുടെ അഭയ് ചൗതാലയും ബിജെപിയെ പിന്തുണയ്‌ക്കും. ജനസംഖ്യയില്‍ 25 ശതമാനയുള്ള ജാട്ട് വോട്ടുകള്‍ നിര്‍ണ്ണായകമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഹരിയാന ഫലം.
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശകലനം ചെയ്യുന്ന രാഷ്‌ട്രീയ പണ്ഡിതര്‍ക്ക് ഹരിയാനയിലേത് ഒരു അസാധാരണ വിജയമായി തോന്നാം. രണ്ടു തവണ അടുപ്പിച്ച് ഒരു പാര്‍ട്ടി തങ്ങളുടെ സര്‍ക്കാര്‍ നിലനിര്‍ത്തുന്ന സംഭവങ്ങള്‍ കുറവാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദേവേന്ദ്ര ഫഡ്‌നാവിസും മനോഹര്‍ ലാല്‍ ഖട്ടറും ആദ്യ തവണയാണ് മുഖ്യമന്ത്രിമാരാകുന്നത്. അവര്‍ക്ക് മന്ത്രിമാരായി പോലും പരിചയമില്ല, എന്നിട്ടും ജനങ്ങള്‍ അവരെ രണ്ടാം തവണയും വിജയിപ്പിച്ചുവെങ്കില്‍ അത് അഞ്ചുവര്‍ഷമായി അവര്‍ നടത്തിയ ജനക്ഷേമ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം ഹരിയാനയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപിക്ക് 3% വോട്ട് വര്‍ധനയുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപിയെ മാറ്റിയതിന് ബിജെപി പ്രസിഡന്റും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ജനങ്ങളോട് നന്ദി പറഞ്ഞു.
















