ന്യൂദല്‍ഹി : ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ കാസര്‍ഗോഡ് സ്വദേശി റിയാസ് അബൂബക്കറിനെതിരെ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയില്‍ കുറ്റപത്രത്തില്‍ പുതിയതായി കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
റിയാസ് എന്ന് വിളിപ്പേരുള്ള റിയാസ് അബൂബക്കറിനെ (29) ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലില്‍ പാലക്കാടു നിന്നാണ് അറസ്റ്റ് ചെയ്തത്. 120 ബി കുറ്റകരമായ ഗൂഢാലോചന പ്രകാരമാണ് റിയാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2015ല്‍ കാസര്‍ഗോഡു നിന്നും 14 പേര്‍ ഐഎസില്‍ ചേര്‍ന്നതിനു പിന്നില്‍ ഇയാള്‍ക്ക് പങ്കാളിത്തമുള്ളതായി കണ്ടെത്തിയെത്തിയിട്ടുണ്ട്. ഇവര്‍ അഫ്ഗാനിസ്ഥാന്‍ വഴി സിറിയയില്‍ എത്തുകയും 2016 മെയ് ജൂലൈ കാലയളവില്‍ ഐഎസില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. 2018ല്‍ കൊച്ചിയില്‍ ഐഎസുമായി ബന്ധമുള്ളവരുടെ യോഗം റിയാസ് വിളിച്ചു ചേര്‍ത്തെന്നും കേരളം ഉള്‍പ്പെടെ ഇന്ത്യയില്‍ ചാവേറാക്രമണത്തിന് പദ്ധതി തയാറാക്കിയെന്നും എന്‍ഐഎ. ഇതാനായി ഐഎസിന്റെ കൂടുതല്‍ ഭീകരരില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിച്ചെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ഏപ്രിലില്‍ അബൂബക്കറിനൊപ്പം അബ്ദുള്‍ റഷീദ് അബ്ദുള്ള, അഷ്ഫക് മജീദ് എന്നിവര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. സമൂഹ മാധ്യമങ്ങള്‍ വഴി ഐഎസിലേക്ക് ആളുകളെ ചോരാന്‍ പ്രരിപ്പിക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. ഐഎസുമായി ബന്ധപ്പെട്ട് ഗൂഢാലോചനയില്‍ ഇവരും പങ്കാളിത്തമുണ്ടായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതുകൂടാതെ ഐഎസ് ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ആളുകള്‍ക്ക് റിയാസും പ്രേരണ നല്‍കിയിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ഭീകര വിരുദ്ധ നിയമ പ്രകാരം ഇവര്‍ക്കെതിരെ അന്വേഷണം നടത്തി വരികയാണെന്നും ഒളിച്ചോടിയവര്‍ക്കുവേണ്ടി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ടെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.
















