ആലപ്പുഴ : വാക്കുപാലിച്ചു, ലക്ഷ്മിയുടെ കണ്ണീരൊപ്പാന്‍ പ്രകാശ് ബാബു എത്തി. പാണാവള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡ് കൊടിത്തറ കോളനിയിലെ നാലുകണ്ടത്തില്‍ ലക്ഷ്മിക്കാണ് അഡ്വ.കെ.പി. പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ സുരക്ഷിതമായ വീടൊരുങ്ങുന്നത്. സിപിഎമ്മിന്റെ മുന്‍ ബ്രാഞ്ച് സെക്രട്ടറി കൂടിയായ ലക്ഷ്മിയുടെ പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനിടയിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ മത്സരിച്ച പ്രകാശ് ബാബു എത്തിയത്.
പൊട്ടിപ്പൊളിഞ്ഞ് ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന ഒരു കൂരയിലാണ് വിധവയായ ലക്ഷ്മിയും രണ്ടു പെണ്‍മക്കളും പേരക്കുട്ടിയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഇളയമകള്‍ വികലാംഗയാണ്. കഴിഞ്ഞ പ്രളയകാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയും ലക്ഷ്മിക്ക് കിട്ടിയിട്ടില്ല. ഓര്‍മവച്ച നാള്‍മുതല്‍ സിപിഎമ്മിനു വേണ്ടി കൊടിപിടിച്ചും പ്രവര്‍ത്തിച്ചും പോസ്റ്ററൊട്ടിച്ചും പാര്‍ട്ടിയെ നെഞ്ചില്‍ കൊണ്ടുനടന്ന ലക്ഷ്മിയെ ചേര്‍ത്തുനിര്‍ത്തി ജയിച്ചാലും തോറ്റാലും ദുരിതത്തിന് പരിഹാരവുമായി എത്തുമെന്ന് പ്രകാശ് ബാബു വാക്കു നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ നാലുകണ്ടത്തില്‍ വീട്ടിലേക്ക് പ്രകാശ് ബാബു എത്തി. വീടിന്റെ അറ്റകുറ്റപ്പണിക്കായി ആദ്യ ഗഡുവായ 10,000 രൂപ ലക്ഷ്മിക്ക് കൈമാറി. വീടിന്റെ മേല്‍ക്കൂരയും പൊട്ടിപ്പൊളിഞ്ഞ ഭിത്തിയും അറ്റകുറ്റപ്പണി നടത്തുന്നതിന് ഏകദേശം ഒന്നരലക്ഷത്തോളം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. തുക സമാഹരിച്ച് നവംബര്‍ ആറിന് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് തീരുമാനം.
സമീപത്തു താമസിക്കുന്ന നിര്‍ധനനും വികലാംഗനുമായ യുവാവിന് ശൗചാലയം നിര്‍മിച്ചു നല്‍കാനും പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനും സഹായം ചെയ്യുമെന്ന് ഉറപ്പു യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി. റെനീഷ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇ. സാലു, ബിജെപി നിയോജകമണ്ഡലം സെക്രട്ടറി സി. മിഥുന്‍ലാല്‍, പി.പി. വൈശാഖ്, ഉണ്ണി, കെ.ഡി. ചന്ദ്രന്‍, സത്യന്‍, ഉത്തമന്‍, അശോകന്‍, വിനോദ് എന്നിവര്‍ പങ്കെടുത്തു.
















