ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില്‍ നിന്നും ആപ്പിളുകള്‍ കയറ്റി കൊണ്ടുപോവുകയായിരുന്ന ട്രക്കിനുനേരെ ഭീകരരുടെ ആക്രമണം. ഷോപിയാനില്‍ നടന്ന വെടിവയ്‌പ്പില്‍ രണ്ടു െ്രെഡവര്‍മാര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു ഡ്രൈവറെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചാബിലെ ഹൊഷിയാര്‍പുറില്‍ നിന്നുള്ള ജീവനാണ് പരിക്കേറ്റ ഒരാള്‍. ഇവരുടെ ട്രക്കിന് ഭീകരര്‍ തീയിട്ടു നശിപ്പിച്ചു.
ആപ്പിള്‍ വ്യാപാരിയും സഹായിയും തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചിട്ട് ഒരാഴ്ച തികയും മുന്‍പാണ് ഷോപിയാനില്‍ വീണ്ടും ആക്രമണം ഉണ്ടാകുന്നത്. ആപ്പിളുമായി പോകുന്ന ട്രക്ക് െ്രെഡവര്‍മാരെ ആക്രമിച്ച മൂന്നാമത്തെ സംഭവമാണിത്. സംസ്ഥാനത്ത് പുറത്തുനിന്ന് ജമ്മു കശ്മീരിലെത്തുന്ന തൊഴിലാളികളെ ഭീകരര്‍ ലക്ഷ്യമിടുന്നതിലൂടെ ജനങ്ങളില്‍ ഭയം സൃഷ്ടിക്കാനും വ്യാപാരം തടസ്സപ്പെടുത്താനുമാണ് ഇവര്‍ ശ്രമിക്കുന്നതെന്ന് ഉന്നത അധികാരികള്‍ വ്യക്തമാക്കി.
കശ്മീര്‍ താഴ്വരയില്‍ നിന്നും ആപ്പിളുകള്‍ കയറ്റി അയക്കുന്നത് കൂടുതല്‍ സജീവമായതോടെ ഭീകരര്‍ കടുത്ത നിരാശയിലാണെന്നും അതിനാലാണ് തുടര്‍ച്ചയായുളള ആക്രമണങ്ങള്‍ ഉണ്ടാകുന്നതെന്നും പോലീസ് പറഞ്ഞു. പോസ്റ്റ് പെയ്ഡ് മൊബൈല്‍ കണക്ഷനുകള്‍ പുനര്‍സ്ഥാപിച്ചതിനും ശേഷം ഭീകരരുടെ ഭീഷണികള്‍ക്കിടയിലും കശ്മീര്‍ താഴ്വരയില്‍ വ്യാപാരം നടന്നുവരുകയാണ്.
















