ഡെറാഡൂണ്‍: മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കേദാര്‍നാഥിലെ ശൈവ സന്നിധിയിലായിരുന്നു. മഹാരാഷ്‌ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെയാണ് ഫഡ്‌നാവിസ് കുടുംബസമേതം കേദാര്‍നാഥില്‍ ദര്‍ശനം നടത്തിയത്. ഇന്നലെയാണ് അദ്ദേഹം കേദാര്‍നാഥിലെത്തിയത്.
യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അദേഹം ദര്‍ശനത്തിനായി എത്തിയാതെന്ന് രുദ്രപ്രയാഗ് ജില്ലാ മജിസ്‌ട്രേറ്റ് മങ്കേഷ് ഗില്‍ഡിയാല്‍ പറഞ്ഞു. മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ഭാര്യ അമൃതയും ചേര്‍ന്ന് ശിവക്ഷേത്രത്തില്‍ പൂജ നടത്തുകയും ഒരു മണിക്കൂറോളം അവിടെ ചെലവഴിക്കുകയും ചെയ്തു. ദര്‍ശനം നടത്തുന്ന ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചു.

മെയ് മാസത്തിലെ ലോക്‌സഭാ ഫലത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് കേദാര്‍നാഥില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദര്‍ശനം നടത്തിയിരുന്നു. ഹരിയാനയിലും മഹാരാഷ്‌ട്രയിലും ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് അഞ്ച് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. മഹാരാഷ്‌ട്രയില്‍ 61.13 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
















