ന്യൂദല്‍ഹി:കര്‍താര്‍പൂര്‍ ഇടനാഴി കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും പാക്കിസ്ഥാനും. ദേര ബാബ നാനക്കിന് സമീപമുള്ള സീറോ പോയിന്റില്‍ വച്ചാണ് ഇരുപക്ഷവും കരാര്‍ ഒപ്പുവച്ചത്. നേരത്തെ ബുധനാഴ്ച നിശ്ചയിച്ചിരുന്ന പരിപാടി ഇന്നത്തേക്ക് മാറ്റിവക്കുകയായിരുന്നു. സിഖ് മതത്തില്‍ വലിയ പ്രാധാന്യമുള്ള സ്ഥലമാണ് കര്‍താര്‍പൂര്‍ ഗുരുദ്വാര. ഗുരുദ്വാര ഇപ്പോള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്താണ് ഗുരു നാനക് ദേവന്‍ തന്റെ ജീവിതത്തിലെ അവസാന 18 വര്‍ഷം ചെലവഴിച്ചത്. കര്‍താര്‍പൂര്‍ ഇടനാഴി ഉപയോഗിക്കുന്നതിന് ഇസ്ലാമാബാദ് നിര്‍ദ്ദേശിച്ച സേവന തുകയായ 20 യുഎസ് ഡോളര്‍ സ്വീകരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് തിങ്കളാഴ്ച ഇന്ത്യ വ്യക്തമാക്കിയിരുന്നു.
പഞ്ചാബിലെ ഗുരുദാസ്പൂരിലെ ദേര ബാബ നാനക് ദേവാലയത്തെ പാകിസ്ഥാനിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് കര്‍തര്‍പൂരുമായി ബന്ധിപ്പിക്കുന്നതാണ് ഈ ഇടനാഴി. നവംബര്‍ 11 ന് ആരംഭിക്കുന്ന ബാബാ ഗുരു നാനക്കിന്റെ 550ാം ജന്മദിനാഘോഷത്തിന് മുന്നോടിയായി നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടനാഴിയുടെ ഇന്ത്യന്‍ ഭാഗം ഉദ്ഘാടനം ചെയ്യും. ദേവാലയത്തിലേക്ക് എത്തുന്ന തീര്‍ഥാടകര്‍ക്ക് വിസ ആവശ്യമില്ലങ്കില്‍ പോലും പാസ്‌പോര്‍ട്ട് കൈവശമുണ്ടാകണം. അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാനിലെ കര്‍താര്‍പൂര്‍ ഇടനാഴി തുറക്കാന്‍ ഇരുപക്ഷവും കഴിഞ്ഞ വര്‍ഷമാണ് തീരുമാനിച്ചത്.
















