മുംബൈ: മഹാരാഷ്‌ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യം തുടര്‍ ഭരണത്തിനുള്ള കേവലഭൂരിപക്ഷം മറികടന്നു. അവസാന ലീഡ് നില പുറത്തുവരുമ്പോള്‍ 166 സീറ്റുകളിലാണ് ബിജെപി-ശിവസേന സഖ്യം മുന്നിട്ടുനില്‍ക്കുന്നത്. ബിജെപി 101, ശിവസേന 66, കോണ്‍ഗ്രസ്-എന്‍.സിപി സഖ്യം 96 സീറ്റുകളിലും മറ്റുള്ളവര്‍ 26 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. മഹാരാഷ്‌ട്ര നിയമസഭയിലെ ആകെയുള്ള 288 സീറ്റുകളില്‍ 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കഴിഞ്ഞ തവണ ബിജെപി 122 സീറ്റുകള്‍ നേടിയിരുന്നു. 63 സീറ്റ് നേടിയ ശിവസേനയുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.
മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ ചരിത്രം ഇതാദ്യമായാണ് ഇത്തരത്തില്‍ ഏകപക്ഷീയമായ തെരഞ്ഞെടുപ്പ് കാണുന്നത്. മഹാരാഷ്‌ട്രയെ വികസനത്തിന്റെ പാതയില്‍ കൈപിടിച്ച് നടത്തിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസാണ് മുന്നില്‍ നിന്ന് നയിച്ചത്. ഫട്‌നാവിസിനു മുന്‍പ് വസന്ത്‌റാവു നായിക് മാത്രമാണ് മഹാരാഷ്‌ട്രയില്‍ കാലാവധി പൂര്‍ത്തിയാക്കിയിട്ടുള്ളത്. 1967-72 കാലഘട്ടത്തിലാണ് നായിക് അഞ്ചു വര്‍ഷം പൂര്‍ത്തീകരിച്ചത്. 2014ല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി വിജയത്തിലെത്തിയതോടെയാണ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തത്.
രൂപീകൃതമായതിനു ശേഷമുള്ള ഇക്കഴിഞ്ഞ 60 വര്‍ഷത്തനിടയില്‍ 26 മുഖ്യമന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതില്‍ ശരദ് പവാര്‍ നാല് തവണയും വസന്തറാവു നായികും വസന്ത്ദാദ പാട്ടീലും മൂന്ന് തവണ വീതവും മുഖ്യമന്ത്രിമാരായിരുന്നു. ശംഖ്‌റാവു ചവാനും വിലാസ്‌റാവു ദേശ്മുഖും രണ്ട് തവണ വീതവും മുഖ്യമന്ത്രിമാരായിട്ടുണ്ട്. ബിജെപി- ശിവസേന സഖ്യം വീണ്ടും അധികാരത്തിലേറുന്നതോടെ സംസ്ഥാനത്തിന്റെ 47 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഭരണതുടര്‍ച്ച ലഭിക്കുന്ന കോണ്‍ഗ്രസിതര സഖ്യസര്‍ക്കാറായിരിക്കും ഇത്. തുടര്‍ച്ചയായി രണ്ടാമതും അധികാരത്തില്‍ വരുന്ന കോണ്‍ഗ്രസിതര മുഖ്യമന്ത്രി എന്ന ബഹുമതി ദേവേന്ദ്ര ഫട്‌നാവിസിന് ലഭിക്കും.
















