കൊച്ചി: പമ്പിങ് ശേഷി പതിനഞ്ച് ശതമാനത്തിലേക്ക് താഴ്ന്ന് ഹൃദയത്തിന്റെ താളം തെറ്റി അപകടകരമായ അവസ്ഥയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ച 50 കാരനായ രോഗിക്ക് അപൂര്‍വ ബൈപ്പാസ് ശസ്ത്രക്രിയയിലൂടെ പുതുജീവന്‍. ആലപ്പുഴ അരൂര്‍ സ്വദേശി ഹസനെയാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് തൊറാസിക് സര്‍ജന്‍ ഡോ. എം.കെ. മൂസക്കുഞ്ഞിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ബൈപ്പാസ് ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത്.
പമ്പിങ് ശേഷി തീരെ കുറവും ഹൃദയധമനികളില്‍ നാല് ബ്ലോക്കുകളുമുണ്ടായിരുന്ന ഹസന്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഇതിന് ബൈപ്പാസ് ശസ്ത്രക്രിയ അല്ലാതെ മറ്റ് പോംവഴികളില്ലെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍ ഈയവസ്ഥയില്‍ ശസ്ത്രക്രിയ ചെയ്യുന്നത് അപകടകരമാണെന്നും പറഞ്ഞ് കൈയ്യൊഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഹസ്സന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഡോ: എം.കെ.മൂസക്കുഞ്ഞിയുടെ അടുത്തെത്തുന്നത്.
ആന്‍ജിയോഗ്രാം അടക്കമുള്ള വിശദമായ രോഗനിര്‍ണയ പരിശോധനകള്‍ക്ക് ശേഷം ഹസനെ ‘ഹൈറിസ്‌ക്ക് ബൈപ്പാസ് സര്‍ജറിക്ക് വിധേയമാക്കുകയായിരുന്നു. ഹസന് സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് വന്നാണ് ഹൃദയത്തിന്റെ പമ്പിങ് ശേഷി സാധാരണ നിലയിലെ 60 ശതമാനത്തില്‍ നിന്നും 15 ശതമാനമായി താഴ്ന്നതെന്ന് ഡോ. മൂസക്കുഞ്ഞി പറഞ്ഞു. ഇത് 12 ശതമാനത്തിനും താഴെ ആയിരുന്നെങ്കില്‍ ജീവഹാനി വരെ സംഭവിക്കുമായിരുന്നു. ശസ്ത്രക്രിയയ്‌ക്ക് ശേഷം സുഖം പ്രാപിച്ച ഹസന്റെ പമ്പിങ് ശേഷി വരും മാസങ്ങളില്‍ കൂടാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍ വിശദീകരിച്ചു.
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ഹൃദയ ശസ്ത്രക്രിയ നടക്കുന്ന ബെര്‍ലിനിലെ ജര്‍മ്മന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ കാര്‍ഡിയാക് തൊറാസിക് ഗസ്റ്റ് സര്‍ജന്‍ കൂടിയാണ് ഡോ. മൂസക്കുഞ്ഞി.
















