ന്യൂദല്‍ഹി: 83 തേജസ് ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റുകള്‍ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. വ്യോമസേനയും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്എഎല്‍) തമ്മിലുളള ചര്‍ച്ചകള്‍ പൂര്‍ത്തിയായല്‍ ഉടന്‍ പോര്‍വിമാനങ്ങള്‍ കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തിന്റെ വില സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അതു തീരുമാനമായാല്‍ ഉടന്‍ എച്ച്എഎല്ലുമായി വ്യോമസേന കരാറില്‍ ഏര്‍പ്പെടുമെന്നും മുതിര്‍ന്ന ഐഎഎഫ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.
കരാറിന്റെ ഭാഗമായി 45,000 കോടി രൂപയോളം ചെലവാകുമെന്നാണ് വ്യോമസേന പ്രതീക്ഷിക്കുന്നത്. മാര്‍ക്ക് 1 എ വേരിയന്റിലെ തേജസ് എല്‍സിഎ വിമാനത്തിന് വേഗതയേറിയ ആയുധം ലോഡിങ്ങ് സമയം, മികച്ച ഇലക്ട്രോണിക് യുദ്ധ സ്യൂട്ട്, ആക്റ്റീവ് ഇലക്ട്രോണിക് സ്‌കാന്‍ഡ് അറേ (എഇഎസ്എ) റഡാര്‍ എന്നിവയുണ്ട്. 2017 ഡിസംബറില്‍ 83 എല്‍സിഎ നേടുന്നതിനായി വ്യോമസേന എച്ച്എഎല്ലിന് സിംഗിള്‍ വെണ്ടര്‍ ടെണ്ടര്‍ നല്‍കിയിരുന്നു.
















