ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആരോഗ്യനില ഗുരുതരം. പ്ലേറ്റ്‌ലെറ്റ് കൗണ്ട് 2,000 ആയി കുറഞ്ഞതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭഗത്തില്‍ ചികിത്സയിലാണ് ഷെരീഫ്. എന്നാല്‍, ഇപ്പോള്‍ പാകിസ്ഥാനി സമൂഹത്തിനിടയില്‍ നവാസ് ഷെരീഫിന്റെ ആരോഗ്യനില സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നിയന്ത്രനാധീതമായുള്ള പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവിനു കാരണം വിഷം ഉള്ളില്‍ ചെന്നതാകാമെന്ന് പാകിസ്ഥാന്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ സംശയിക്കുന്നു.
സാധാരണ മനുഷ്യരില്‍ പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ട് 1,50,000 മുതല്‍ 4,00,000 വരെയാണ്. എന്നാല്‍ ഷെരീഫിന്റെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് 2,000 ആയി കുറഞ്ഞതില്‍ അസ്വാഭാവികതയുണ്ടെന്നാണ് ചിലരുടെ ആരോപണം. പനാമ പേപ്പര്‍ കുംഭകോണ ക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷെരീഫ് 2018 ഡിസംബര്‍ 24 മുതല്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. തങ്ങള്‍ക്കെതിരെ പോരാടിയതിന് ഷെരീഫിനെ കൊല്ലാന്‍ പാകിസ്ഥാന്‍ ഭരണകൂടം ശ്രമിക്കുന്നുവെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. മൂന്ന് തവണ രക്തപ്പകര്‍ച്ചയ്‌ക്കുശേഷം പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം 16,000 ആയി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, ലാഹോറിലെ കോട്ട് ലഖ്പത് ജയിലില്‍ വിചാരണ തടവ് നേരിടുന്ന ഷെരീഫിന്റെ മകള്‍ മറിയം ഷെരീഫ് ആശുപത്രിയിലെത്തി പിതാവിനെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യവും താഴ്ന്ന രക്തസമ്മര്‍ദ്ദം അനുഭവപ്പെട്ട മറിയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.















