വാഷിങ്ടന്‍: ലോക ബാങ്കിന്റെ ബിസിനസ് സൗഹൃദ പട്ടികയില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ലോക ബാങ്കിന്റെ പട്ടികയില്‍ 14 സ്ഥാനങ്ങള്‍ കൂടി കീഴടക്കി ഇന്ത്യ 63ാമതെത്തി. 190 രാജ്യങ്ങളുള്ള ലോകബാങ്കിന്റെ ബിസിനസ് സൗഹൃദ പട്ടികയില്‍ 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം 142ാമതായിരുന്നു. മോദി സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയും വിദേശനിക്ഷേപം ആകര്‍ഷിക്കാനുള്ള നടപടികളുമാണ് ഇന്ത്യന്‍ കുതിപ്പിനു കാരണമെന്നു ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വകാര്യ മേഖലയിലെ മത്സരക്ഷമത രാജ്യത്തിനു ഗുണകരമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിസിനസ് അനുകൂല അന്തരീക്ഷത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലുള്ള 50 രാജ്യങ്ങളില്‍ ഒന്നാകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി 2014ല്‍ അധികാരത്തിലേറുമ്പോള്‍ പ്രഖ്യാപിച്ചിരുന്നു. ന്യൂസിലന്‍ഡ്, സിംഗപ്പുര്‍, ഹോങ്കോങ് എന്നീ രാജ്യങ്ങളാണു പട്ടികയില്‍ മുന്നില്‍. തുടര്‍ച്ചയായി മൂന്നാം തവണയും മികച്ച പ്രകടനം കാഴ്ച വയ്‌ക്കുന്ന 10 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിച്ചു. 2018 ലാണ് ഇന്ത്യ 100ാം സ്ഥാനത്തെത്തിയിരുന്നത്. 2017ല്‍ ഇറാനും ഉഗാണ്ടയ്‌ക്കും താഴെ 130ാം സ്ഥാനമായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കൊണ്ടുമാത്രം ഇന്ത്യ 23 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 77ാം റാങ്കിലെത്തി. ഇപ്പോള്‍ 14 സ്ഥാനങ്ങള്‍ കൂടി കടന്ന് 63ാം സ്ഥാനത്തും.
റിസര്‍വ് ബാങ്കും ലോകബാങ്കും രാജ്യാന്തര നാണ്യനിധിയും രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചാ പ്രവചനം കുറച്ചിരിക്കുന്ന സാഹചര്യത്തിലാണു ലോകബാങ്കിന്റെ ബിസിനസ് സൗഹൃദ പട്ടികകൂടി പുറത്തുവന്നിരിക്കുന്നത്. സംരംഭം തുടങ്ങുന്നതും നടത്തുന്നതും സംബന്ധിച്ച 10 മാനദണ്ഡങ്ങളില്‍ ആറിലും ഇന്ത്യ പുരോഗതി നേടി. സംരംഭകത്തുടക്കം, നിര്‍മാണ അനുമതി, വൈദ്യുതി ലഭ്യത. വായ്‌പാ ലഭ്യത, അതിര്‍ത്തി കടന്നുള്ള വ്യാപാരം, കരാര്‍ വ്യവസ്ഥകള്‍ തുടങ്ങിയ കാര്യങ്ങളിലാണു നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്.
ലോകബാങ്ക് പട്ടികയില്‍ ഇന്ത്യ നടത്തിയ മുന്നേറ്റത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് നീതി ആയോഗ് സിഇഒ അമിതാബ് കാന്ത് ട്വിറ്ററില്‍ കുറിച്ചു. നേരത്തേ ബിസിനസ് തുടങ്ങുന്ന കാര്യത്തിലും വ്യവസായ വാണിജ്യ തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന കാര്യത്തിലും വസ്തുവകകളുടെ രജിസ്‌ട്രേഷനിലും ഇന്ത്യ വളരെ പിന്നിലായിരുന്നു. എന്നാല്‍ പിന്നീടു സര്‍ക്കാര്‍ സ്വീകരിച്ച പല നടപടികളും ഇന്ത്യന്‍ കുതിപ്പിനു കാരണമായതെന്നാണ് അദ്ദേഹം പറഞ്ഞത്.
















