ന്യൂദല്‍ഹി: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ടെലികോം കമ്പനികളായ എം.ടി.എന്‍.എലും ബി.എസ്.എന്‍.എലും ലയിപ്പിക്കാന്‍ മോദി സര്‍ക്കാര്‍. ടെലികോം കമ്പനിയെ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായാണ് ഇവ തമ്മില്‍ ലയിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദാണ് ലയനതീരുമാനം അറിയിച്ചത്.
സമ്പൂര്‍ണ ലയനത്തിന് ശേഷം ബി.എസ്.എന്‍.എലിന്റെ അനുബന്ധ സ്ഥാപനമായി എം.ടി.എന്‍.എല്‍ പ്രവര്‍ത്തിക്കും. ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ജീവനക്കാര്‍ക്ക് വി.ആര്‍.എസ് നടപ്പാക്കുന്നത്. ആകര്‍ഷകമായ സ്വയം വിരമിക്കല്‍ പാക്കേജാകും നടപ്പിലാക്കുക. ഇതിനായി 29,937 കോടി രൂപ സര്‍ക്കാര്‍ നീക്കിവെക്കുമെന്നും രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
പൊതുമേഖലാ ടെലികോം കമ്പനികള്‍ക്ക് 4 ജി സേവനങ്ങള്‍ക്കുള്ള സ്‌പെക്ട്രം അനുവദിക്കാനും കടപ്പത്രം പുറപ്പെടുവിക്കുക വഴി കടബാധ്യത പുനക്രമീകരിക്കാനും, തൊഴിലാളികളുടെ എണ്ണം കുറയ്‌ക്കാനും, ആസ്തി പണയം വയ്‌ക്കാനുമുള്ള നിര്‍ദ്ദേശത്തിനും കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ബി.എസ്.എന്‍.എല്ലിനും, എം.ടി.എന്‍.എല്ലിനും 15,000 കോടി രൂപയുടെ ദീര്‍ഘകാല കടപ്പത്രം നിര്‍വ്വഹിക്കും. കേന്ദ്ര ഗവണ്‍മെന്റ് ഇതിന് ജാമ്യം നില്‍ക്കും. ഇതുവഴി ബി.എസ്.എന്‍.എല്ലും, എം.ടി.എന്‍.എല്ലും തങ്ങളുടെ നിലവിലുള്ള കടബാധ്യത പുനക്രമീകരിക്കും. ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍. ലേലത്തിന് തത്വത്തില്‍ അംഗീകാരം. ഈ പുനരുദ്ധാരണ പദ്ധതി നടപ്പാലാക്കുന്നതോടെ രാജ്യത്തെ ഗ്രാമീണ, വിദൂരസ്ഥ മേഖലകളിലുള്‍പ്പെടെ കരുത്തുറ്റ വാര്‍ത്താവിനിമയ ശൃംഖല വഴി ഗുണനിലവാരമുള്ളതും, ശ്രയിക്കാവുന്നതുമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ബി.എസ്.എന്‍.എല്ലും, എം.ടി.എന്‍.എല്ലും കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
















