തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എല്‍ഡിഎഫിനും യുഡിഎഫിനും വേണ്ടി മനോരമ ന്യൂസ് വാര്‍ത്ത ചമച്ചുവെന്ന് ബിജെപി. വോട്ടര്‍മാരെ സാധീനിക്കാനായി ചാനല്‍ പ്രത്യക്ഷമായി രംഗത്തിറങ്ങിയതിനെതിരെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള സമയക്രമത്തിന് മുമ്പ് തന്നെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടാണ് മനോരമ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയത്. പല ബൂത്തുകളില്‍ വോട്ടര്‍മാര്‍ വോട്ട് ചെയ്യാനായി ക്യൂവില്‍ നില്‍ക്കുന്ന സമയത്താണ് മനോരമ എക്‌സിറ്റ് പോള്‍ ഫലമെന്ന രീതിയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും വേണ്ടി പ്രചരണം നടത്തിയത്. ഇതിനെതിരെ ബിജെപി പാലക്കാട് ജില്ല അധ്യക്ഷന്‍ ഇ. കൃഷ്ണദാസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പ് അവസാനിച്ച് 6:30ന് ശേഷമേ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടാവൂ എന്നാണ് ചട്ടം. എന്നാല്‍ ഇതു ലംഘിച്ചു കൊണ്ടാണ് മനോരമ വൈകിട്ട് 6.15 മുതല്‍ തങ്ങളുടെ എക്‌സിറ്റ് പോള്‍ പുറത്തു വിട്ടത്. ഈ സമയം പല ബൂത്തുകളില്‍ വോട്ട് ചെയ്യാനായി വോട്ടര്‍മാര്‍ ക്യൂ നില്‍ക്കുകയായിരുന്നു. 6.15ന് തന്നെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന് ബിജെപിയുടെ പരാതിയില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് ദിവസം കേരളത്തില്‍ ഉണ്ടായ കനത്ത മഴ മൂലം നിരവധി ബൂത്തുകളില്‍ 7:30 വരെ പോളിങ്ങ് നടന്നിരുന്നു. ഈ സമയത്ത് എക്‌സിറ്റ് പോള്‍ പുറത്തുവിട്ട് അവശേഷിക്കുന്ന വോട്ടര്‍മാരെ സ്വാധീനിക്കുകയും അതുവഴി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ബിജെപിയുടെ പരാതി. ആരോപണം തെളിഞ്ഞാല്‍ രണ്ടു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചാനല്‍ അധികൃതര്‍ നടത്തിരിക്കുന്നതെന്നും ബിജെപി പാലക്കാട് ജില്ല അധ്യക്ഷന്‍ പറഞ്ഞു.

മനോരമ ന്യൂസ് 6.15ന് ആദ്യം പുറത്തുവിട്ടത് കോന്നി നിയോജകമണ്ഡലത്തിലെ എക്‌സിറ്റ് പോള്‍ ഫലമാണ്. കെ. സുരേന്ദ്രന് എതിരെ അവസാന നിമിഷം പോലും ഒരു വോട്ട് പോള്‍ ചെയ്യിപ്പിക്കരുതെന്ന ഗൂഢലക്ഷ്യം ചാനലിന് ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ചട്ടങ്ങള്‍ ലംഘിച്ച് ചാനല്‍ അവതാരകര്‍ തന്നെ പ്രവര്‍ത്തിച്ചത്. കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് തോറ്റത് വെറും 89 വോട്ടിനാണ്. ചാനല്‍ എക്‌സിറ്റ് പോള്‍ ഈ ഫലം പുറത്തു വിടുന്ന സമയം നൂറുകണക്കിനാളുകള്‍ വോട്ട് ചെയ്യാന്‍ ക്യൂവില്‍ ബാക്കിയുണ്ടായിരുന്നു. അവരെ സ്വാധീനിക്കാനാണ് മനോരമ ഇത്തരമൊരു നീക്കം നടത്തിയത്.
















