ന്യൂദല്‍ഹി: ഭാരതീയരെ കുടുക്കാന്‍ പുതിയ തന്ത്രങ്ങളുമായി സൈബര്‍ലോകം. പ്രശസ്തരുടെ പേരുകളുപയോഗിച്ച് വൈറസ് ആക്രമണങ്ങള്‍ നടത്താന്‍ ശ്രമമെന്ന് അമേരിക്കന്‍ ആസ്ഥാനമായ ആഗോള കമ്പ്യൂട്ടര്‍ സുരക്ഷാ സോഫ്റ്റ് വെയര്‍ കമ്പനി മെക്കഫി എല്‍എല്‍സിയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. എം.എസ്. ധോണി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പടെ പ്രമുഖരെക്കുറിച്ചുള്ള ഇന്റര്‍നെറ്റ് സെര്‍ച്ചിംഗ് കമ്പ്യൂട്ടറിലും ഫോണിലും വൈറസ് ആക്രമണത്തിന് സാധ്യത കൂട്ടുന്നു എന്നാണ് റിപ്പോര്‍ട്ട്.
സച്ചിന്റെയും ധോണിയുടെയും പേരില്‍ നിരവധി മാല്‍വെയറുകള്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ പിടികൂടാന്‍ വലിയതോതില്‍ സജീവമാണ് എന്ന് പഠനം പറയുന്നു. ധോണിയുടെ പേരിലാണ് മാല്‍വെയറുകള്‍ കൂടുതല്‍. രണ്ടാം സ്ഥാനത്ത് സച്ചിനാണ്. മൂന്നാം സ്ഥാനത്ത് ബിഗ് ബോസ് 8ലെ വിജയിയായ ഗൗതം ഗുലാത്തിയാണ്. പെയ്ഡ് ആപ്പുകളുടെയും സൈറ്റുകളുടെയും ഉപയോഗം ഇന്ത്യയില്‍ സജീവമായതിനെതുടര്‍ന്ന് സ്‌പോര്‍ട്‌സ് താരങ്ങളും, സിനിമ താരങ്ങളും ഉള്‍പ്പെടുന്ന കണ്ടന്റുകള്‍ തിരയുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിന്റെ ആനുകൂല്യം മുതലാക്കുവാനാണ് സൈബര്‍ ഹാക്കര്‍മാര്‍ ഇത്തരം മാല്‍വെയറുകള്‍ നിര്‍മ്മിച്ചു വിടുന്നതെന്നാണ് മെക്കഫി റിപ്പോര്‍ട്ട് പറയുന്നത്.
വിവിധ വെബ് സൈറ്റുകളില്‍ സെലിബ്രറ്റികളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ ടാഗുകള്‍ നല്‍കുകയും താരങ്ങളുടെ കണ്ടന്റ് സെര്‍ച്ച് ചെയ്യുന്നവരുടെ ഇടയിലേക്ക് ഈ സൈറ്റുകള്‍ കടന്നുവരുകയും ചെയുന്നു. ഇത്തരത്തിലുള്ള ടാഗുകളിലോ ഹൈപ്പര്‍ ലിങ്കുകളിലൊ ക്ലിക്ക് ചെയ്യുന്ന ഉപയോക്താക്കളുടെ കമ്പ്യൂട്ടറിലേക്കും ഫോണിലേക്കും വൈറസുകള്‍ കടക്കുന്നു. സീസണുകള്‍ അനുസരിച്ച് ഇവര്‍ വിവിധ ടാഗുകള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സണ്ണി ലിയോണ്‍, രാധിക അപ്‌തേ, ശ്രദ്ധ കപൂര്‍, ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗര്‍, പി.വി. സിന്ധു തുടങ്ങിയവരുടെ പേരിലും മാല്‍വെയറുകള്‍ സജീവമാണ്. കാലിഫോര്‍ണിയയിലെ സാന്റാ ക്ലാര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സമര്‍പ്പിത സുരക്ഷാ സാങ്കേതിക കമ്പനിയാണ് മെക്കഫി.
















