പത്തനംതിട്ട: ശക്തമായ മഴയില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും താഴ്ന്ന ഭാഗങ്ങളില്‍ വെള്ളക്കെട്ടും രൂപപ്പെട്ടു. ജില്ലയിലെ നദികളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നു. ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച കനത്തമഴ ഉച്ചക്ക് ശേഷമാണ് ശമിച്ചത്. ജലനിരപ്പ് ഉയര്‍ന്നതോടെ മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.
കോന്നിയുടെ വിവിധ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചെങ്ങറത്തോട് കരകവിഞ്ഞ് അട്ടച്ചാക്കല്‍ പാടശേഖരത്തില്‍ വെള്ളം കയറി. കോന്നി പൊന്തനാംകുഴി മുരുപ്പിന് മണ്ണിടിച്ചില്‍ ഉണ്ടായത് ജനങ്ങളെ ഭീതിയിലാഴ്‌ത്തി. ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് ശക്തമായ മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. ഇതെ തുടര്‍ന്ന് പൊന്തനാംകുഴി ഐഎച്ച്ഡിപികോളനിയിലെ പതിനഞ്ചോളം കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിച്ചു. ഇതിന് മുന്‍പും ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. ശക്തമായ മഴയില്‍ കോന്നി, അരുവാപ്പുലം, കലഞ്ഞൂര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കലഞ്ഞൂര്‍ പഞ്ചായത്തിലെ കുറ്റിമണ്‍ ഭാഗത്ത് പത്തോളം വീടുകളില്‍ വെള്ളം കയറി. ഇവരെ പിന്നീട് ഇവിടെ നിന്ന് മാറ്റി പാര്‍പ്പിച്ചു.
കനത്ത മഴയെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ തോടുകളും, ഓടകളും കരകവിഞ്ഞെഴുകിയതാണ് വീടുകളില്‍ വെള്ളം കയറാന്‍ പ്രധാന കാരണമായത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വകയാര്‍, കോട്ടയം മൂക്ക്, ഇടത്തറ ഭാഗങ്ങളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
















