കൊച്ചി: എറണാകുളം കുളമാക്കിയ മഴവെള്ളക്കെട്ട് കേരള വികസന മോഡല്‍ ചര്‍ച്ചയായി മാറുന്നു. സമൂഹമാധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും മാത്രമല്ല, ചിന്തിക്കുന്നവരെല്ലാം ചര്‍ച്ച ചെയ്യുന്നത് കേരളത്തിന്റെ ദിശാബോധമില്ലാത്ത ആസൂത്രണ പരിഷ്കരണങ്ങളെക്കുറിച്ചാണ്.
കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ അമൃത് പദ്ധതിയും സ്മാര്‍ട് സിറ്റി പദ്ധതിയും വഴി 623 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കൊച്ചി കോര്‍പ്പറേഷനില്‍ നടക്കേണ്ടത്. കേന്ദ്ര നഗര വികസന വകുപ്പ് സ്മാര്‍ട് സിറ്റി പദ്ധതിക്കായി കോര്പ്പറേഷന് 500 കോടി രൂപയാണ് നല്‍കിയത്. സംസ്ഥാന സര്‍ക്കാരും കോര്‍പ്പറേഷനും ചേര്‍ന്ന് 500 കോടി കൂടി മുടക്കി നഗര ആസൂത്രണവും വികസനവും നടപ്പാക്കി കൊച്ചിയെ അന്താരാഷ്ട്ര നിലവാരമുള്ള നഗരമാക്കണമെന്നാണ് പദ്ധതി. പക്ഷേ, മോദി സര്‍ക്കാര്‍ രൂപ കൊടുത്തു, കേരള സര്‍ക്കാര്‍ കൊടുത്തത് പേരിന് വെറും ഒരുലക്ഷത്തില്‍താഴെ രൂപ. കോര്‍പ്പറേഷനാകട്ടെ വരുമാനമില്ലെന്ന് പറഞ്ഞ് വിഹിതം കൊടുത്തിട്ടുമില്ല.
പാലാരിവട്ടം പാലവും മരട് ഫ്ലാറ്റും എറണാകുളത്തെ ഉപതെരഞ്ഞെടുപ്പിലെ ചിഹ്നങ്ങളാണെന്ന് സമൂഹമാധ്യമ ട്രോളുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിയും കോര്പ്പറേഷന് ഭരിക്കുന്ന ഐക്യമുന്നണിയും അഴിമതിമൂലം ഈ ലക്ഷ്യംകെട്ട ഈ രണ്ടു കാര്യങ്ങളും ചര്‍ച്ചയാകാതെ നോക്കി. എന്നാല്‍, വോട്ടെടുപ്പു ദിവസം സാധാരണക്കാര്‍ മുതല്‍ കടുത്ത രാഷ്ട്രീയ വാദക്കാര്‍വാരെ ചര്‍ച്ച ചെയ്തത് ഇതൊക്കെത്തന്നെയായിരുന്നു.
മരടിലെ അഴിമതി ഫ്ലാറ്റുകളെ മാത്രം ശിക്ഷിച്ചാല്‍ മതിയോ, സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടിലെയും ആസൂത്രണത്തിലെയും പിഴവല്ലേ ഇതെന്ന് സുരേഷ് ഗോപി എംപി ചോദിച്ചതോടെ ചര്‍ച്ചയും ചിന്തയും പല തലത്തിലെത്തി. കേരളത്തിന്റെ വികസനവും നവകേരളത്തിന്റെ നിര്‍മാണവും സംബന്ധിച്ച വിശദവും വിപുലവുമായ ചര്‍ച്ചകള്‍ വേണമെന്ന നിര്‍ദേശങ്ങള്‍ ഉയര്‍ന്നു.
കേരളത്തിന്റെ മെട്രോ നഗരമെന്നു പറയുന്ന എറണാകുളത്ത് നഗരത്തില്‍ വെള്ളപ്പൊക്കമായിരുന്നു. പ്രധാന റോഡായ എംജി റോഡ് മുങ്ങി. കടകളും ഓഫീസുകളും വെള്ളത്തിനടിയിലായി. ഇടപ്പള്ളിയില്‍ അടുത്തെങ്ങും ഇങ്ങനെ മഴവെള്ളം നാശമുണ്ടാക്കിയതായി മുതിര്‍ന്നവര്‍ക്കും ഓര്‍മയില്ല. സൗത്ത് റെയില്‍വേ സ്റ്റേഷന് മുങ്ങി. ട്രെയിന്‍ സര്‍വീസ് നിര്‍ത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് മുങ്ങി. വൈറ്റില ഹബ്ബും വെള്ളത്തിലായി. കലൂരിലെ കെഎ്സഇബി മെയിന്‍ സ്റ്റേഷനില്‍ വെള്ളം കയറി. വൈദ്യുതി ഇന്നലെ മുടങ്ങിയതു മാത്രമല്ല, ദീര്‍ഘകാല നാശമാണുണ്ടായത്.
കോര്പ്പറേഷന് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത് ഒന്നു മറ്റൊന്നിന് ദോഷകരമാണ്. നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി, കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ പെട്ട് തയാറാക്കിയ 123 കോടി രൂപയുടെ പദ്ധതിയില്‍ പലതും പാതിവഴിയിലേ എത്തിയിട്ടുള്ളു. നഗരത്തിലെ ബിജെപി കൗണ്‍സിലര്‍ സുധ ദിലീപിന്റെ വാര്‍ഡിലെ പദ്ധതികള്‍ നടന്നു. ബാക്കിയെല്ലാം പാതിവഴിയിലോ തുടക്കത്തിലോ ആണ്. ബിജെപി-മോദി പദ്ധതിയെന്ന തൊട്ടുകൂടായ്മയാണ് രാഷ്ട്രീയ പ്രതിയോഗികള്‍ക്ക്. 2011-12 വര്‍ഷമാണ് കൊച്ചി കോര്പ്പറേഷന് വാപ്കോസ് എന്ന സ്ഥാപനത്തെക്കൊണ്ട് പഠനം നടത്തിച്ച് നഗരത്തില്‍ കിഴക്കോട്ട് ഒഴുകുന്ന ഓടകളും ചാലുകളും ചെറു ജലവാഹിനികളും പടിഞ്ഞാട്ടാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. അതൊന്നും ഇനിയും പൂര്‍ണമായും നടപ്പാക്കിയിട്ടില്ല.
സൂക്ഷ്മ വിശകലനം നടത്തിയാല്‍ കൊച്ചി നഗര വികസനത്തില്‍ സംസ്ഥാന സര്‍ക്കാരുകളും കോര്‍പ്പറേഷനും കാണിക്കുന്ന അനാസ്ഥയും അഴിമതിയും വ്യക്തമാകും. ഇന്നലത്തെ മഴവെള്ളക്കെട്ടില്‍ നഷ്ടം സംഭവിച്ച കച്ചവടക്കാരും സ്ഥാപനങ്ങളും നഗരവാസികളും ചേര്‍ന്ന് കോര്‍പ്പറേഷനെതിരേ നിയമ-നീതി സംവിധാനങ്ങളെ സമീപിക്കാന്‍ ആലോചിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: