ന്യൂദല്‍ഹി: അഴിമതിക്കേസില്‍ ത്രിപുരയിലെ മുന്‍ പൊതുമരാമത്ത് മന്ത്രിയും എംഎല്‍എയും സിപിഎം നേതാവുമായ ബാദല്‍ ചൗധരിയെ അറസ്റ്റ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ എസ്പി ഉള്‍പ്പെടെ ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ആറ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. തുടര്‍ച്ചയായ അഞ്ചാം ദിവസവും ഒളിവിലുള്ള ചൗധരിയെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഈ മാസം 16 വരെ കോടതി ജാമ്യം അനുവദിച്ചിരുന്നു. വീണ്ടും സമീപിച്ചെങ്കിലും നീട്ടി നല്‍കാന്‍ കോടതി വിസമ്മതിച്ചു. ഇതോടെയാണ് അറസ്റ്റിന് നീക്കം തുടങ്ങിയത്. 2008-09 കാലത്ത് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള 638 കോടി രൂപയുടെ 13 പദ്ധതികളില്‍ അഴിമതി നടത്തിയതിനാണ് കേസ്. 228 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് കണ്ടെത്തല്‍. ഇത് ത്രിപുരയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണെന്ന് വിദ്യാഭ്യാസ മന്ത്രി രത്തന്‍ലാല്‍ നാഥ് പറഞ്ഞു. മുന്‍ ചീഫ് സെക്രട്ടറി യശ്പാല്‍ സിങ്, പിഡബ്ല്യുഡി ചീഫ് എഞ്ചിനീയറായി വിരമിച്ച സുനില്‍ ഭൗമിക് എന്നിവരും പ്രതികളാണ്. അഴിമതി, വഞ്ചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
എട്ട് തവണ എംഎല്‍എയായ ചൗധരിയെ കഴിഞ്ഞ ആഗസ്റ്റ് 23ന് വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിലും വീട്ടിലും എംഎല്‍എ ഹോസ്റ്റലിലും പോലീസ് റെയ്ഡ് നടത്തി. ബിജെപി സര്‍ക്കാര്‍ രാഷ്‌ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് സിപിഎം ആരോപിച്ചു. എന്നാല്‍, സര്‍ക്കാര്‍ തങ്ങളുടെ ജോലി ചെയ്യുക മാത്രമാണെന്ന് ചെയ്യുന്നതെന്ന് ബിജെപി വക്താവ് നബേന്ദു ഭട്ടാചാര്യ വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥര്‍ അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് നടപടിയുണ്ടായത്. സത്യം പുറത്തുവരാന്‍ ചൗധരിയെ അറസ്റ്റ് ചെയ്യേണ്ടതുണ്ട്, അദ്ദേഹം വ്യക്തമാക്കി. 25 വര്‍ഷത്തെ സിപിഎം ഭരണത്തില്‍ നിരവധി അഴിമതികളാണ് അരങ്ങേറിയത്. മന്ത്രിമാരുള്‍പ്പെടെ ആരോപണം നേരിട്ട ചിട്ടി തട്ടിപ്പ് അഴിമതി കേസുകള്‍ സിബിഐ അന്വേഷണത്തിലാണ്.
















