തിരുവനന്തപുരം: തെരുവിന്റെ കവി എ. അയ്യപ്പന് ജന്മനാട്ടിലുണ്ട് ഒരു സ്മാരകം. നേമം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന് മുന്നിലെ ആല്‍മരത്തണല്‍ കഴിഞ്ഞ കൊല്ലം ‘ആലരങ്ങ്’ എന്ന സര്‍ഗവേദിയായി. കവിയുടെ സ്മരണയുണര്‍ത്തുന്ന ഏക സ്മാരകവും ഇതുതന്നെ.
2010 ല്‍ തെരുവില്‍ മരിച്ചുവീണ കവിക്ക് ജന്മനാട്ടില്‍ ഉചിതമായ സ്മാരകമെന്നത് കാലങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമായിരുന്നു. നേമം ബ്ലോക്ക് ആസ്ഥാനത്തുള്ള അയ്യപ്പന്‍ സ്മാരക ഗ്രന്ഥശാലയ്‌ക്ക് മുന്നിലെ ആല്‍മരച്ചുവട് അയ്യപ്പന്റെ ഓര്‍മയ്‌ക്കായി ഒരു സര്‍ഗവേദിയാക്കാമെന്ന ആശയം കാട്ടാക്കട പ്രസ്‌ക്ലബ്ബാണ് മുന്നോട്ടുവച്ചത്. ഇത് ബ്ലോക്ക് പഞ്ചായത്ത് അംഗീകരിച്ചു. തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ പണികള്‍ നടന്നു.
ആല്‍മരത്തിന് ചുറ്റും നാലടി ഉയരത്തില്‍ വൃത്താകൃതിയില്‍ തിട്ടയുണ്ടാക്കി. മുകള്‍തട്ട് ടൈലുകള്‍ പാകി മിനുക്കി. ആല്‍മരത്തെ ചുറ്റി ഏഴടി ഉയരത്തില്‍ അര്‍ധവൃത്താകൃതിയില്‍ ചുവരുണ്ടാക്കി. ഈ ചുവരില്‍ കറുത്ത ചായംപൂശി. ഒരു വശത്ത് കവിയുടെ ഛായാചിത്രവും മറുവശത്ത് അയ്യപ്പന്‍ എഴുതിയ ആലില എന്ന കവിതയിലെ വരികളും സ്വര്‍ണനിറത്തില്‍ ആലേഖനം ചെയ്തു. കടുംചായങ്ങള്‍ തേയ്‌ക്കാതെ, ആഡംബരങ്ങള്‍ ഒഴിവാക്കിയായിരുന്നു ആലരങ്ങിന്റെ രൂപകല്‍പ്പന. ശില്‍പ്പി കാനായി കുഞ്ഞിരാമനാണ് കഴിഞ്ഞ വര്‍ഷം അയ്യപ്പന്റെ ജന്മദിനമായ ഒക്ടോബര്‍ 27 ന് ആലരങ്ങ് നാടിന് സമര്‍പ്പിച്ചത്.
















