തിരുവനന്തപുരം: സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ ഉപയോഗ കാലാവധി വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കെ.എസ്.ആര്.ടി.സി. നിലവിലെ കാലവധി ഏഴുവര്‍ഷമാണ്. ഇത് ഒമ്പതുവര്‍ഷമാക്കി നീട്ടണമെന്നാണ് കെ.എസ്.ആര്.ടി.സി എം.ഡി. നല്‍കിയ കത്തില്‍ ആവശ്യപെട്ടു. കാലാവധി നീട്ടാത്ത പക്ഷം ആറുമാസത്തിനുള്ളില്‍ കാലാവധി കഴിയുന്ന 415 സൂപ്പര്‍ ഫാസ്റ്റുകള്‍ പിന്‍വലിക്കേണ്ടിവരുമെന്നും പകരമിറക്കാന്‍ പുതിയ ബസുകളില്ലെന്നും കത്തില്‍ വിശദീകരിച്ചു.
മുമ്പ് അഞ്ചുവര്‍ഷമായിരുന്നു സൂപ്പര്‍ ക്ലാസ് സര്‍വീസുകളുടെ പരമാവധി ആയുസ്സ്. എന്നാല്‍ കെ.എസ്.ആര്.ടി.സി.ക്കുവേണ്ടിയാണ് ഇത് ഏഴായി ഉയര്‍ത്തിയത്. പക്ഷേ സ്ഥാപനം നേരിടുന്ന ഗുരുതരപ്രതിസന്ധിയെ തുടര്‍ന്ന് വീണ്ടും ഉപയോഗ കാലാവധി വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനു കത്തില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ വാങ്ങിയ 100 പുതിയ ബസുകളുടെ വിലയില്‍ 18 കോടി അശോക് ലൈലന്ഡ് കമ്പനിക്കു നല്‍കേണ്ടതുണ്ട്. പണം നല്‍കാത്തതിനെതിരേ കമ്പനി കേസ് കൊടുത്തിട്ടുണ്ട്. അതിനാല്‍ പുതിയ ബസുകള്‍ വാങ്ങാനുള്ള സാമ്പത്തികസ്ഥിതിയിലല്ല സ്ഥാപനമെന്നും കത്തില്‍ പറയുന്നു.
415 സൂപ്പര്‍ ഫാസ്റ്റുകളുടെ കാലാവധിയാണ് നവംബറിനും മാര്‍ച്ചിനുമിടയില് അവസാനിക്കുന്നത്. പക്ഷേ ദീര്‍ഘദൂരപാതകളിലെ സൂപ്പര്‍ ഫാസ്റ്റുകള്‍ പിന്‍വലിക്കാനാകില്ല. പെര്‍മിറ്റ് പുതുക്കിയാല്‍ മാത്രമേ അന്തര്‍സംസ്ഥാനപാതകളില്‍ സര്‍വീസുകള്‍ സാധ്യമാകുവെന്നും എം.ഡി വ്യക്തമാക്കി. സൂപ്പര്‍ ക്ലാസ് സര്‍വീസുകളുടെ പ്രധാന ശൃംഖലയാണ് സൂപ്പര്‍ ഫാസ്റ്റുകളുടേത്. സൂപ്പര്‍ ഫാസ്റ്റുകള്‍ ദിവസം 350 മുതല്‍ 500 വരെ കിലോമീറ്റര്‍ പിന്നിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവയെ മികച്ച സാങ്കേതികക്ഷമതയില്‍ നിലനിര്‍ത്താന്‍ വേണ്ടിയാണ് ഉപയോഗപരിധി നിശ്ചയിച്ചിട്ടുള്ളത്.
കാലാവധി കഴിഞ്ഞ ബസുകളെ സിറ്റി ബസുകളായും ലോക്കല്‍ ബസുകളായുമാണ് ഉപയോഗിക്കാറുള്ളത്. ഏഴുവര്‍ഷത്തിലധികം പഴക്കമുള്ള ബസുകള്‍ തുടര്‍ന്നും ദീര്‍ഘദൂരപാതകളില്‍ ഉപയോഗിക്കുന്നതില്‍ സുരക്ഷാഭീതിയുണ്ടെന്നു സാങ്കേതികവിഭാഗം ജീവനക്കാരും ഡ്രൈവര്‍മാരും വ്യക്തമാക്കിയിട്ടുണ്ട്.
















