കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായിരുന്നെങ്കില്‍ ഭാരതവിഭജനം ഉണ്ടാകുമായിരുന്നില്ല എന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം വെള്ളരിക്കാപ്പട്ടണമാണ് കേരളമെന്ന ധാരണയിലാണ്. കേള്‍ക്കുന്നവരൊക്കെ ചെകിടന്മാരായ കമ്മ്യൂണിസ്റ്റുകളെന്നും ധരിച്ചിട്ടുണ്ടാവും. പാര്‍ട്ടി ആദ്യമായി ദേശവിരുദ്ധതയുടെ പരസ്യ നിലപാടെടുത്തത് 1942ല്‍ ആണല്ലോ. മുസ്ലീം ലീഗിന്റെ ഭാരത വിഭജന പ്രമേയത്തെ പിന്തുണച്ചുകൊണ്ട് 1942 സപ്തംബര്‍ 19ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി പ്രമേയം പാസാക്കി. അതിലവര്‍ ഇന്ത്യയെന്നും, പാക്കിസ്ഥാനെന്നും രണ്ടാക്കി വിഭജിച്ചാല്‍ പോര, 16 സ്വതന്ത്രരാജ്യങ്ങളാക്കി വേണം വിഭജിക്കാന്‍ എന്നായിരുന്നു ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന പുസ്തകം സവര്‍ണ കമ്മ്യൂണിസ്റ്റായ ഇഎംഎസ് നമ്പൂതിരിപ്പാട് എഴുതിയത്. അതായത് ഭാരത മാതാവ് തെറ്റാണ്, കേരള മാതാവാണ് ശരി. അവരുടെ പ്രവര്‍ത്തന ഫലമായി അങ്ങനെ ഭാരതം പലതായില്ല. അല്ലായിരുന്നുവെങ്കില്‍ കോടിയേരിക്ക് ഇങ്ങനെ ‘ഇന്ത്യയുടെ ഐക്യം’ പറയാന്‍ ഭാഗ്യം കിട്ടില്ലായിരുന്നു! പാര്‍ട്ടി തുടക്കം മുതലേ ഭാരതവിരുദ്ധരായിരുന്നു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് അവരുടെ ബാലസംഘം. 1938ല്‍ കല്യാശ്ശേരിയില്‍ പി. കൃഷ്ണപിള്ളയുടെ അധ്യക്ഷതയിലാണ് യോഗം കൂടിയത്. അവിടെ വച്ച് കെ.എ. കേരളീയന്റെ നിര്‍ദ്ദേശാനുസരണം ‘ബാല ഭാരതസംഘം’ എന്ന് സംഘത്തിന് പേരിട്ടു. പിന്നീട് കുറച്ചുനാള്‍ കഴിഞ്ഞ് പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തകരുടെ യോഗത്തില്‍ വച്ച് പേരിനെച്ചൊല്ലി ചര്‍ച്ചയും തര്‍ക്കവും നടന്നു. നമ്മള്‍ ദേശീയ വാദികളല്ലല്ലോ. പിന്നെങ്ങനെ ഭാരതം എന്ന് ചേര്‍ക്കും? അത് ശരിയല്ല, ദേശീയതയും ദേശ സ്‌നേഹവും സങ്കുചിതമാണ്. അതുകൊണ്ട് പേര് മാറ്റണം. അങ്ങനെ ‘ബാല ഭാരതസംഘം’ ‘ബാലസംഘ’മായി ചുരുങ്ങി, കുട്ടികളില്‍ ഭാരത വിരുദ്ധത വളര്‍ത്തി. ഈ വിവരം നാട്ടുകാര്‍ക്ക് അറിയില്ല എന്ന തെറ്റിദ്ധാരണയിലാണ് കോടിയേരി, തങ്ങള്‍ ദേശീയ വാദികളാണെന്ന് ആണയിടുന്നത്.
പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയ ബ്രിട്ടീഷുകാര്‍ പാര്‍ട്ടിയെ നിരോധിച്ചിരുന്നു 1934ല്‍. രണ്ടാം ലോകമഹായുദ്ധം നടന്നപ്പോള്‍ ഹിറ്റ്‌ലറുമായി സംഖ്യത്തിലേര്‍പ്പെട്ട സോവിയറ്റ് യൂണിയന്‍ ഫാസിസ്റ്റ്- കമ്മ്യൂണിസ്റ്റ് ഐക്യം സ്ഥാപിച്ചു. പിന്നീട് അവര്‍ തമ്മില്‍ തെറ്റിയപ്പോള്‍ സോവിയറ്റ് യൂണിയനും ബ്രിട്ടനും വേണ്ടി പണിയെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. പക്ഷേ നിരോധനം നിലനില്‍ക്കുന്നതിനാല്‍ സാധ്യമല്ലല്ലോ. പാര്‍ട്ടിക്കുവേണ്ടി എന്‍.എം. ജോഷി ബ്രിട്ടീഷ് സര്‍ക്കാരിന് കത്തെഴുതി. ആ കത്തിന്റെയും മറ്റ് ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ 1942 ജൂലൈ 23 ന് നിരോധനം പിന്‍വലിച്ചു. വൈസ്രോയിയുടെയും ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെയും കാലു പിടിച്ച് നേടിയ പ്രവര്‍ത്തന സ്വാതന്ത്ര്യം അവരെ ബ്രിട്ടീഷുകാരുടെ പാദസേവകരാക്കി. അതുകൊണ്ട് വലിയ നേട്ടവുമുണ്ടായി. 1943 മെയ് 23 മുതല്‍ ജൂണ്‍ ഒന്ന് വരെ ആദ്യ പാര്‍ട്ടി കോണ്‍ഗ്രസ് ബോംബെയില്‍ നടത്താന്‍ കഴിഞ്ഞു. നേതാക്കള്‍ മുഴുവന്‍ സ്വതന്ത്രരായി. സ്വാതന്ത്ര്യ സമര വിരുദ്ധ പ്രചാരണത്തിനും പ്രവര്‍ത്തനത്തിനുമായി ബ്രിട്ടീഷുകാര്‍ നല്‍കിയ വന്‍ തുകകള്‍ ഉപയോഗിച്ച് ബോംബെയില്‍ത്തന്നെ വലിയ ബഹുനില പാര്‍ട്ടി ഓഫീസ് പണിതു. വിലയ്‌ക്കു വാങ്ങിയ വിശാലമായ ഭൂപ്രദേശത്ത് ആദ്യത്തെ കമ്മ്യൂണ്‍ പണിതു. ജയിലില്‍ നിന്ന് പുറത്ത് വന്ന നേതാക്കള്‍ കുടുംബ സഹിതം കമ്മ്യൂണിലെ അന്തേവാസികളായി. ഒന്നിനും ഒരു മുട്ടുമില്ല. ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് പണം മുറയ്‌ക്കു വന്നുകൊണ്ടിരുന്നു. സാമ്രാജ്യത്വത്തിന്റെ പണം കൈപ്പറ്റിയത് വെറുതെ തിന്നു കുടിച്ച് കഴിയാന്‍ മാത്രമല്ലല്ലോ. സ്വാതന്ത്ര്യ സമരത്തിനെതിരായ പ്രചാരണവും പ്രവര്‍ത്തനവും നടത്തുക കൂടി വേണം. ‘നാഷണല്‍ ഫ്രണ്ട്, ന്യൂ ഏജ് തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ വര്‍ണപ്പകിട്ടോടെയാണ് പുറത്ത് വരുന്നത്. പീപ്പിള്‍സ് വാര്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് വേണ്ടിയുള്ള പ്രധാന ജിഹ്വയായി മാറുന്നു. ഇംഗ്ലീഷ്, ഉറുദു, മറാത്തി, ഗുജറാത്തി, തമിഴ്, മലയാളം തുടങ്ങി പ്രവര്‍ത്തകരുള്ളിടത്തെല്ലാം സായിപ്പിന്റെ ചെലവില്‍ സ്വന്തം പ്രസും പത്രവും, ബോംബെയില്‍ ഉഗ്രന്‍ പാര്‍ട്ടി ഓഫീസുയരുന്നു. കോഴിക്കോട്ടും പ്രസിദ്ധീകരണശാല തുടങ്ങുന്നു.’ (കെ.വി. പത്രോസ് കുന്തതക്കാരനും ബലിയാടും – ജി. യദുകുല കുമാര്‍, ഡി.സി.ബുക്‌സ്, 1996, പുറം 62). ഈ സമയത്ത് തന്നെയാണ് ദേശാഭിമാനി പത്രം തുടങ്ങിയതെന്ന കാര്യവും ശ്രദ്ധേയമാണ്. ഇതിനൊക്കെ മുന്നോടിയായി എന്‍.എം. ജോഷി 1942 ഏപ്രില്‍ 23ന് ബ്രിട്ടിഷ് സര്‍ക്കാരിന് കത്തയച്ചിരുന്നു. തങ്ങള്‍ എങ്ങനെയൊക്കെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്തെ സഹായിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിവരിച്ചുകൊണ്ട്. ഒപ്പം യുവ കമ്മ്യൂണിസ്റ്റുകള്‍ പലരും ബ്രിട്ടീഷ് സൈന്യത്തെ സഹായിക്കാന്‍ ഇറ്റലിയിലും വടക്കേ ആഫ്രിക്കയിലും പോയി യുദ്ധം ചെയ്തു. (ഒരു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പ് -കെ.ദാമോദരന്‍, പുറം 28). ഈ ചരിത്രങ്ങളൊക്കെ മറയ്‌ക്കാനാണ് അവര്‍ ഇടയ്‌ക്കിടക്ക് സവര്‍ക്കറാണ് ബ്രിട്ടീഷുകാരുടെ കാല്‍ നക്കിയത് എന്നു പറയുന്നത്; യഥാര്‍ത്ഥത്തില്‍ നക്കിയത് അവരായിരുന്നിട്ടും.
ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി ചാരപ്പണി ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സുഭാഷ് ചന്ദ്ര ബോസിനെ പുലഭ്യം പറഞ്ഞതും ഐഎന്‍എ ഭടന്മാരെ ബ്രിട്ടീഷ് പോലീസിന് പിടിച്ചു നല്‍കാന്‍ തീരുമാനിച്ചതും. കമ്മ്യൂണിസ്റ്റ് നേതാവും രണ്ടു തവണ മന്ത്രിയുമായിരുന്ന കാന്തലോട്ട് കുഞ്ഞമ്പു ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ‘സ്വാതന്ത്യ സമരത്തെ കമ്മ്യൂണിസ്റ്റുകാര്‍ ഒറ്റുകൊടുത്തു’ എന്ന് അദ്ദേഹം പരസ്യമായി കുറ്റസമ്മതം നടത്തി. (1996 ഒക്ടോബര്‍ 29 ചൊവ്വ, മലയാള മനോരമ).
രണ്ടാം ലോക യുദ്ധാനന്തരം സ്വാതന്ത്യം ലഭിക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി രാജ്യമെമ്പാടും പ്രചാരണത്തിനിറങ്ങി. പി.സി. ജോഷിയായിരുന്നു പ്രധാന പ്രസംഗകന്‍. പലയിടത്ത് നിന്നും ജനങ്ങള്‍ ഓടിച്ചു. ബീഹാറില്‍ വച്ച് ജോഷിയെ ജനങ്ങള്‍ ആക്രമിച്ചു. ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മൂര്‍ദ്ദാബാദ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗദര്‍ ഹെ’ തുടങ്ങിയ മുദ്രാവാക്യങ്ങളാലാണ് പലയിടത്തും ജോഷിയെ ജനങ്ങള്‍ എതിരേറ്റത്’. സഖാക്കള്‍ കയ്യേറ്റം ചെയ്യപ്പെടുകയും രാജ്യമെമ്പാടും പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കപ്പെടുകയും ചെയ്തു. പാര്‍ട്ടിപ്പത്രങ്ങള്‍ വിളിച്ചു പറഞ്ഞ് വില്‍ക്കാനോ പരസ്യമായി വില്‍പ്പന നടത്താനോ പറ്റാത്ത ഒരു സാഹചര്യമാണ് ഉണ്ടായിരുന്നത്. അവ പിടിച്ചുപറിക്കുകയോ കത്തിച്ചുകളയുകയോ ചെയ്തു. തമിഴ്‌നാട്ടില്‍ കര്‍ഷക സമ്മേളനം ആക്രമിക്കപ്പെടുകയും പന്തലിന് തീ വയ്‌ക്കുകയും ചെയ്തു. തൊഴിലാളികളെ കുത്തി മുറിവേല്‍പ്പിച്ച് ചെങ്കൊടിക്കു തീ കൊളുത്തുകയും ചെയ്തു.’ (പി.സി.ജോഷി-ഗാര്‍ഗി ചക്രവര്‍ത്തി, പുറം 61). ഇതും കോടിയേരി പാടി നടക്കുന്ന ‘രാജ്യസ്‌നേഹത്തിന്റെ’ വിലയായി കിട്ടിയതാണ്. പക്ഷേ ഉളുപ്പില്ലായ്മ പൈതൃകമായി കിട്ടിയിട്ടുള്ള കമ്മ്യൂണിസ്റ്റുകള്‍ അവരാണ് സ്വാതന്ത്ര്യം വാങ്ങിത്തന്നതെന്നും പറയും. ( കഴിഞ്ഞ ആഗസ്റ്റ് 15 ന് ഡിവൈഎഫ്‌ഐ പരിപാടിയില്‍ കോടിയേരി ബാലകൃഷ്ണന്‍ അങ്ങനെ തന്നെ പറഞ്ഞ് സ്വന്തം പൈതൃകം സംരക്ഷിച്ചു). ഇപ്പോള്‍ പ്രകാശ് കാരാട്ടും ദേശീയ തലത്തില്‍ നുണ വ്യാപാരം നടത്തുന്നുണ്ട്. സ്വാതന്ത്ര്യം കിട്ടിയിട്ടും അവരുടെ രാജ്യദ്രോഹം അവസാനിച്ചില്ല. അങ്ങനെയാണ് അവര്‍ ആഗസ്റ്റ് 15 കരിദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. അത് കൊണ്ടു തന്നെ 1950ല്‍ ഭരണഘടന പ്രഖ്യാപിച്ചപ്പോള്‍ അതിനെയും എതിര്‍ത്തു. ഭരണഘടന നിലവില്‍ വരുന്ന ദിവസം പ്രതിഷേധ ദിനമായി ആചരിക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചു. അതിന്റെ ഭാഗമായാണ് തൃശൂര്‍ ജില്ലയിലെ നാട്ടികയില്‍ ദേശീയ പതാക കത്തിക്കാന്‍ പോയ സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ പോലീസ് മര്‍ദ്ദനത്തില്‍ മരിച്ചത്. പക്ഷേ, പാര്‍ട്ടി നേതാക്കള്‍ ഇടക്കിടക്ക് രാജ്യസ്‌നേഹം, അഖണ്ഡത, സ്വാതന്ത്ര്യ സമരം എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കും. പാവം യുവജനങ്ങള്‍ അത് നേരെന്ന് വിശ്വസിക്കുകയും ചെയ്യും. കിട്ടിയ സ്വാതന്ത്ര്യത്തെ പോലും അംഗീകരിക്കാതെ രാജ്യദ്രോഹികളായി തുടര്‍ന്ന പാര്‍ട്ടിയെ പിന്നീട് ജവഹര്‍ലാല്‍ നെഹ്‌റു നിരോധിച്ചു. 1962 ല്‍ ചൈനാ യുദ്ധസമയത്തും പാര്‍ട്ടി ചാരപ്പണി ചെയ്തതിന്റെ പേരില്‍ നിരോധിക്കപ്പെട്ടു. അവരാണ് പറയുന്നത് പാര്‍ട്ടി രാജ്യത്തെ രക്ഷിച്ച് കളയുമായിരുന്നു എന്ന്. അവര്‍ രക്ഷിച്ചതിന്റെ പ്രതിഫലം കിട്ടിയ മറ്റൊരു സന്ദര്‍ഭവും പറയാം. സ്വാതന്ത്ര്യം കിട്ടിയതിനെ അംഗീകരിക്കാതെ സ്വതന്ത്ര ഭാരതത്തിനോട് യുദ്ധം ചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചു. അതാണല്ലോ കല്‍ക്കട്ട തീസിസ്. അതിന് മുമ്പേ തന്നെ സ്വാതന്ത്ര്യത്തിനെതിരായി രാജ്യമെമ്പാടും പാര്‍ട്ടി പ്രകടനങ്ങള്‍ നടത്തി. സ്വതന്ത്ര ഭാരത സര്‍ക്കാരിനെതിരെയായിരുന്നു പ്രകടനം. അത്തരമൊരു പ്രകടനം ആലപ്പുഴയിലും നടന്നിരുന്നു. ‘അത്തരത്തില്‍ ഒരു പ്രകടനത്തിനിടെ, ബൂര്‍ഷ്വാ സ്വാതന്ത്ര്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചു നീങ്ങിയ ചെറിയ ജാഥയെ റോഡിനിരുവശത്തു നിന്നും പുച്ഛത്തോടെ വീക്ഷിക്കുന്ന ജനങ്ങള്‍ക്കിടയില്‍ നിന്നും പെട്ടെന്നൊരാള്‍ മുന്നോട്ടുവന്ന് മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പിയ സംഭവം വൈദ്യന്‍ അനുസ്മരിക്കാറുണ്ട്.’ (വര്‍ഗീസ് വൈദ്യന്റെ ആത്മകഥ- പുറം 67). ഇത് മറ്റാരും പറഞ്ഞതല്ല, പുന്നപ്ര- വയലാര്‍ സമരനായകനായിരുന്ന സഖാവ് വര്‍ഗീസ് വൈദ്യന്റെ സാക്ഷ്യമാണ്. ഇങ്ങനെ പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഴുവന്‍ ചരിത്രവും പറയേണ്ടി വരും. അത് മുഴുവന്‍ ജനങ്ങള്‍ അറിഞ്ഞാല്‍ മുമ്പ് ആലപ്പുഴയില്‍ ചെയ്തതുപോലെ ജനങ്ങള്‍ കോടിയേരി ബാലകൃഷ്ണന്റെയും പിണറായി വിജയന്റെയും മറ്റു സഖാക്കളുടെയും മുഖത്ത് കാര്‍ക്കിച്ച് തുപ്പും. അതുകൊണ്ട് രാജ്യദ്രോഹം മാത്രം കൈമുതലായിരുന്നവര്‍ രാജ്യരക്ഷയുടെയും അഖണ്ഡതയുടെയും ജനാധിപത്യത്തിന്റെയും കാര്യം പറഞ്ഞ് ജനങ്ങളെ വഞ്ചിക്കാതിരിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണം. ഇത് കമ്മ്യൂണിസ്റ്റുകളോടുള്ള ഒരു പ്രാര്‍ത്ഥനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: