പുരാതന സംസ്കൃത സാഹിത്യത്തില്‍ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് ജമ്മു കശ്മീര്‍. അതില്‍ കൈലാസത്തെക്കുറിച്ചും വര്‍ണ്ണിക്കുന്നു. ഹിമാലയ സാനുക്കളിലെ സുന്ദരിയെന്നാണ് കശ്മീര്‍ വാഴ്ത്തപ്പെട്ടിട്ടുള്ളത്. വേദകാലം മുതല്ക്കേ പുണ്യഭൂമി. സിന്ധു നദീതട സംസ്കാരത്തില്‍ നിന്ന് ഭാഷാപരമായി പരിണമിച്ച സിന്ധ്-ഹിന്ദ്-ഹിന്ദുസ്ഥാന്‍-ഹിന്ദു പദങ്ങളുടെ വ്യവഹാര ഭൂമികയില്‍ ഇന്ത്യന്‍ ദര്‍ശനങ്ങളുടെയും കാവ്യസൃഷ്ടികളുടേയും വൈജ്ഞാനിക സമ്പത്തിന്റെയും ആദ്യസ്പന്ദനങ്ങളുടെ ജന്മഭൂമിയെന്നും കശ്മീരിനെ വിശേഷിപ്പിക്കാം.
പ്രാചീന സംസ്കൃതി
ഹിന്ദുമത ജീവിതശൈലി പിന്തുടര്‍ന്ന കശ്മീരി ജനതയില്‍ പിന്നീട് ബുദ്ധമത ദര്‍ശന സ്വാധീനവും ഉണ്ടായി. എങ്കിലും ശൈവസ്വാധീനം പ്രബലമായിരുന്നു. പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആര്യവംശ കുടിയേറ്റത്തിനും ആയിരക്കണക്കിനു വര്‍ഷം മുമ്പുണ്ടായ യുറേഷ്യന്‍ കുടിയേറ്റത്തിലൂടെ വ്യാപിച്ച ആദിദ്രാവിഡ ശൈവ സംസ്കാരത്തിന്റെ വേരുകള്‍ കശ്മീരില്‍ ഉണ്ടായിരുന്നു.
സംസ്കൃത ഭാഷയിലെ കാശ്മീരത്തില്‍ നിന്ന് ഉത്ഭവിച്ചതാണ് കശ്മീര്‍ എന്ന പദം. നിലമത പുരാണത്തിലെ പരാമര്‍ശം നോക്കിയാല്‍ സരസില്‍ നിന്ന്, ജലാശയത്തില്‍ നിന്ന് രൂപപ്പെട്ടതെന്നും കാണുന്നു. മറ്റൊന്ന് ഹൈന്ദവ ഋഷിയായ കശ്യപനുമായി ബന്ധപ്പെട്ടതാണ്. കശ്യപ ഋഷിഗോത്രം ഇവിടെ വസിച്ചിരുന്നു. കശ്യപമേരുവില്‍ നിന്നുണ്ടായ പദമാണ് കശ്മീര്‍ എന്നും വ്യാഖ്യാനമുണ്ട്. വേറൊന്ന് സംസ്കൃതത്തിലെ ശാരദാദേവിയെ കുറിച്ചുള്ള സ്തുതിയിലാണ്. ശാരദാപീഠം ഇവിടെയായിരുന്നു. കാശ്മീര എന്നും ശാരദാദേവിയെ സ്തുതിച്ചിട്ടുണ്ട്.
ഗ്രീക്ക് രേഖകള്‍
പ്രാചീന ബൈസാന്റ്യത്തിലെ സ്തെഫാനോസിന്റെ ഗ്രീക്ക് രേഖയില്‍ കാസ്പെറിയ എന്നും ചരിത്രകാരന് ഹെറോഡോട്ടസിന്റെ രചനയില്‍ കാസ്പത്യറോസ് എന്നും ടോളമിയുടെ വാക്കുകളില്‍ കാസ്പീരിയ എന്നും കാണുന്നു.
ഇതിഹാസം, പുരാണങ്ങള്‍
മഹാഭാരതത്തിലെ സഭാപര്‍വ്വത്തിലും മത്സ്യപുരാണത്തിലും വായുപുരാണത്തിലും പത്മ പുരാണത്തിലും വിഷ്ണുപുരാണത്തിലും വിഷ്ണുധര്‍മ്മോത്തര പുരാണത്തിലും കശ്മീര്‍ എന്ന പദപ്രയോഗം കാണാം.
പാണിനി
ബി.സി. 5-ാം നൂറ്റാണ്ടിലെ ബുദ്ധമത ഋഷിയും സംസ്കൃത വൈയാകരണനുമായ പാണിനി തന്റെ അഷ്ടാധ്യായം എന്ന കൃതിയില്‍ കശ്മീര്‍ എന്നുതന്നെ വിളിക്കുന്നു. ഈ മേഖലയില്‍ വസിച്ചിരുന്നവരെ കശ്മീരികള്‍ എന്നും അഭിസംബോധന ചെയ്യുന്നു.
ശ്രീ നഗരി
പ്രാചീനകാലത്തും മധ്യകാലത്തും ഹിന്ദു-ബുദ്ധ മതങ്ങളുടെ പ്രബോധന കേന്ദ്രമായിരുന്നു കശ്മീര്‍. മദ്ധ്യമക-യോഗാചാര ശൈലികള്‍ ശൈവ-അദ്വൈത വേദാന്ത ദര്‍ശനവുമായി ബന്ധപ്പെട്ടതാണ്. ബുദ്ധമത മൗര്യ സാമ്രാജ്യ ചക്രവര്‍ത്തി അശോകനാണ് കശ്മീരിന്റെ തലസ്ഥാനമായി ശ്രീനഗരി സ്ഥാപിച്ചത്. ശ്രീനഗരിയാണ് ഇന്നത്തെ ശ്രീനഗര്‍. ബുദ്ധദര്‍ശന ചിന്താധാരയായ സര്‍വ്വസ്തിവാദ മാര്‍ഗ്ഗം കശ്മീരില്‍ ആഴത്തില്‍ വേരൂന്നിയിരുന്നു. പൂര്‍വ്വദേശത്തും മദ്ധ്യേഷ്യന്‍ ദേശത്തുമുണ്ടായിരുന്ന ബുദ്ധസംന്യാസികളുടെ സന്ദര്‍ശന കേന്ദ്രമായിരുന്നു. ബി.സി. 4-ാം നൂറ്റാണ്ടിലെ പ്രസിദ്ധ കുചസന്യാസി കുമാരജീവന് ഇന്ത്യയില്‍ ജനിച്ചവനും കശ്മീരിലെ ബന്ധുദത്തനുകീഴില്‍ ദീര്‍ഘാഗമ-മധ്യാഗമ വിദ്യാഭ്യാസം നേടിയവനുമാണ്.
കാര്‍കോത സാമ്രാജ്യം
എ.ഡി. 7,8,9 നൂറ്റാണ്ടുകളിലെ കാര്‍കോത ഹിന്ദുസാമ്രാജ്യത്തിന്റെ പ്രഭവസ്ഥാനം കശ്മീരാണ്. ഹര്‍ഷ ചക്രവര്‍ത്തിയുടെ കാലത്താണ് ദുര്‍ലഭവര്‍ദ്ധനനു കീഴില്‍ കാര്‍കോത സാമ്രാജ്യം സ്ഥാപിതമായത്. ദക്ഷിണേഷ്യയാകെ വ്യാപിച്ചു പ്രബലമായ കാര്‍കോത സാമ്രാജ്യത്തിന്റെ അധികാര കേന്ദ്രം കശ്മീര്‍ ആയിരുന്നു. എ.ഡി. 855-ല്‍ കശ്മീര്‍ അധിപതിയായിത്തീര്‍ന്ന അവന്തിവര്‍മ്മന്‍ സ്ഥാപിച്ച ഉത്പല രാജവംശത്തോടെയാണ് കാര്‍കോത രാജഭരണം അവസാനിക്കുന്നത്.
ആദി ശങ്കരന്, ശാരദാപീഠം
എ.ഡി. 8-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലോ 9-ാം നൂറ്റാണ്ടിലെ ആദ്യപാദത്തിലോ മലയാളികളുടെ ആത്മീയാചാര്യനായ ശ്രീ ശങ്കരന് കശ്മീരിലെ ശാരദാപീഠത്തിലെത്തി. വിദ്യാസമ്പത്തിന്റെ ദേവത സരസ്വതിയുടെ പേരാണ് ശാരദ. ശാരദാപീഠം ആയിരക്കണത്തിന് വര്‍ഷത്തെ പാരമ്പര്യമുള്ള സര്‍വ്വകലാശാലയായിരുന്നു. മാധവീയ ശങ്കരവിജയം എന്ന കൃതിയില്‍ കാണുന്നത് ശാരദാപീഠം ക്ഷേത്രത്തിനു നാലു ദിക്കുകളില്‍ നിന്നുമെത്തുന്ന പണ്ഡിതര്‍ക്കായി നാലു കവാടങ്ങള്‍ ഉണ്ടായിരുന്നു എന്നാണ്. ഇന്ത്യന്‍ ദര്‍ശനങ്ങള്‍, മീമാംസ, വേദാന്തം തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച സംവാദത്തില്‍ മറ്റെല്ലാ പണ്ഡിതരെയും ഖണ്ഡിച്ച് ശ്രീശങ്കരന് ശാരദാ പീഠം വൈജ്ഞാനിക ക്ഷേത്രത്തിലെ ദക്ഷിണ കവാടം തുറന്ന് ഭാരതീയ ആദ്ധ്യാത്മികതയുടെ നെറുകയില്‍ സ്ഥാനം പിടിച്ചതും കശ്മീരില്‍ വച്ചുതന്നെ. ശ്രീശങ്കരന് സര്‍വ്വജ്ഞ പീഠാനുഭവം സിദ്ധിച്ച ശാരദാപീഠം ഇന്ന് പാക്-അധിനിവേശ കശ്മീരിലാണ്.
അഭിനവ ഗുപ്തന്
ദാര്‍ശനികനും കലയുടെ സൗന്ദര്യശാസ്ത്രകാരനും സംഗീതജ്ഞനും കവിയും നാടകകാരനും ദൈവശാസ്ത്രജ്ഞനുമായ അഭിനവഗുപ്തന് (എ.ഡി. 950-1020) ജനിച്ചതും ഗുരുകുല വിദ്യാഭ്യാസം നേടിയതും മുപ്പത്തഞ്ചോളം കൃതികള്‍ രചിച്ചതും കശ്മീരില്‍ തന്നെ. കാശ്മീരി ശൈവദര്‍ശനത്തിലെ ത്രൈക-കൗള മാര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടെ വൈവിധ്യമേറിയ വൈജ്ഞാനിക ദര്‍ശന ശാഖകളുടെ വിജ്ഞാന കോശമായ തന്ത്രലോകം രചിച്ചതും ഭരതമുനിയുടെ നാട്യശാസ്ത്രത്തെ ആസ്പദമാക്കി രചിച്ച കാവ്യദര്‍ശന കൃതി അഭിനവഭാരതി എഴുതിയതും ഇവിടെത്തന്നെ.
കശ്മീരിലെ ശ്രീനഗറിലുള്ള പ്രദ്യുമ്നഗിരിയില്‍ വച്ച് എഴുതപ്പെട്ടതാണ് മോക്ഷോപായം. രാമായണത്തേക്കാള്‍ ദീര്‍ഘമായ, ഏതാണ്ട് മുപ്പതിനായിരം ശ്ലോകങ്ങളുള്ള ഈ കൃതി മോക്ഷമാര്‍ഗ്ഗ ദര്‍ശനത്തെ പ്രതിപാദിക്കുന്നു. ഈ കൃതിയ്ക്ക് പില്ക്കാലത്ത് ഉപനിഷത്തുക്കള്‍ പോലെ വേര്‍തിരിച്ച് സ്ഫുടീകരിച്ച യോഗവാസിഷ്ഠം എന്ന ഭാഗവുമുണ്ടായി.
കോട്ടാ റാണി
എ.ഡി. 1339-വരെ കശ്മീര്‍ ഭരിച്ചത് കോട്ടാറാണി എന്ന രാജ്ഞിയാണ്. ഇവര്‍ ത്സലം നദിയില്‍ നിന്ന് നിരന്തരം ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെ ഒരു തോട് വെട്ടിത്തിരിച്ച് ശ്രീനഗറിനെ സുരക്ഷിതമാക്കി.
(അടുത്തയാഴ്ച: മുസ്ലിം രാജവംശത്തിന്റെ തുടക്കം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: