ആര്‍ത്തിയുടെ വിരല്‍പ്പാടുകള്‍ പതിയാത്ത അപൂര്‍വം ഭൗമമേഖലകളിലൊന്ന് എന്നതായിരുന്നു ആര്‍ട്ടിക്കിന്റെ കീര്‍ത്തി. അപാരമായ പ്രകൃതിവിഭവങ്ങള്‍ അലയാഴിയുടെ ആഴത്തില്‍ കിടക്കുമ്പോഴും അടര്ത്താനാവാത്ത ഹിമശൈലങ്ങള്‍ പൊതിഞ്ഞുകാത്ത പുണ്യഭൂമി. ആഗോളതാപനത്തിന്റെ കൊടും ചൂടില്‍ മഞ്ഞുമലകള്‍ ഉരുകുമ്പോഴും പൊതുവെ ശാന്തമായിരുന്നു ആര്‍ട്ടിക്. തണുത്ത് മരവിച്ച ആര്‍ട്ടിക് കടലില്‍ തിമിംഗലങ്ങളും പെന്‍ഗ്വിനുകളും സീലുകളുമൊക്കെ അല്ലലില്ലാതെ കഴിഞ്ഞു. കൊടുംമഞ്ഞില്‍ ജീവിതത്തിന്റെ താളം കണ്ടെത്തിയ ഒരു പിടി ജനസമൂഹങ്ങളും ആര്‍ട്ടിക് പ്രകൃതിയുമായി ഇണങ്ങി ജീവിച്ചു.
അങ്ങനെ വരവേയാണ് റഷ്യാ രാജ്യത്തിന് ഒരു ‘വ്യാക്കൂണ്’ തോന്നിയത്. തണുത്ത് മരവിച്ച ആര്‍ട്ടിക് കരയിലെ അന്തേവാസികള്‍ക്ക് മെച്ചപ്പെട്ട ഒരു ജീവിതം നല്‍കണം. സൈബീരിയയിലെ ജനങ്ങള്‍ക്ക് മുടങ്ങാതെ വൈദ്യുതി നല്‍കണം. ആര്‍ട്ടിക് തീരത്ത് പ്രവര്‍ത്തിക്കുന്ന അറുപഴഞ്ചന്‍ ആണവനിലയവും കല്‍ക്കരി താപനിലയവും പൊളിച്ച് ലോകത്തെ കാര്‍ബണ്‍ രഹിതമാക്കണം. അതിനുള്ള ഏക മാര്‍ഗമാണ് കടല്‍പ്പരപ്പിലെ ആണവ റിയാക്ടര്‍. എവിടേക്കും കെട്ടിവലിച്ചുകൊണ്ടുപോകാവുന്ന ഓളപ്പരപ്പിലെ ആണവ ബാര്‍ജ്.
തീരുമാനിച്ചാല്‍ പിന്നെ നടപ്പില്‍ വരുത്തുകയെന്നതാണല്ലോ പുടിന് ഭരണത്തിന്റെ നയം. ആരെതിര്‍ത്താലും അത് നടപ്പാക്കിയിരിക്കും. അങ്ങനെ ലോകത്താദ്യത്തെ ഒഴുകി നടക്കുന്ന ആണവ റിയാക്ടറിന്റെ നിര്‍മാണം സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ ഷിപ്പ്യാര്ഡില് തുടങ്ങി 2006-ല്‍ തുടങ്ങിയ ബാര്‍ജ് 2019-ല്‍ പണി പൂര്‍ത്തിയാക്കി നീറ്റിലിറക്കി. സര്‍ക്കാര്‍ ആണവ കോര്‍പറേഷനായ ‘റോസറ്റം’ നിര്‍മിച്ച ഒരു റിയാക്ടറിന്റെ പേര് ‘അക്കാദമിക് ലൊമണോസോവ്.’ പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന റഷ്യന്‍ ശാസ്ത്രജ്ഞന്റെ ഓര്മ നിലനിര്‍ത്തുന്ന ‘ലൊമണോസോവി’ന് കൈമുതലായുള്ളത് രണ്ട് റിയാക്ടറുകള്‍. രണ്ടും കൂടിച്ചേര്‍ന്ന് 80 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും. നീളം 144 മീറ്റര്‍. പ്രത്യേകം തയ്യാറാക്കിയ കപ്പലുകള്‍ ഈ ആണവ ബാര്‍ജിനെ വലിച്ച് ആര്‍ട്ടിക് തുറമുഖമായ ‘പിവിക്’ല്‍ എത്തിക്കും. മണിക്കൂറില്‍ 5-6 കിലോമീറ്റര്‍ വേഗത്തിലാവും സഞ്ചാരം. അല്ലെങ്കില്‍ മറിഞ്ഞുപോയാലോ?
കൊടുംമഞ്ഞില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ചൂടും വെളിച്ചവും നല്കാനാണത്രെ ഒഴുകുന്ന ഈ ആണവ നിലയം. അന്നാട്ടുകാര്‍ക്ക് കടല്‍വെള്ളം ശുദ്ധീകരിച്ച് കൊടുക്കുകയും ചെയ്യും. എന്നാല്‍ കടലിനടിയിലെ ജൈവ ഇന്ധനങ്ങളും പ്രകൃതി വാതകങ്ങളും ഖനനം ചെയ്യുകയാണ് അണു റിയാക്ടറിന്റെ ലക്ഷ്യമെന്ന് വിമര്‍ശകര്‍ പറയുന്നു. ആര്‍ട്ടിക്കില്‍ മഞ്ഞ് ഉരുകുന്നതുമൂലം പുതുതായി രൂപപ്പെട്ട വടക്ക് കിഴക്കന്‍ കടല്‍ മാര്‍ഗം ഉപയോഗിച്ച് അറ്റ്ലാന്റിക്-പസഫിക് റൂട്ട് തരപ്പെടുത്താന്‍ ഈ കപ്പലിനെ റഷ്യ ഉപയോഗിക്കുമെന്നും പറയപ്പെടുന്നു. കടലിനടിയില്‍ നിന്ന് കൂടുതലായി ഖനനം ചെയ്തെടുക്കുന്ന ജൈവ (ഫോസില്‍) ഇന്ധനങ്ങള്‍ ഭൂഗോളത്തിലെ കാര്‍ബണ്‍ ഉല്‍സര്‍ജനത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കുമെന്നും ആശങ്കയുമുണ്ട്.
അപകട ഭീതിയാണ് മറ്റൊന്ന്. ബാര്‍ജിന് എന്തെങ്കിലും അപകടം സംഭവിക്കുകയോ മുങ്ങുകയോ ചെയ്താല്‍ കടലില്‍ ഭീകരമായ ആണവ മലിനീകരണം സംഭവിക്കും. കോടാനുകോടി ജലജീവികള്‍ ചത്തൊടുങ്ങും. ശാന്തമായ ആര്‍ട്ടിക് മേഖലയിലാകെ അശാന്തി പടരും. ആണവ കപ്പലിന് അപകടം സംഭവിച്ചാല്‍ ആര്‍ട്ടിക് പ്രദേശത്ത് സുരക്ഷാ ഏര്‍പ്പാടുകള്‍ പോലും വിജയിക്കില്ലന്നതാണ് നേര്.
ലഭ്യമായ കണക്കുകള്‍ പ്രകാരം അണുശക്തികൊണ്ട് പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പലുകള്‍ ഇതേവരെ 45 അപകടങ്ങളിലാണ് പെട്ടിട്ടുള്ളത്. അതില്‍പ്പെട്ട് ആകെ മരിച്ചവര്‍ 669 പേര്. അപകടങ്ങളില്‍ 26 എണ്ണവും വരുത്തിവച്ചത് റഷ്യന്‍ കപ്പലുകള്‍. അതില്‍പ്പെട്ട് മരിച്ചവര്‍ 429 പേര്. റഷ്യയുടെ ‘കര്‍സ്ക്’ എന്ന മുങ്ങിക്കപ്പലിന് കരിങ്കടലില്‍ സംഭവിച്ച ദാരുണ അപകടവും 1986 ല്‍, പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന (ഇപ്പോള്‍ റഷ്യ) ചെര്‍ണോബില്‍ അണുറിയാക്ടര്‍ പൊട്ടിത്തെറിച്ച് ആയിരങ്ങള്‍ കൊല്ലപ്പെട്ട സംഭവവും ഈ വര്‍ഷം ആഗസ്റ്റില്‍ അഞ്ച് ശാസ്ത്രജ്ഞന്മാരുടെ മരണത്തിനിടയാക്കിയ ‘ആര്ക്കന് ജെസ്ക്’ സ്ഫോടനവും ആളുകളുടെ മനസ്സില്‍ ഇന്നും ഭീതി പരത്തുന്നു.
അതുകൊണ്ടാണ് ‘ഗ്രീന്‍പീസ്’ തുടങ്ങിയ ആഗോള പരിസ്ഥിതി സംഘടനകള്‍ റഷ്യയുടെ ഈ അതിസാഹസത്തെ സകല വേദികളിലും ശക്തമായി എതിര്‍ക്കുന്നത്. കപ്പല്‍ പണി പൂര്‍ത്തിയായി വരുന്ന 2017-ല്‍ സെന്റ് പീറ്റേഴ്സ് ബര്‍ഗ് ഷിപ്പ്യാര്‍ഡിനു മുന്നിലും ഗ്രീന്‍പീസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. റഷ്യ മുന്നോട്ടുവയ്ക്കുന്ന എല്ലാ അവകാശവാദങ്ങളും ഇതര രാജ്യങ്ങളിലെ ശാസ്ത്രജ്ഞന്മാര് തള്ളിക്കളയുകയാണ്. പരിസ്ഥിതി സൗഹൃദമുള്ള ഇന്ധനമായ അണുശക്തി സൈബീരിയയില്‍ എത്തിക്കുന്നതിലൂടെ കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന റഷ്യന്‍ വാദം ബ്രിട്ടീഷ് കൊളമ്പിയ സര്‍വകലാശാലയിലെ ആഗോള നയരൂപീകരണ വിദഗ്ദ്ധന് എം.വി. രമണയും കൂട്ടരും ശക്തമായി നിഷേധിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഗ്രീന്‍പീസും മറ്റ് പരിസ്ഥിതി സംഘടനകളും ‘അക്കാദമിക് ലൊമണോസോവി’നെ ‘മഞ്ഞുമലയിലെ ചെര്‍ണോബില്‍’, ‘ന്യൂക്ലിയര്‍ ടൈറ്റാനിക്’ തുടങ്ങിയ പേരുകളില്‍ വിളിക്കുന്നത്. അതിനുണ്ടായേക്കാവുന്ന അപകടങ്ങളെ ഭയപ്പെടുന്നത്. ആണവ റിയാക്ടറിന്റെ അപകടകാരികളായ മാലിന്യങ്ങള്‍ കപ്പലില്‍ തന്നെ സൂക്ഷിക്കുന്നതിനെ ആശങ്കയോടെ വീക്ഷിക്കുന്നത്.
എന്തായാലും ‘അക്കാദമിക് ലൊമണോസോവ്’ ആഗോള പരിസ്ഥിതി ചര്‍ച്ചകളിലെ കീറാമുട്ടിയായി മാറിക്കഴിഞ്ഞു. വരുംകാലങ്ങളില്‍ അതങ്ങനെ തുടരുകയും ചെയ്യും. പ്രത്യേകിച്ച് ആവശ്യക്കാര്‍ക്ക് മിതമായ നിരക്കില്‍ ഇത്തരം ഒഴുകുന്ന റിയാക്ടറുകള്‍ നിര്മിച്ചുനല്കാന് റഷ്യ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍. പക്ഷേ, ബഹിരാകാശത്ത് ആണവ ഉപഗ്രഹങ്ങളും അടിക്കടലില്‍ ആണവ അന്തര്‍വാഹിനികളും മനസ്സാക്ഷിയില്ലാതെ പടച്ചിറക്കുന്ന കൊലവെറി പിടിച്ചവര്‍ക്ക് ഇതൊക്കെ ചിന്തിക്കാന്‍ സമയം എവിടെ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: