മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്നവിടത്തെ ഭരണമുന്നണിയായ ബിജെപി- ശിവസേനാ സഖ്യത്തിന്റെ വിജയം എത്ര സമ്പൂര്ണമായിരിക്കുമെന്ന കാര്യത്തിലേ സംശയമുള്ളൂ. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം നല്കുന്ന സന്ദേശം അതുതന്നെ. അവിടത്തെ പഴയ മുടിചൂടാമന്നന്മാരില് ആരും യാതൊരുവിധ പ്രത്യാശയും പ്രകടിപ്പിക്കാതെ നിരാശരായി കഴിയുന്നു. എന്‍സിപി നേതാവ് ശരദ് പവാറിന്റെ വിഹാരരംഗം, തുള്ളിയൊഴിഞ്ഞ കളംപോലെ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ശൂന്യമായിക്കഴിഞ്ഞു. പുറമേ ഈ വയസ്സുകാലത്തുതാന് ഒരു വന്‍ കുംഭകോണ പരമ്പരയുടെ ആദ്യവസാന വേഷക്കാരനായിരുന്നതിന്റെ അന്തര്‍ നാടകങ്ങള്‍ ചുരുളഴിഞ്ഞു വരികയും ചെയ്തു. ഒരുകാലത്തു കോണ്‍ഗ്രസ്സിന്റെ നെടുങ്കോട്ടയായിരുന്ന മഹാരാഷ്ട്ര സംസ്ഥാനം ഇന്നാമഹാപ്രസ്ഥാനത്തിന്റെ അന്ത്യോദക കര്‍മങ്ങള്‍ക്കു വേദിയാകുന്നതിന്റെ സൂചനകളും കണ്ടുവരുന്നു. ശരദ്പവാര്‍ കോണ്‍ഗ്രസ്സ് വിട്ടതുതന്നെ വിദേശ പൗരത്വം ഉപേക്ഷിക്കാതിരുന്ന സോണിയാ ഗാന്ധി കോണ്‍ഗ്രസ്സിന്റെ നേതൃത്വം ഏറ്റെടുത്തപ്പോഴായിരുന്നല്ലോ. 2014 മുതല്‍ ബിജെപി ആയിക്കഴിഞ്ഞു മഹാരാഷ്ട്രയിലെ ഭരണകക്ഷി, അഞ്ചുവര്‍ഷത്തെ ഭരണകാലത്ത് സഖ്യകക്ഷിയായിരുന്ന ശിവസേനയുടെ ഒളിയമ്പുകളെയും കുതികാല്‍വെട്ടുകളെയും പരാജയപ്പെടുത്തിയും അവരുമായുള്ള കൂട്ടുകെട്ടിനെ നിലനിര്‍ത്താന്‍ കഴിയുന്നത്ര വഴങ്ങിയും ബിജെപി കരുത്തുകാട്ടി. അവിടെ ആരുടെ ശാസനമാവും നടക്കുകഎന്നതില് ആര്‍ക്കും സംശയത്തിനിട കൊടുക്കാത്ത നിലപാട് എടുത്തു.
ഈ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി അതിന്റെ പ്രകടന പത്രിക പുറത്തിറക്കിയത് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. അവര്‍ അടുത്ത അഞ്ചുവര്‍ഷം ചെയ്യാനുദ്ദേശിക്കുന്ന സാമ്പത്തിക, സാമൂഹ്യ, വികസന പരിപാടിയുടെ പേരിലായിരുന്നില്ല അത്. മഹാ വിപ്ലവകാരി സ്വാതന്ത്ര്യവീര വിനായക ദാമോദര സാവര്‍ക്കര്‍ക്കും, സാമൂഹ്യ പരിഷ്കര്‍ത്താവ് ജോതിബാഫൂലേയ്ക്കും പത്നി സാവിത്രി ബായിഫൂലേയ്ക്കും ഭാരതരത്ന ബഹുമതി നല്കാന് കേന്ദ്രത്തോടു ശുപാര്‍ശ ചെയ്യാമെന്ന് പത്രികയില്‍ പ്രസ്താവിച്ചതിനെതിരെ സ്ഥിരം മതേതര, ഇടതുപക്ഷ ബുദ്ധിജീവി വിഭാഗത്തിന്റെ അധിക്ഷേപം തുടങ്ങിക്കഴിഞ്ഞു. മഹാത്മാ ഫൂലേ ദമ്പതിമാരുടെ പേരുകളെപ്പറ്റി അവര്‍ക്കാക്ഷേപമില്ല. എന്നാല്‍ വീരസാവര്‍ക്കറുടെ കാര്യം അങ്ങനെയല്ല. രാജ്യത്തിന്റെ സ്വാഭിമാനത്തിനു വേണ്ടി സാവര്‍ക്കര്‍ സഹോദരന്മാരെപ്പോലെ, ധീരതയോടെ പ്രവര്‍ത്തിക്കുകയും യാതനകള്‍ അനുഭവിക്കുകയും ചെയ്ത മറ്റാരെയും നമുക്ക് കാണാന്‍ കഴിയില്ല. അദ്ദേഹം ബാല്യത്തില്‍ ആരംഭിച്ച അഭിനവ ഭാരത് പ്രസ്ഥാനം അതിസാഹസിക കൃത്യങ്ങള്‍ അനുഷ്ഠിച്ച സംഘടനയായി പടര്‍ന്നുപിടിച്ചിരുന്നു. ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ എന്ന ആശയം യുവജനങ്ങള്‍ക്കു മുന്നില്‍ വെയ്ക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആസ്ഥാനമായ ലണ്ടനില്‍ തന്നെ ചെന്ന്, അവിടെ പഠിക്കാനെത്തിയ ഭാരതീയ യുവജനങ്ങളില്‍ സ്വാതന്ത്ര്യവാഞ്ഛ സൃഷ്ടിക്കുക എന്ന കൃത്യം അദ്ദേഹം ചെയ്തു. വിവിധ രാജ്യങ്ങളിലെ വിപ്ലവ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വന്ന നിരവധി യുവാക്കളുമായി ഉറ്റബന്ധം പുലര്‍ത്തി, ആശയവിനിമയത്തിലൂടെ സംവദിച്ചു. 1906 മുതല്‍ 1910 വരെയുള്ള കാലത്ത് ലണ്ടനിലെ ഇന്ത്യാ ഹൗസ് അത്തരക്കാരുടെ മേളന സ്ഥാനമായി. 1857 ലെ ഇന്ത്യന്‍ കലാപം ശിപായി ലഹളയല്ല, ഒന്നാം സ്വാതന്ത്ര്യസമരമായിരുന്നുവെന്ന് സാമ്രാജ്യ തലസ്ഥാനത്തെ ഔദ്യോഗിക രേഖകള്‍ തന്നെ പരിശോധിച്ചു തയ്യാറാക്കി പ്രസിദ്ധീകരിച്ച ഒന്നാം സ്വാതന്ത്ര്യ സമരമെന്ന പുസ്തകം വിപ്ലവകാരികളുടെ വേദപുസ്തകമായി കരുതപ്പെട്ടു. സാമ്രാജ്യഭരണകൂടം അദ്ദേഹത്തെ വിചാരണ ചെയ്ത്. രണ്ടു ജീവപര്യന്തം നാടുകടത്തലിന് വിധിച്ച് ആന്തമാന്‍സിലെ സില്‍വര്‍ ജയിലിലേക്കയച്ചു. 1910 ലായിരുന്നു അത്. സാധാരണ ഇത്തരം ശിക്ഷകള്‍ ഏകകാലത്തനുഭവിപ്പിക്കാറാണ് പതിവ്. എന്നാല്‍ സാവര്‍ക്കര്‍ക്ക് അതുതുടര്‍ച്ചയായി അനുഭവിക്കാനായിരുന്നു വിധി. വിനായക സാവര്‍ക്കര്‍ ആന്തമാന്സിലെത്തുന്നതിനു മുന്‍പുതന്നെ ജ്യേഷ്ഠനും അവിടെയെത്തിയിരുന്നു. ഇരുവരും പരസ്പരം കാണാനോ മിണ്ടാനോ അനുവദിക്കപ്പെടാതെ വര്‍ഷങ്ങള്‍ അവിടെ കഴിയേണ്ടിവന്നു. രാഷ്ട്രീയ തടവുകാരെ ആന്തമാന്സില് പാര്‍പ്പിക്കുന്നത് സര്‍ക്കാര്‍ നിര്ത്തിവെച്ചശേഷമേ അദ്ദേഹം ഭാരതത്തിലെ ജയിലിലേക്കു മാറ്റപ്പെട്ടുള്ളൂ. അവിടെ നാലുവര്‍ഷം ജയിലിലും പിന്നെ പതിമൂന്നുവര്ഷം വീട്ടുതടങ്കലിലുമായി കഴിഞ്ഞു. 1937-ല്‍ മാത്രമാണ് അദ്ദേഹത്തിനു തടവില്‍ നിന്നു പൂര്‍ണ മോചനം ലഭിച്ചത്. ആഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ഡേല കിടന്നതിനൊപ്പം തന്നെ തടവു ജീവിതം വീരസാവര്‍ക്കറും കഴിച്ചുകൂട്ടി. കൈവിലങ്ങ്, കാല്‍വിലങ്ങ്, കൈച്ചങ്ങല, കാല്‍ചങ്ങല, കോല്‍ച്ചങ്ങല തുടങ്ങിയ എണ്ണമറ്റ പീഡന സാമഗ്രികള്‍ക്കു വിധേയനായി അദ്ദേഹം കഴിഞ്ഞു.
ഇക്കാലത്തൊന്നും അദ്ദേഹത്തിന്റെ നിശിതവും പുഷ്കലവുമായ മസ്തിഷ്കം വെറിതെയിരുന്നില്ല. അവിടത്തെ തടവുകാരുടെ ക്ഷേമത്തിനുവേണ്ടി നടത്തപ്പെട്ട ബഹുമുഖ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസത്തിനായുള്ള ക്ലാസ്സുകള്‍, ലൈബ്രറി നിര്‍മാണം, രാഷ്ട്രഭാഷയായി ഹിന്ദിയെ കൊണ്ടുവരുന്നതിനും അത് തടവുകാരെ പഠിപ്പിക്കുന്നതിനുമുള്ള പരിപാടികള്‍. വിപുലമായ സാഹിത്യസൃഷ്ടി, ലഘുകവിതകള്‍ മുതല്‍ മഹാകാവ്യങ്ങള്‍ വരെയും പ്രബന്ധങ്ങളും അദ്ദേഹം എഴുതി. കാവ്യങ്ങളില്‍, ഇംഗ്ലീഷിലെ ബ്ലാങ്ക്വേഴ്സ് എന്ന രീതിപോലത്തെ അഥവാ സംസ്കൃത ചമ്പുക്കളിലെ ഗദ്യംപോലത്തെ ഒരു നൂതന വൃത്താം തന്നെ അദ്ദേഹം ആവിഷ്കരിച്ചു. അതിന് സാഹിത്യത്തില്‍ ‘വൈനായകവൃത്തം’ എന്ന പേരും വന്നു.
ഹിന്ദുതടവുകാര്ക്കിടയിലെ ജാതിവ്യത്യാസങ്ങളും അയിത്തവും ഉച്ചാടനം ചെയ്യാന്‍ സാവര്‍ക്കര്‍ നടത്തിയ മനഃശാസ്ത്രപരമായ പരിശ്രമത്തിന്റെ പ്രായോഗിക നടപടികള്‍ ശ്രദ്ധേയമായിരുന്നു. ജയിലിലെ പഠാന്, സിന്ധി, ബലൂചിസ്ഥാന്‍ തടവുകാരെ വാര്‍ഡര്‍മാരായും ജമേദാരന്മാരായും നിയമിച്ച് ഹിന്ദുതടവുകാരെ പീഡിപ്പിക്കാന്‍ ജയിലര്‍ നടത്തിവന്ന ശ്രമത്തെ പരാജയപ്പെടുത്തി. അതിനിടെ, ഇസ്ലാം മതതത്ത്വങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമം നടത്തിയതെങ്ങനെയെന്നദ്ദേഹം തന്നെ പറയുന്നു. ”ഒരു മുഹമ്മദീയ സുഹൃത്തിന്റെ സഹായത്തോടെ മൂലഭാഷയില്‍ത്തന്നെ, അതു വെളിപ്പെടുത്തപ്പെട്ട ഭാഷയില്‍തന്നെ, പഠിച്ചാലേ അതിന്റെ സൗന്ദര്യവും താല്‍പ്പര്യവും ഉള്‍ക്കൊള്ളാന്‍ കഴിയൂ. കൈകാലുകള്‍ ശുചിയാക്കി മനസ്സ് പാഠത്തില്‍ കേന്ദ്രീകരിച്ച് ഞാന്‍ ഓരോ പേജായി അദ്ദേഹത്തൊടൊപ്പം വായിച്ചു. സുറകള്‍(അധ്യായം) ഓരോന്നായി ഹിന്ദിയിലേക്കു വിവര്‍ത്തനം ചെയ്തു. മൂലവചനങ്ങള്‍ ആവര്‍ത്തിച്ചു.
1937-ല്‍ വിമോചിതനായശേഷം സാവര്‍ക്കര്‍ ഹിന്ദുമഹാസഭയില്‍ പ്രവര്‍ത്തിച്ചു. സംഘസ്ഥാപകന് ഡോക്ടര്‍ ഹെഡ്ഗേവാര്‍ അദ്ദേഹത്തിന്റെ സുഹൃത്തായി. സംഘപ്രവര്‍ത്തനം മഹാരാഷ്ട്രയില്‍ വ്യാപിക്കുന്നതില്‍ സാവര്‍ക്കര്‍ സഹോദരന്മാരുടെ നല്ല സഹകരണം ലഭിച്ചു. അതേസമയം സംഘത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനമായ വ്യക്തിനിര്‍മാണമെന്ന പ്രക്രിയയില്‍ ഒരു വ്യതിയാനവും വരുത്താന്‍ തയാറായതുമില്ല. അതിന്റെ ചൊരുക്ക് വീരസാവര്‍ക്കര്‍ക്ക് അവസാനംവരെ സംഘത്തോടുണ്ടായിരുന്നുവെങ്കിലും പരസ്പര ബഹുമാനത്തിന് ഒരിക്കലും കുറവുണ്ടായില്ല.
1940-ല്‍ എന്‍എസ്എസിന്റെ രജത ജയന്തി ആഘോഷത്തിലെ മുഖ്യാതിഥി അന്ന് ഹിന്ദുമഹാസഭ അധ്യക്ഷനായിരുന്ന വീരസാവര്‍ക്കര്‍ ആയിരുന്നു. അതിന്റെ ഓര്‍മമങ്ങാത്ത പലരേയും 1965 കാലത്ത് ചങ്ങനാശ്ശേരിയില്‍ പ്രചാരകനായിരുന്നപ്പോള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അന്നത്തെ ആവേശോജ്ജ്വലമായ പ്രഭാഷണത്തിന്റെ രേഖയൊന്നും ലഭിച്ചില്ല. സര് സി.പി.രാമസ്വാമി അയ്യര്‍ ദിവാനായിരുന്നപ്പോള്‍, എന്‍എസ്എസിനെ നിയമവിരുദ്ധമാക്കിയ സമയത്ത്, പഴയ കടലാസുകള്‍ എവിടേയ്ക്കോ മാറ്റിയപ്പോള്‍ നഷ്ടപ്പെട്ടിരിക്കാമെന്നാണ് അന്ന് അന്വേഷണത്തില്‍ മനസ്സിലായത്.
ഭാരതം സ്വതന്ത്രമായപ്പോഴും, വീരസാവര്‍ക്കറോട് നീതി കാണിക്കാന്‍ കേന്ദ്ര സര്‍ക്കാരോ ബോംബെ സര്‍ക്കാരോ തയാറായില്ല. 1910-ല്‍ കണ്ടുകെട്ടിയ കുടുംബസ്വത്തുക്കള്‍ തിരിച്ചുകൊടുത്തില്ല. ബോംബെ സര്‍വകലാശാല പിന്‍വലിച്ച ബിരുദം വീണ്ടും നല്‍കിയില്ല. അതിന് അയച്ച കത്തുകള്‍ക്ക് മറുപടി നല്‍കിയില്ല. അതിനിടെ ഗാന്ധിവധക്കേസില്‍ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ ശ്രമം നടന്നു. പക്ഷേ കുറ്റപത്രത്തില്‍ പോലും പേര് ചേര്‍ക്കാന്‍ കഴിയാതെ, കോടതി ആദരപൂര്‍വം വിമുക്തനാക്കി.
1960-ല്‍ സാവര്‍ക്കറുടെ ഇരട്ട ജീവപര്യന്തം ശിക്ഷാകാലം പൂര്‍ത്തിയാകുമായിരുന്ന സമയത്ത്, മഹാരാഷ്ട്രയിലെ ജനങ്ങള്‍ സാവര്‍ക്കര്‍ മൃത്യുഞ്ജയ ദിനം ആഘോഷിച്ചു. അന്ന് അദ്ദേഹത്തിന്റെ സംപൂര്‍ണ വാങ്മയം പ്രസിദ്ധീകരിക്കപ്പെട്ടു. മഹാരാഷ്ട്ര സര്‍ക്കാര്‍ കുടുംബസ്വത്തുക്കളും ബോംബെ സര്‍വകലാശാല ബിരുദവും തിരിച്ചു നല്കി ആദരിച്ചു.
1966 ഫെബ്രുവരി 26 ന് 83-ാം വയസ്സില്‍ മരുന്നുകളോ ആഹാരമോ കഴിക്കുന്നത് നിര്‍ത്തി ”പ്രായോപവേശം” എന്ന മാര്‍ഗത്തിലൂടെ വീരസാവര്‍ക്കര്‍ എന്ന ഭാരതപുത്രന് ദേഹത്യാഗം ചെയ്തു. മതപരമായ മരണാനന്തര ചടങ്ങുകള്‍ ഒന്നും ചെയ്യരുതെന്നും വിലക്കിയിരുന്നു.
ഭാരതചരിത്രത്തെ ആറുഘട്ടങ്ങളായിത്തിരിച്ചുകൊണ്ടുള്ള ബൃഹത്തായ വിശകലന ഗ്രന്ഥമാണ് അവസാനമായി 80-ാം വയസില്‍ അദ്ദേഹം രചിച്ചത്. ഹൈന്ദവ വീക്ഷണത്തിലുള്ള ചരിത്ര വിശകലനമായി അതിനെ കാണാന്‍ കഴിയും. ഭാരത ചരിത്രത്തിലെ ആറുസുവര്ണഘട്ടങ്ങള് എന്ന പേരില്‍ ആ പുസ്തകം മലയാളത്തിലൂം ലഭ്യമാണ്. 26-ാം വയസ്സിലെ ഒന്നാം സ്വാതന്ത്ര്യസമരത്തോടെ ആരംഭിച്ച സാഹിത്യസപര്യയുടെ കൊടിയിറക്കമായിരുന്നു ഇത്.
വീരസാവര്‍ക്കറെ സ്ഥാനത്തും അസ്ഥാനത്തും അധിക്ഷേപിക്കുന്നവര്‍ക്ക് ആ മൃത്യുഞ്ജയനെ ഭാരതരത്നമാക്കുന്നതിനോടും എതിര്‍പ്പുണ്ടാകുന്നതില്‍ വിസ്മയമില്ല. അരയന്നത്തോട് മത്സരിച്ച കാക്കകളുടെ അനുഭവം തന്നെയാണ് അവര്‍ക്കും ഉണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: