മലപ്പുറം: കരുവാരകുണ്ടില്‍ ഒട്ടകത്തെ കശാപ്പ് ചെയ്ത സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കരുവാരകുണ്ടില്‍ തരിശ് പെരുമ്പിലാന്‍ ഷൗക്കത്തലി(52), പെരിന്തല്‍മണ്ണ മേലേതില്‍ ഹമീദ്(40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജസ്ഥാനില്‍നിന്നു കൊണ്ടുവന്ന ഒട്ടകത്തെ കശാപ്പ് ചെയ്ത് മാംസം വില്‍പന നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ 12ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഒട്ടകത്തിന്റെ ഇറച്ചി വില്‍പന വിവാദമായതോടെ രണ്ടാമത് കൊണ്ടുവന്ന ഒട്ടകത്തെ തിരിച്ചുകൊണ്ടുപോയി. പാലക്കാട്ടുള്ള ഏജന്റുമാരാണ് ഒട്ടകത്തെ നാട്ടിലെത്തിക്കാന്‍ സഹായിച്ചത്. രാജസ്ഥാനില്‍നിന്ന് മറ്റു സംസ്ഥാനത്തേക്ക് ഒട്ടകത്തെ കടത്തുന്നതിന് നിരോധനമുള്ളതായി പോലീസ് പറയുന്നു. രാജസ്ഥാനില്‍നിന്ന് പാലക്കാട്ട് എത്തിച്ച ഒട്ടകത്തെ പിന്നീട് ലോറിയില്‍ കരുവാരകുണ്ട് തരിശില്‍ കൊണ്ടുവന്നാണ് കശാപ്പ് ചെയ്തത്. കിലോയ്‌ക്ക് 500 രൂപ നിരക്കിലാണ് 250 കിലോഗ്രാം മാംസം വിറ്റത്. ഇതറിഞ്ഞതോടെയാണ് പോലീസെത്തി രണ്ടു പേരെ അറസ്റ്റ് ചെയ്തത്.
















