ആലപ്പുഴ: ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശം നാളെ. പ്രമുഖരെ അണിനിരത്തിയുള്ള റോഡ്ഷോകളും പൊതുസമ്മേളനങ്ങളുമായി മുന്നണികള്‍ കലാശക്കൊട്ടിനുള്ള തയാറെടുപ്പിലേക്ക്. കനത്ത മഴയിലും മണ്ഡലത്തില്‍ ആവേശം തെല്ലും ചോരുന്നില്ല. പ്രമുഖ നേതാക്കളും മന്ത്രിമാരും ബൂത്തുതലങ്ങളില്‍ പോലും എത്തിയതോടെ തെരഞ്ഞെടുപ്പ് ആവേശം എല്ലായിടത്തും ദൃശ്യമാണ്.
സ്ഥാനാര്‍ത്ഥികള്‍ ഓട്ടപ്രദക്ഷിണത്തിലാണ്. വാഹന പ്രചാരണ ജാഥ മുക്കിലും മൂലയിലും എത്തി സ്വീകരണം ഏറ്റുവാങ്ങിയശേഷം വോട്ടര്‍മാരെ നേരില്‍ കാണാനുള്ള തിടുക്കത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ഏറ്റവും ഒടുവില്‍ പ്രാദേശിക വികസനവും ശബരിമലയും സര്‍ക്കാരിന്റെ ജനവിരുദ്ധതയുമാണ് പ്രധാന പ്രചാരണ വിഷയങ്ങള്‍. കവല പ്രസംഗങ്ങളേക്കാള്‍ കൂടുതല്‍ കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ച് വീടുകള്‍ കയറിയിറങ്ങുകയാണ് മന്ത്രിമാരും നേതാക്കളും. മന്ത്രിമാര്‍ എത്തുമ്പോര്‍ പരാതികളുടെ കെട്ടഴിക്കുകയാണ് നാട്ടുകാര്‍.
എല്ലാ മുന്നണികളുടേയും പ്രമുഖ നേതാക്കള്‍ മണ്ഡലത്തില്‍ പലവട്ടം പര്യടനം നടത്തിക്കഴിഞ്ഞു. എന്‍ഡിഎയ്‌ക്കായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള, മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, തുഷാര്‍ വെള്ളാപ്പള്ളി, പി.സി. തോമസ്, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങി നിരവധി മുതിര്‍ന്ന നേതാക്കള്‍ ഇതിനകം എത്തിക്കഴിഞ്ഞു.
















