ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സവര്‍ക്കറുടെ ആരാധകയും അനുയായിയുമായിരുന്നെന്ന് സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജീത് സവര്‍ക്കര്‍. സൈന്യത്തെ ബലപ്പെടുത്തുകയും ആണവ പരീക്ഷണം നടത്തുകയും ചെയ്തത് ഒരിക്കലും നെഹ്റുവിന്റെയോ ഗാന്ധിയുടേയോ തത്വശാസ്ത്രങ്ങള്‍ക്കനുസരിച്ചായിരുന്നില്ല. അതിനു തെളിവാണ് അവര്‍ പാക്കിസ്ഥാനെ തറപറ്റിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്‌ട്ര ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ എ ഐ എം ഐ എം നേതാവ് അസാദുദ്ദീന്‍ ഒവൈസി രംഗത്തെത്തിയിരുന്നു. മതത്തെ വീടിനുള്ളില്‍ സൂക്ഷിച്ചാല്‍ മതിയെന്നായിരുന്നു സവര്‍ക്കറുടെ നിലപാട്. വീടിനു പുറത്തു കടക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരൊറ്റ വികാരമേ പാടുള്ളു. അത് നമ്മള്‍ ഇന്ത്യക്കാരാണെന്ന ഭാവമാണെന്നും സവര്‍ക്കര്‍ പറഞ്ഞിരുന്നു. സവര്‍ക്കറുടെ ഈ നിലപാട് ഒവൈസിയും പിന്തുടരണമെന്നും രഞ്ജീത് പറഞ്ഞു. ഇത്തരത്തില്‍ സവര്‍ക്കറെക്കാള്‍ മതേതരവാദിയായ ഒരു മനുഷ്യനെ നിങ്ങള്‍ക്ക് കാണാനാകില്ലെന്നും രഞ്ജീത് വ്യക്തമാക്കി.
















