കോന്നി: ഉപതെരഞ്ഞെടുപ്പില്‍ സംഘടനാ സംവിധാനങ്ങള്‍ ശക്തമാക്കി എന്‍ ഡിഎ മുന്നണി. കെ. സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയായതോടെ മികച്ച പ്രകടനം എന്ന സാധ്യത വിജയപ്രതീക്ഷയിലെത്തി. ഇതോടെ മണ്ഡലം മുഴുവന്‍ ബിജെപി യുടെ നേതൃത്വത്തില്‍ ബിഡിജെഎസ്, കേരളാ കോണ്‍ഗ്രസ്സ്, ജനപക്ഷം തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളും പ്രവര്‍ത്തകരും പ്രചാരണ രംഗത്തു സജീവമായി.
സ്ഥാനാര്‍ഥി നിര്‍ണായക ഘട്ടത്തില്‍ ബിഡിജെഎസ് നിലപാടുകളെ തെറ്റിദ്ധരിപ്പിച്ച് വാര്‍ത്തകള്‍ വന്നതോടെ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പളി നേരിട്ടെത്തി പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടു. എസ്എന്‍ഡിപി യോഗത്തിന്റെ സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി രണ്ടുദിവസം കോന്നിയില്‍ ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചതോടെ എന്‍ഡിഎയുടെ പ്രചാരണരംഗം കൊഴുത്തു. കലവറയില്ലാത്ത പിന്തുണയുമായി ബിഡിജെഎസ് കെ. സുരേന്ദ്രന്റെ പിന്നിലണിനിരന്നു.
ബിഡിജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷനായ കെ. പദ്മകുമാര്‍ തന്നെ കോന്നി തെരെഞ്ഞെടുപ്പ് കമ്മിറ്റിയുടെ മുഖ്യ ചുമതല ഏറ്റെടുത്തു. ബൂത്ത്, പഞ്ചായത്ത്, മണ്ഡലം അടിസ്ഥാനത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ബിഡിജെഎസ് വനിതാ പ്രവര്‍ത്തകരുടെ സജീവ സാന്നിധ്യവും ശ്രദ്ധേയമാണ്. കേരള കോണ്‍ഗ്രസ്സ് നേതാവ് പി.സി. തോമസ്, ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് എന്നിവരും പ്രവര്‍ത്തകരോടൊപ്പം വിവിധ ദിവസങ്ങളില്‍ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തി.
‘താമര തരാം-താമരക്കൊരു വോട്ടു തരൂ’ എന്ന തെരെഞ്ഞെടുപ്പ് പ്രചാരണം ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കാമ്പയിനാണ്. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് സഞ്ജീവ് ഗോപാലകൃഷ്ണന്‍ നേരിട്ടാണ് ഈ പരിപാടി മണ്ഡലത്തില്‍ നടത്തുന്നത്. ഇതിനായി യൂത്ത് ഫ്രണ്ട് നേതാക്കള്‍ മുഴുവനായും മണ്ഡലത്തിലെത്തി. തണ്ണിത്തോട്ടില്‍ കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ പി.സി. തോമസ് ആണ് പരിപാടി ഔദോഗികമായി ഉദ്ഘാടനം ചെയ്തത്. ഉദ്‌ഘാടനത്തില്‍ സ്ഥാനാര്‍ഥിയോടൊപ്പം ബിജെപി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനും പങ്കെടുത്തു.
ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഡോ. എ. വി. ആനന്ദരാജ്, ജനപക്ഷം നേതാവ് ഷോണ്‍ ജോര്‍ജ്, ബിഡിജെഎസ് ജില്ലാ സെക്രട്ടറി അഡ്വ. പി.സി. ഹരി, മണ്ഡലം പ്രസിഡന്റ് ജി. സോമനാഥന്‍, എല്‍ജെപി ജില്ലാ പ്രസിഡന്റ് അഭികുമാര്‍ വെണ്‍പാല, പിഎസ്‌പി ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ നായര്‍, ജനപക്ഷം നേതാവ് റജി. കെ. ചെറിയാന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.ഷാജി തോമ്പുമ്പടി, ജെഡിയു ജില്ലാപ്രസിഡന്റ് രാമചന്ദ്രന്‍, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് നേതാവ് സുരേഷ് പട്ടാഴി തുടങ്ങിയ പ്രമുഖ എന്‍ഡിഎ നേതാക്കള്‍ കോന്നിയില്‍ ക്യാമ്പ് ചെയ്തു തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.
















